ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍ അമേരിക്കന്‍ ക്യാപ്റ്റന്‍ ക്ലിന്റ് ഡെമ്പ്സിയുടെ പേരില്‍. ഇന്നലെ ഗ്രൂപ്പ് ജിയില്‍ ഘാനക്കെതിരെ നടന്ന പോരാട്ടത്തിന്റെ 29-ാം സെക്കന്റില്‍ വല കുലുക്കിയാണ് ഡെമ്പ്സി ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളിന്റെ അവകാശിയായത്. ലോകകപ്പിന്റെ എക്കാലത്തെയും ചരിത്രത്തിലെ അഞ്ചാമത്തെ വേഗതയേറിയ ഗോളുമായി ഇത്.
കിക്കോഫിന് പിന്നാലെ ഇടതുവിംഗില്‍നിന്ന് ബിയേഴ്സ്ലിയും ജോണ്‍സും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ലഭിച്ച പന്തുമായി മുന്നേറിയ ശേഷം ബോക്സില്‍ കടന്ന ഡെമ്പ്സി ഘാനയുടെ ഡിഫന്‍ഡര്‍ ജോണ്‍ ബോയെയെ കബളിപ്പിച്ചശേഷം ഗോള്‍കീപ്പര്‍ ലാര്‍സന്‍ ക്വാരസിയെ കാഴ്‌ച്ചക്കാരനാക്കി ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡും മുന്നേറ്റനിരക്കാരന്‍ സ്വന്തമാക്കി.
മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ഡെമ്പ്സിക്കാണ്. 90 മിനിറ്റും കളിച്ച ഡെമ്പ്സി കൃത്യതയാര്‍ന്ന 30 പാസുകള്‍ നല്‍കുകയും ഗോളിലേക്ക് രണ്ട് ഷോട്ടുകള്‍ പായിക്കുകയും ചെയ്തു.
















