പെരുമ്പാവൂര്‍: സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ നല്കിയ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് പരാതിക്കാരന്റെ മൊഴിയെടുത്തു.വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും ദേശാഭിമാനിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നായിരുന്നു പരാതി. യുവമോര്‍ച്ച കോടനാട് യൂണിറ്റ് പ്രസിഡന്റും എറണാകുളം ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ എം.എം. അജേഷാണ് പരാതിക്കാരന്.
കഴിഞ്ഞ സപ്തംബര്‍ 25ന് ദേശാഭിമാനി പത്രത്തില്‍ വന്ന മുഖലേഖനത്തിനെതിരെയാണ് പരാതി. ലേഖകനായ ആര്.എസ്. ബാബുവാണ് അമ്മയുടെ മോദി ഭക്തി എന്ന തലക്കെട്ടില്‍ ലേഖനം എഴുതിയത്. ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ അനുയായികള്‍ 12000 മുസ്ലിങ്ങളെ വംശഹത്യ ചെയ്തുവെന്നും ഗര്‍ഭിണികളെ ത്രിശൂലം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നും മാതാ അമൃതാനന്ദമയി ദേവിയുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടെണ്ടതാണെന്നുമുള്ള പരാമര്‍ശങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇതേ തുടര്‍ന്ന് അജേഷിന് സഹ പാഠികളില്നിന്നും എതിര്‍പ്പും ഒറ്റപ്പെടുത്തലും നേരിടേണ്ടി വന്നു. അനുയായികള്‍ക്കും മോദിയുടെ സ്വഭാവമുണ്ടാകുമെന്ന് തെറ്റിദ്ധരിച്ചാണ് സഹപാഠികള്‍ ഒറ്റപ്പെടുത്തിയതെന്നാണ് അജേഷ് പറയുന്നത്. ഇതേതുടര്‍ന്ന് പബ്ലിക് റിലേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫിന് നല്കിയ പരാതിയിന്മേലാണ് പെരുമ്പാവൂര്‍ സി.ഐ. മുഹമ്മദ് റിയാസ് അജേഷിന്റെ മൊഴിയെടുത്തത്.
ഇതേ വിഷയം ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷിംഗ് വിഭാഗം തലവന്‍ ഇ.പി. ജയരാജന്, ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി, ലേഖകന്‍ ആര്.എസ്. ബാബു എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ എത്രയുംവേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം.അഭിലാഷ്, പെരുമ്പാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി കെ.ആര്. അരുണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: