കാക്കനാട്: ഓണംകേറാമൂലയായിരുന്ന കളമശ്ശേരി എച്ച്എംടിക്ക് സമീപമുള്ള കാടുപിടിച്ച കുന്നില്‍ സഹകരണ മെഡിക്കല്‍കോളജ് തുടങ്ങി ഇതിന്റെ ബാലാരിഷ്ട്ടതകള്‍ മാറാതിരുന്ന സമയത്താണ് നാലുവര്‍ഷം മുമ്പ് ജോസ് പറപ്പള്ളി പാവപ്പെട്ട രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണവുമായി എത്തിയത്. അന്നവിടെ പാവങ്ങളില്‍ പാവങ്ങളായിരുന്നു ചികിത്സ തേടിയെത്തിയിരുന്നത്. മെഡിക്കല്‍ കോളേജിനെപ്പോലും ചികിത്സിക്കേണ്ട കാലം!
അന്ന് ജോസ് കൊണ്ടുവന്ന ഉച്ചഭക്ഷണം രോഗികളെല്ലാവര്ക്കും തികഞ്ഞില്ല. എല്ലാ രോഗികള്‍ക്കും ഒരുനേരം ഭക്ഷണം നല്‍കണമെന്ന് അന്നെടുത്ത തീരുമാനം ഇന്നും മുറതെറ്റാതെ നടക്കുന്നു. ഇപ്പോഴും രാത്രി എട്ടുമണി കഴിഞ്ഞാല്‍ പിന്നെ ആശുപത്രി പരിസരത്ത് തൊണ്ട നനയ്ക്കാന്‍പോലും വെള്ളം കിട്ടില്ല, ഒരു കട പോലുമില്ല. അതുകൊണ്ടാണ് ആഹാരവും വെള്ളവുമായെത്തുന്ന ജോസ് പറപ്പള്ളിയെ രോഗികള്‍ ദേവദൂതനെപ്പോലെ കാണുന്നത്. രോഗികളുടെ എന്താവശ്യത്തിനും ജോസ് കൂടെയുണ്ടാകും.
സിഡ്കോയില്‍ എജിഎം ആയി റിട്ടയര്‍ ചെയ്ത ജോസ്, തനിക്ക് കിട്ടുന്ന പെന്‍ഷന്‍കൊണ്ട് എല്ലാവര്ക്കും ആഹാരം നല്കാന് കഴിയില്ലെന്ന് കണ്ട് ഇതിനായി സ്പോണ്‍സറെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. തൃക്കാക്കര ലിറ്റില്‍ഫ്ലവര്‍ ചര്‍ച്ചും ഭാരത് മാതാ കോളേജിലെ കുട്ടികളും തയ്യാറായി മുന്നോട്ടുവന്നു.
ഇപ്പോള്‍ എല്ലാ ബുധനാഴ്ചയും രോഗികള്‍ക്കുള്ള വൈകിട്ടത്തെ ഭക്ഷണം ഭാരത് മാതാ കോളജിലെ കുട്ടികളുടെ വകയാണ്. അവര്‍ തന്നെ വന്ന് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഭക്ഷണം നല്കുന്നു. തൃക്കാക്കര മഹാക്ഷേത്രത്തിനു സമീപമുള്ള ജോസിന്റെ വീടിനടുത്ത് വെച്ചാണ് ആഹാരം തയ്യാറാക്കുന്നത്. ഞായറാഴ്ച മാത്രം ഉച്ചയ്ക്കും ബാക്കി ദിവസങ്ങളില്‍ വൈകിട്ടുമാണ് ഭക്ഷണം നല്‍കുന്നത് .
രോഗികളോട് കരുണയുള്ള ആര്‍ക്കും ഭക്ഷണം സ്പോണ്സര് ചെയ്യാം. മുന്‍കൂട്ടി അറിയിക്കണമെന്ന് മാത്രം. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി നല്കാന് മരുന്നും ഇവര്‍ ശേഖരിക്കുന്നു. ഇതിനായി സ്കൂളുകളിലും കോളേജുകളിലും പള്ളികളിലും ഇവര്‍ ബോക്സുകള്‍ വെച്ചിട്ടുണ്ട് . കാലാവധി കഴിയാത്ത അധികം വരുന്ന മരുന്നുകള്‍ ഇത്തരത്തില്‍ ശേഖരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്. കൂടാതെ ചെലവേറിയ രക്തപരിശോധനക്ക് വേണ്ട സഹായവും ചെയ്യുന്നു.
സസ്യാഹാരമാണ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും നല്‍കുന്നത്. ചോറിനോടൊപ്പം സാമ്പാറും തോരനും അച്ചാറും ഉണ്ടാകും. പബ്ലിസിറ്റി ഇഷ്ട്പ്പെടാത്ത ജോസ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി കഴിഞ്ഞവര്‍ഷം ‘കാരുണ്യവര്‍ഷം’ എന്ന പേരില്‍ ഒരു ചാരിറ്റബിള്ട്രസ്റ്റിന് രൂപം നല്കി .
ഒരു രൂപപോലും പ്രതിഫലം ഇച്ഛിക്കാതെ വിശക്കുന്നവന്റെ കണ്ണീരൊപ്പാന്‍ ജോസിനോടൊപ്പം ഇപ്പോള്‍ നൂറുകണക്കിനാളുകളുണ്ട്. സുമനസ്സുകളായ ഇവരുടെ കാരുണ്യത്താല്‍ പാവപ്പെട്ട രോഗികള്‍ക്ക് ഒരു ആശ്രയം, അത്ര മാത്രമേ ജോസ് പറപ്പള്ളി ഉദ്ദേശിക്കുന്നുള്ളൂ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: