കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപഹസിക്കുകയും ഭീകരവാദിയായി ചിത്രീകരിക്കുകയും ചെയ്ത കോളജ് മാഗസിനുകള്‍ പ്രസിദ്ധീകരിച്ചവരെ വെള്ളപൂശുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തികരമായി വിശേഷിപ്പിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുന്നത് വിചിത്രമാണ്. പ്രധാനമന്ത്രിയെ അത്തരത്തില്‍ വിശേഷിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ കേസെടുത്ത പോലീസ് നടപടി പരിശോധിക്കുമെന്നും അത് അംഗീകരിക്കുന്നില്ലെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തരംതാണതും തന്റെ പദവിക്കുചേരാത്തതുമാണ്. കോണ്‍ഗ്രസുകാര്‍ക്ക് കുഴലൂത്ത് നടത്താന്‍ തയ്യാറാകാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതാണ് മന്ത്രിയുടെ ഈ നിലപാട് അദ്ദേഹം പറഞ്ഞു.
ഭീകരവാദികളുടെ കയറ്റുമതി കേന്ദ്രവും സ്വൈര്യവിഹാരകേന്ദ്രവുമാണ് കേരളം. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാവുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയെ വികൃതമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടിയെടുത്തവരെ മന്ത്രി തള്ളിപ്പറയുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തില്‍ നിശ്ശബ്ദനാണ്. സര്‍ക്കാരിന്റെ കീഴിലും സഹായത്താലും പ്രവര്‍ത്തിക്കുന്ന ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ ചെയ്ത ഈ തെറ്റിന്റെ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കണം. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളിക്കളയേണ്ട സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. സര്‍ക്കാര്‍ നടപടി എടുക്കാത്തപക്ഷം ഇതിനെതിരെ ജനങ്ങളെ അണിനിരത്തും. അത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
പ്രധാനമന്ത്രി വിമര്‍ശനത്തിനതീതനല്ല. എന്നാല്‍ തെറിവിളി നടത്തുന്നവര്‍ അവരുടെ സംസ്കാര നിലവാരത്തെയാണ് കാണിക്കുന്നത്. പിണറായി വിജയനും എം.വി. ജയരാജനും അടക്കമുള്ള സിപിഎം ‘വിമര്‍ശന സാഹിത്യത്തിന്’ വലിയ സംഭാവന നല്കിയവരാണ്. എന്നാല്‍ ഇത്തരമാളുകളെ ജനം തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: