റിയോ ഡി ജനീറോ: നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാതെ പുറത്ത്. ഗ്രൂപ്പ് ബിയില്‍ ഇന്ന് പുലര്‍ച്ചെ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്പെയിനിനെ തകര്‍ത്താണ് അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. 1998-ലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും തൊട്ടടുത്ത ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാതെ പുറത്തായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഹോളണ്ടിനോട് പരാജയപ്പെട്ട ഓസ്ട്രേലിയയും ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്തായി. ഓസ്ട്രേലിയ ഹോളണ്ടിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൊരുതി വീരചരമമടയുകയായിരുന്നെങ്കില് സ്പെയിനിന്റെ പതനം ഏകപക്ഷീയമായിരുന്നു. സ്പെയിനിനെതിരായ പോരാട്ടത്തില്‍ ചിലിക്കുവേണ്ടി 19-ാം മിനിറ്റില്‍ വര്‍ഗാസും ചാള്‍സ് അരാന്‍ഗ്യുസും ഗോളുകള്‍ നേടി.
മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകളുതിര്‍ത്തതും സ്പെയിന് ആയിരുന്നെങ്കിലും പ്രതിഭാധനനായ ഒരു സ്ട്രൈക്കറുടെ അഭാവം നിഴലിച്ചുനിന്നു. ഹോളണ്ടിനെതിരായ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് സ്പെയിന് ഇന്ന് കളത്തിലിറങ്ങിയത്. പിക്വെക്ക് പകരം മാര്‍ട്ടിനസും പ്ലേ മേക്കര്‍ സാവിക്ക് പകരം പെഡ്രോയെയും കളത്തിലിറക്കിയ കോച്ച് ഡെല്‍ബോസ്കിന്റെ തന്ത്രം വിജയിച്ചില്ല. എതിര് പോസ്റ്റിലേക്ക് 13 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഒരെണ്ണം പോലും വലയിലെത്തിക്കാന്‍ കഴിയാതിരുന്നത് സ്പാനിഷ് സ്ട്രൈക്കര്‍മാരുടെ കഴിവില്ലായ്മയാണ് ചൂണ്ടിക്കാട്ടിയത്. അതേസമയം മത്സരത്തില്‍ 37 ശതമാനം മാത്രം പന്ത് കൈവശം വെച്ച ചിലി എട്ട് ഷോട്ടുകളാണ് ആകെ പായിച്ചത്. ഇതില്‍ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പറന്നത്.
പന്ത് കയ്യില്‍ കിട്ടിയപ്പോഴൊക്കെ എണ്ണയിട്ടയന്ത്രം കണക്കെ അര്‍ട്ടുറോ വിദാലിന്റെയും അലക്സി സാഞ്ചസിന്റെയും വര്‍ഗാസിന്റെയും നേതൃത്വത്തില്‍ സ്പാനിഷ് ഗോള്‍മുഖത്ത് അപകടം വിതക്കാന്‍ ചിലിയന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ചാള്‍സ് അരാന്ഗ്യുസിന്റെ പാസ് സ്വീകരിച്ച് ബോക്സില്‍ നില്‍ക്കുകയായിരുന്ന വര്‍ഗാസ് വലംകാലുകൊണ്ട് തൊടുത്ത മിന്നല്‍ ഷോട്ട് വെടിയുണ്ടകണക്കെ ഇകര്‍ കസിയസ് കാവല്‍ നിന്ന പോസ്റ്റില്‍ പതിച്ചു. പിന്നീട് 43-ാം മിനിറ്റില്‍ അലക്സി സാഞ്ചസ് എടുത്ത ഫ്രീകിക്കിനൊടുവില്‍ റീബൗണ്ട് വന്ന പന്ത് അരാന്‍ഗ്യുസ് നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത് സ്പെയിനായിരുന്നെങ്കിലും ലക്ഷ്യബോധമുള്ള സ്ട്രൈക്കറുടെ അഭാവം അവര്‍ക്ക് തന്നെ തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: