പോര്‍ട്ട് അലെഗ്രെ: നിലവിലെ ലോകചാമ്പ്യന്മാരെ തകര്‍ത്ത് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ മത്സരം അവിസ്മരണീയമാക്കിയ ഡച്ച് പട ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം പോരിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ചിലിയോട് പരാജയപ്പെട്ട ഓസ്ട്രേലിയയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.
ക്യാപ്റ്റന്‍ റോബിന്‍ വാന്‍ പെഴ്സി-ആര്യന്‍ റോബന്‍ സഖ്യത്തില്‍ തന്നെയാണ് ഡച്ച് ടീമിന്റെ പ്രതീക്ഷ മുഴുവന്‍. ആദ്യ മത്സരത്തില്‍ സ്പാനിഷ് ടീമിന്റെ പ്രതിരോധം പിച്ചിച്ചീന്തിയ റോബനും വാന്‍ പെഴ്സിയും ചേര്‍ന്ന് നാല് ഗോളുകളാണ് പങ്കിട്ടത്. ഇവരെ തടഞ്ഞുനിര്‍ത്താന്‍ ഓസ്ട്രേലിയന്‍ പ്രതിരോധത്തിന് എത്രത്തോളം കഴിയും എന്നുമാത്രമാണ് അറിയാനുള്ളത്. എത്ര മികച്ച പ്രതിരോധത്തെയും കീറിമുറിക്കാനുള്ള കഴിവാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പരിക്കിന്റെ യാതൊരു ലക്ഷണവും സ്പെയിനിനെതിരായ മത്സരത്തില്‍ കാണിക്കാതിരുന്ന റോബന്‍ വാന്‍പെഴ്സിയെ പിടിച്ചുകെട്ടാന്‍ ഓസ്ട്രേലിയക്ക് പതിനെട്ടടവും പയറ്റേണ്ടിവരുമെന്ന് ഉറപ്പാണ്. അര്‍ദ്ധാവസരങ്ങള്‍ പോലും വലയിലെത്തിക്കാനുള്ള കഴിവാണ് വാന്‍ പെഴ്സിയെയും റോബനെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഗോള്‍വലയം കാക്കാന്‍ യാസ്പര്‍ ചീല്‍സ്മാനും പ്രതിരോധത്തില്‍ വാലറും ഡി വൃജും മാര്‍ട്ടിന്‍സ് ഇന്‍ഡിയും ഡാരില്‍ യാന്‍മാറ്റും ഇറങ്ങും. മധ്യനിരയില്‍ കളിമെനയാന്‍ വെസ്ലി സ്നൈഡറും ഗുസ്മാനും ഡി ജോംഗും. കഴിഞ്ഞ മത്സരത്തിലെ പോലെ ഇന്നും ഇവര്‍ മികച്ച പ്രകടനം നടത്തിയാല്‍ ഓസ്ട്രേലിയ ഹോളണ്ടിനൊരു എതിരാളിയാവാന്‍ വഴിയില്ല.
അതേസമയം ഓസ്ട്രേലിയയുടെ മുന്നേറ്റങ്ങളൊക്കെയും ടിം കാഹില്‍ എന്ന ക്യാപ്റ്റനെ മാത്രം ആശ്രയിച്ചാണ്. മൂന്ന് ലോകകപ്പുകളില്‍ ഗോളുകള്‍ നേടിയ ഏക ഓസ്ട്രേലിയക്കാരനെന്ന ബഹുമതിക്ക് അര്‍ഹനായ കാഹില്‍ ഇന്നും മുന്നില്‍ നിന്ന് കളിനിയന്ത്രിച്ചാല്‍ ഡച്ച് പ്രതിരോധത്തിന് കുറച്ച് ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. ലോകകപ്പില്‍ ആദ്യമായാണ് ഹോളണ്ടും ഓസ്ട്രേലിയയും മുഖാമുഖം എത്തുന്നത്. ഇതിന് മുമ്പ് മൂന്നുതവണ ഹോളണ്ടുമായി ഏറ്റുമുട്ടിയപ്പോഴും പരാജയം അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഒരെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.
ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട കാമറൂണും ക്രൊയേഷ്യയും ഏറ്റുമുട്ടും. ക്രൊയേഷ്യ ബ്രസീലിനോടും കാമറൂണ്‍ മെക്സിക്കോയുമായാണ് പരാജയപ്പെട്ടിരുന്നത്. അതേസമയം പരിക്കേറ്റ ക്യാപ്റ്റന്‍ സാമുവല്‍ ഏറ്റുവിന്റെ അഭാവത്തിലായിരിക്കും കാമറൂണ്‍ ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുക. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3.30നാണ് മത്സരം.
















