റിയോ ഡി ജെയിനെറോ: സ്പാനിഷ് ചെമ്പടക്ക് ഇനി ലോകകപ്പില്‍ പിടിച്ചുനില്ക്കണമെങ്കില് ഇന്ന് ചിലിക്കെതിരായ മത്സരത്തില്‍ വിജയം അനിവാര്യം. ആദ്യ മത്സരത്തില്‍ ഹോളണ്ടിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ട നിലവിലെ ലോകചാമ്പ്യന്മാര്ക്ക് നോക്കൗട്ട് റൗണ്ട് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വിജയിച്ചേ തീരൂ. രാത്രി 12.30നാണ് പോരാട്ടം. മറിച്ചായാല്‍ 1998-ലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് 2002-ലെ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ പോലും കടക്കാതെ പുറത്തായ അതേ വിധിയായിരിക്കും സ്പെയിനിനെയും കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്പെയിനിന് ഇന്ന് ജീവന്മരണപ്പോരാട്ടമാണ്. 2010-ലെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് പരാജയപ്പെട്ടശേഷമായിരുന്നു സ്പെയിന് കിരീടത്തിലേക്ക് കുതിച്ചത്. ഇത്തവണയും അങ്ങനെയൊരു അത്ഭുതമാണ് സ്പാനിഷ് കാളപ്പോരുകാര്‍ സ്വപ്നം കാണുന്നത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടിറിങ്ങുന്ന ചിലിക്ക് ഇന്ന് സ്പെയിനിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ പ്രീ-ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഇന്ന് വിജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ചിലി ലോകചാമ്പ്യന്മാര്ക്കെതിരെ പടക്കിറങ്ങുക.
കഴിഞ്ഞ ലോകകപ്പില്‍ സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ച ടിക്കി ടാക്ക ശൈലി ഇത്തവണ അമ്പേ പരാജയപ്പെടുന്നതാണ് ഹോളണ്ടിനെതിരായ ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ കണ്ടത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു സ്പെയിന് അഞ്ചെണ്ണം വാങ്ങി ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയത്. മധ്യ-മുന്നേറ്റ നിര ഒത്തൊരുമ പ്രകടിപ്പിക്കാത്തതും ചെമ്പടക്ക് ഈ മത്സരത്തില്‍ തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ നിന്നും ചില മാറ്റങ്ങളുമായിട്ടായിരിക്കും സ്പെയിന് ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഡേവിഡ് സില്‍വക്ക് പകരം പെഡ്രോയെയും പിക്വെക്ക് പകരം മാര്‍ട്ടിനെസിനെയും കോച്ച് ഡെല്‍ബോസ്ക്ക് ആദ്യ ഇലവനില്‍ പരീക്ഷിക്കാനാണ് സാധ്യത. സ്ട്രൈക്കറുടെ റോളില്‍ ഇന്നും ഡീഗോ കോസ്റ്റ ആദ്യ ഇലവനില്‍ ഇടം പിടിക്കും. എന്നാല്‍ അത്ലറ്റികോ മാഡ്രിഡിനുവേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയ കോസ്റ്റക്ക് ആ പ്രകടനം നടത്താന്‍ കഴിയാതെ വന്നതാണ് കഴിഞ്ഞ മത്സരത്തില്‍ സ്പെയിനിന് തിരിച്ചടിയായത്. ഹോളണ്ടിനെതിരായ മത്സരത്തില്‍ ഡീഗോ കോസ്റ്റ തീര്‍ത്തും പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ മാപ്പര്‍ഹിക്കാത്ത പിഴവുകളിലൂടെ അഞ്ച് ഗോള്‍ വഴങ്ങിയ ഇകര്‍ കസിയസ് തന്നെയായിരിക്കും ഇന്നും ഗോള്‍വലക്ക് മുന്നില്‍ കാവല്‍ നില്ക്കുക. വ്യക്തിഗതമായി നോക്കുമ്പോള്‍ സ്പാനിഷ് ടീമിലെ മുഴുവന്‍ പേരും സൂപ്പര്‍ താരങ്ങളാണെങ്കിലും കളിക്കത്തില്‍ ഇവരുടെ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. മധ്യനിരയില്‍ സാവിയും ഇനിയേസ്റ്റയും മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നതുമാത്രമാണ് സ്പാനിഷ് കോച്ച് ഡെല്‍ബോസ്കിന് അല്പമെങ്കിലും ആശ്വസിക്കാനുള്ളത്. എന്നാല്‍ പ്രതിരോധം അവസരത്തിനൊത്തുയര്‍ന്നിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ റോബിന് വാന്‍ പെഴ്സിയും റോബനും സ്നൈഡറും ഉള്‍പ്പെട്ട ഡച്ച് നിരയുടെ ആക്രമണത്തിന് മുന്നില്‍ സ്പാനിഷ് പ്രതിരോധം തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഈ കുറവുകളൊക്കെ പരിഹരിച്ച് കാളക്കൂറ്റന്മാര് ഇന്ന് മാരക്കാന സ്റ്റേഡിയത്തില്‍ ഇറങ്ങിയാല്‍ പോരാട്ടം തീപാറും.
അതേസമയം ഓസ്ട്രേലിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്ത്തുവിട്ടത്തിന്റെ ആത്മവിശ്വാസമാണ് ചിലിയുടെ മുതല്‍ക്കൂട്ട്. ഓസ്ട്രേലിയയെ തകര്‍ത്ത അതേ ടീമിനെ തന്നെയായിരിക്കും ഇന്ന് സ്പെയിനിനെതിരെയും ചിലി അണിനിരത്തുക.
ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് കരുതുപ്പെടുന്ന ചിലിയുടെ സൂപ്പര്‍താരം ബാഴ്സ സ്ട്രൈക്കര്‍ അലക്സി സാഞ്ചസാണ്. ക്യാപ്റ്റനും ഗോളിയുമായ ക്ലോഡിയോ ബ്രാവോ പോസ്റ്റിന് മുന്നില്‍ കാവല്‍ നില്ക്കാനിറങ്ങുമ്പോള് സ്പാനിഷ് മുന്നേറ്റ വിയര്‍ക്കും. സാഞ്ചസിനൊപ്പം എഡ്വേര്‍ഡോ വര്ഗാസായിരിക്കും സ്ട്രൈക്കറായി ആദ്യ മത്സരത്തില്‍ ഇറങ്ങുക. മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ ആര്‍ട്ടുറോ വിദാല്‍, യോര്‍ഗെ വാല്‍ഡിവിയ, ചാള്‍സ് അറാന്ഗ്യൂസ്, മാഴ്സെലോ ഡയസ് എന്നിവരും കളത്തിലിറങ്ങുന്നതോടെ മത്സരം പ്രവചനാതീതമാകും.
എന്നാല്‍ ചിലിക്ക് ഇതുവരെ സ്പെയിനിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടെണ്ണത്തിലും വിജയം സ്പെയിനിനൊപ്പം നിന്നപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാന്‍ കഴിഞ്ഞതുമാത്രമാണ് ചിലിയുടെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: