സാവോപോളോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റ രണ്ട് കരുത്തന്മാര് ഇന്ന് കൊമ്പുകോര്‍ക്കുന്നു. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഉറുഗ്വെയെ വെല്ലുവിളിക്കാനിറങ്ങുന്നത് ഇറ്റലിയോട് പരാജയപ്പെട്ട വെയ്ന്‍ റൂണിയുടെ ഇംഗ്ലണ്ടാണ്. രാത്രി 12.30നാണ് കിക്കോഫ്. ഉറുഗ്വെയും തങ്ങളുടെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ ആദ്യം മുന്നിട്ടുനിന്നശേഷമാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ കീഴടങ്ങിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഇരുടീമുകള്‍ക്കും നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്.
ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ പ്രതിരോധനിരയില്‍ ഉറുഗ്വെക്ക് മാക്സി പെരേരയുടെ സേവനം ലഭിക്കുകയില്ല. കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ലോകകപ്പിലെ ഹീറോ ഡീഗോ ഫോര്ലാന് തന്റെ പ്രതാപകാലത്തിന്റെ നിഴലിലാണ്. എന്നാല്‍ ഉജ്ജ്വല ഫോമിലുള്ള ലിവര്‍പൂള്‍ താരം ലൂയി സുവാരസിന്റെ അഭാവമാണ് ഉറുഗ്വെയെ വിഷമിപ്പിക്കുന്നത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതാണ് ഉറുഗ്വെക്ക് കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയെങ്കിലും സ്ട്രൈക്കറായ എഡിസണ് കവാനിയും ഫോര്ലാനെ പോലെതന്നെ ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്നാല്‍ ഇന്ന് പരിക്കില്‍ നിന്ന് മോചിതനായ സുവാരസ് ആദ്യ ഇലവനില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം സുവാരസ് പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നു.
അതേസമയം ഇറ്റലിക്കെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണി പരാജയമായിരുന്നെങ്കിലും യുവതാരങ്ങളായ സ്റ്റര്‍ലിംഗും സ്റ്ററിഡ്ജും ഗംഭീര ഫോമിലായിരുന്നു. ഇതുതന്നെയാണ് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം കൂട്ടുന്നതും. ഡാനി വെല്‍ബാക്കും മികച്ച ഫോമിലാണ്.
മുന്നേറ്റനിരയും സ്റ്റീഫന്‍ ജെറാര്‍ഡ് നയിക്കുന്ന മധ്യനിരയും ശക്തമാണ്. മിഡ്ഫീല്ഡിനെക്കുറിച്ച് ഇംഗ്ലണ്ടിന് ആശങ്കപ്പെടേണ്ട കാര്യമേയില്ല. മുന്നേറ്റത്തില്‍ സ്റ്ററിഡ്ജിന്റെയും സ്റ്റര്‍ലിംഗിന്റെയും വേഗമേറിയ നീക്കങ്ങള്‍ റൂണിയുടെ കുറവും കൂടി നികത്താന്‍ പോന്നതാണ്. എന്നാല്‍ പ്രതിരോധം അല്പം ദുര്‍ബലമാണ്. ഗാരി കാഹില്‍, ലെയ്ട്ടണ്‍ ബെയ്ന്‍സ്, ഫില്‍ ജാഗിയേല്‍ക്ക, ഗ്ലെന്‍ ജോണ്സണ് എന്നിവരായിരിക്കും പ്രതിരോധനിരയില്‍ ഇറങ്ങുക. പ്രതിരോധം പൊളിഞ്ഞാലും എതിര് സ്ട്രൈക്കര്‍മാരുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കാന്‍ കഴിവുള്ള ജോ ഹാര്‍ട്ട് എന്ന ഗോളിയുടെ മിടുക്കും കൂടിയാകുമ്പോള്‍ ഇംഗ്ലണ്ട് ടീം സന്തുലിതമാണ്.
















