കോഴിക്കോട്: എബിവിപി മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി ആര്. അശ്വിന് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അശ്വിന്, കൊയിലാണ്ടി നഗര്‍ സമതി അംഗം അമല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്സി/എസ്ടി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുക, പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. എബിവിപി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഡിഡിഇ ഓഫീസിന് മുന്നില്‍വെച്ച് പോലീസ് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ കോലം കത്തിച്ചു. ഇതു തടയാന്‍ ശ്രമിച്ച പോലീസ് എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ചിതറിയോടിയ വിദ്യാര്‍ത്ഥികളെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് കടുത്ത മര്‍ദ്ദനമാണ് വീണ്ടും അഴിച്ചുവിട്ടത്. പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന സംസ്ഥാന ജോയന്റ് സെക്രട്ടറി അശ്വിനു നേരെയും പോലീസ് കയ്യേറ്റം നടന്നു. അശ്വിന് തലക്കും പുറത്തും അടിയേറ്റ പാടുകളുണ്ട്. എബിവിപി കോഴിക്കോട് നഗര്‍ ജോയന്റ് സെക്രട്ടറി ഹരിഗോവിന്ദ്, നഗര്‍ ട്രഷറര്‍ ഇ.കെ. നകുല്‍, ജില്ലാ സമിതിയംഗം സരൂപ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: