കൊച്ചി: സുന്ദരമായ മഴക്കാല മുഹൂര്‍ത്തങ്ങള്‍ നിറയുന്ന 12 ക്യാന്‍വാസുകള്‍, ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ഈ ചിത്രങ്ങളുടെയെല്ലാം പശ്ചാത്തലം ആരേയും മോഹിപ്പിക്കുന്ന മഴതന്നെ. 12 ചിത്രകാരന്മാരുടെ ഭാവനയില്‍ മഴ തികച്ചും വിഭിന്നം. രവിപുരത്തെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്ടിസില് ഒരുക്കിയിരിക്കുന്ന മഴക്കാലം എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തിലാണ് മഴച്ചിത്രങ്ങള്‍ അഴകോടെ നിറയുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും അതേ സമയം ചിത്രകലയോടുള്ള അടങ്ങാത്ത അഭിനിവേശം മനസ്സില്‍ സൂക്ഷിക്കുന്നതുമായ 12 ചിത്രകാരന്മാരുടെ കൂട്ടായ്മയായ പന്തിരുകുലമാണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
മഴ എല്ലായിടത്തും ഒന്നെങ്കിലും നഗരത്തിലും ഗ്രാമത്തിലും വയലിലും പെയ്യുന്ന മഴയുടെ ഭംഗിയിലുള്ള വ്യത്യസ്തതയാണ് ഈ കലാകാരന്മാരുടെ ചിത്രങ്ങളില്‍ തെളിയുന്നത്. നഗരത്തിലെ മഴക്കാഴ്ചയാണ് ചിത്രകാരന് മനോജ് മത്തശ്ശേരില്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. നൈഫ് പെയിന്റിംഗ് ശൈലിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്. മഴയില്‍ പ്രകൃതിയിലെ ഓരോ ജീവജാലത്തിനുമുണ്ടാകുന്ന ഭാവങ്ങളാണ് പച്ചവര്‍ണത്തില്‍ ബാലകൃഷ്ണന് കതിരൂര്‍ വരച്ചിരിക്കുന്നത്. കടലാസുവഞ്ചികളും പച്ചിലച്ചാര്‍ത്തും, മത്സ്യങ്ങളും കുഞ്ഞുബാല്യവും എല്ലാം ഈ ചിത്രത്തില്‍ സൂക്ഷ്മാംശം ചോരാതെ അക്രിലിക് ശൈലിയില്‍ സമന്വയിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍. ചാര്‍ക്കോളും പേനയും ഉപയോഗിച്ച് ടി.എന്‍ സുബോധ്കുമാര്‍ വരച്ചിരിക്കുന്നത് കാറ്റില്‍ ആടിയുലയുന്ന തെങ്ങിന് തലപ്പാണ്. മഴക്കാറ് ഉരുണ്ട് കൂടി മഴയ്ക്ക് മുമ്പ് പ്രകൃതിയിലുണ്ടാകുന്ന മാറ്റമാണ് ഈ ചിത്രത്തില്‍ പ്രകടമായിരിക്കുന്നത്. നഗരത്തില്‍ പെയ്യുന്ന മഴ തന്നെയാണ് പ്രൊഫ സുനില്‍ മുത്തേടത്തിന്റെ ഭാവനയില്‍ വിരിഞ്ഞിരിക്കുന്നതും.
മഴ നനയാതിരിക്കാന്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തൊപ്പിയും മഴ നീര്ത്തുള്ളികളുമാണ് വാട്ടര്‍ കളറും ഓയില്‍ പേസ്റ്റല്സും ഉപയോഗിച്ച് എ.എ. അജിത് കുമാര്‍ വരച്ചിരിക്കുന്നത്. ഗ്ലാസില്‍ പതിച്ച മഴ മുത്തുകളാണ് കസ്റ്റംസ് ഓഫീസര്‍ കൂടിയായ ഷൈജു ആര് തന്റെ ക്യാന്‍വാസില്‍ രചിച്ചിരിക്കുന്നത്. മഴയില്‍ വഞ്ചി തുഴഞ്ഞ് പോകുന്നയാളിന്റേയും ചീനവലയുടേയും സൗന്ദര്യമാണ് ജെയിംസ് പി.ജെയുടെ ചിത്രത്തില്‍. നീലയും കറുപ്പുമാണ് ഈ ചിത്രത്തിന് ചന്തം ചാര്‍ത്തുന്നത്. മഴപെയ്ത് നിറഞ്ഞ പാടവും വെള്ളം തേകുന്ന ചക്രവും കണ്ണേറ് കിട്ടാതിരിക്കുന്നതിനുള്ള കോലവുമാണ് പ്രശസ്ത മ്യൂറല്‍ ചിത്രകാരനായ ശശി കെ. വാര്യരുടെ ചിത്രത്തിലുള്ളത്. ഒരു കുടക്കീഴില് നില്ക്കുന്ന അഞ്ച് സുന്ദരികളുടെ മുഖത്ത് മഴയേറ്റുണ്ടാകുന്ന ഭാവഭേദങ്ങളാണ് രാജന് കടലുണ്ടിയുടെ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
മഴയെ ആശ്ചര്യത്തോടെ വീക്ഷിക്കുന്ന കുട്ടിയും മഴയേല്‍ക്കുമ്പോള്‍ പ്രകൃതിയിലെ ഓരോ പുല്ക്കൊടിയ്ക്കും പക്ഷികള്‍ക്കും വരെയുണ്ടാകുന്ന മാറ്റമാണ് ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നത്. ജോബി രവീന്ദ്രനാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. മഴയും മയിലും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വരച്ചിടുകയാണ് ടി.എന്‍. രാജു തന്റെ ചിത്രത്തില്‍. ഒരു ഡിസൈന്‍ ശൈലിയിലുള്ളതാണ് ഈ ചിത്രം. മഴ പെയ്ത് തോര്‍ന്ന് വീണ്ടും മഴയ്ക്കായുള്ള കാത്തിരിപ്പാണ് സീമോന്‍ ജോസഫിന്റെ ജലഛായ ചിത്രത്തിന്റെ പശ്ചാത്തലം. പച്ചപ്പാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ചിത്രകാരനും വാസ്തുശില്പിയും എഴുത്തുകാരനുമായിരുന്ന എം.വി.ദേവന്റെ ഓര്മ്യക്കുമുന്നിലുള്ള സമര്‍പ്പണമാണ് ഈ മഴച്ചാര്‍ത്തുകള്‍. 2010 ല്‍ രൂപം കൊണ്ട ചിത്രകാരന്മാരുടെ കൂട്ടായ്മയായ പന്തിരുകുലം നടത്തുന്ന പതിനൊന്നാമത് ചിത്രപ്രദര്‍ശനമാണിത്. പ്രദര്‍ശനം 21 ന് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: