കൊച്ചി: വാതിലുകള്‍ പിടിപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം മനുഷ്യ ജീവന് നിരത്തുകളില്‍ പൊലിയുന്നതിന് കാരണമാകുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്. നഗരത്തില്‍ ഓടുന്ന ഒട്ടുമിക്ക ബസുകള്‍ക്കും മുന്നിലും പിന്നിലും വാതിലുകളില്ല. അഥവ ഉണ്ടെങ്കില്‍ തന്നെ അത് കെട്ടിവച്ച നിലയിലുമായിരിക്കും. മറ്റ് സ്ഥലങ്ങളില്‍ നിന്നും സിറ്റിയിലേക്ക് വരുന്ന ബസുകളിലും ഇതുതന്നെ സ്ഥിതി. സമയക്രമം പാലിക്കണമെന്നതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ അമിത വേഗതയിലാണ് ഈ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നത്. ഹെല്‍മറ്റ് വേട്ടയും സീറ്റ് ബെല്‍റ്റ് വേട്ടയും നടത്തുന്നവര്‍ ഈ മരണപ്പാച്ചില്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
അമിത വേഗതയും വളവുകളും മറ്റും വീശിയെടുക്കുമ്പോഴുള്ള ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടി വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മൂലം ഉണ്ടായേക്കാവുന്ന സമയനഷ്ടത്തിന്റെ പേരിലാണ് ബസുകളുടെ വാതില്‍ ഊരിവയ്ക്കുന്നത്. സ്വകാര്യ ബസുകളില്‍ മുന്നിലും പിന്നിലും ഡോര്‍ ചെക്കര്‍മാരുണ്ടാകണമെന്ന നിയമവും മിക്ക സ്വകാര്യ ബസുകളും പാലിക്കുന്നുമില്ല. അതേ സമയം രണ്ട് കണ്ടക്ടര്‍മാര്‍ ജീവനക്കാരായുള്ള സ്വകാര്യ ബസുകളും സിറ്റിയില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ബസിന്റെ അമിത വേഗതയെപ്പറ്റി യാത്രക്കാര്‍ തന്നെ പരാതിപ്പെട്ടാലും ബസ് ജീവനക്കാര്‍ കേട്ട ഭാവം നടിക്കാറില്ല. ദീര്‍ഘദൂര ബസുകളുടെ വേഗത കണ്ടാല്‍ പലപ്പോഴും ബസിന്റെ ചക്രങ്ങള്‍ റോഡിലാണോ വായുവിലാണോ എന്ന സംശയമാണ് ഉണ്ടാവുക. ദീര്‍ഘദൂര ബസുകളില്‍ ഭൂരിഭാഗം ബസുകള്‍ക്കും വാതിലുകള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അമിത വേഗത കാരണം ആടിയുലഞ്ഞാവും യാത്ര. ഇത്തരം ബസുകളില്‍ ഡോര്‍ കൂടിയില്ലെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. എന്നാല്‍ വൈകുന്നേരങ്ങളിലും മറ്റും ദീര്‍ഘദൂര ബസാണെങ്കില്‍ കൂടി വാതില്പടിയില് തിങ്ങി നിന്നും യാത്ര ചെയ്യുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം യാത്രയ്ക്ക് തടയിടേണ്ട അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.
സിറ്റി ബസുകള്‍ക്ക് കതകുകള്‍ ഘടിപ്പിക്കേണ്ടെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ബസുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ത്തന്നെ വാതിലുകള്‍ രണ്ടും ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കെത്തുമ്പോള്‍ ബസുകള്‍ക്ക് വാതിലുകല്‍ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ഊരിവയ്ക്കുകയാണ് പതിവ്. ബസുകള്‍ക്ക് വാതില്‍ പിടിപ്പിക്കുന്നത് സംബന്ധിച്ച് നിയമ നിര്‍മാണം നടത്താമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യത്തില്‍ മറ്റ് തീരുമാനമൊന്നും എടുത്തില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് കൊച്ചി നഗരത്തില്‍ രണ്ട് പേരാണ് ഡോര്‍ ഇല്ലാത്ത ബസില്‍ നിന്നും വീണ് മരണമടഞ്ഞത്.
ബസുകളുടെ മരണപാച്ചിലില്‍ ജീവന് നഷ്ടപ്പെട്ടവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം കൂടിക്കൂടി വരുമ്പോഴും നിയമങ്ങള്‍ ഉണ്ടായിട്ടും അത് പാലിക്കാത്തവരെ പിടികൂടാനോ ഒന്നും അധികൃതര്‍ തയ്യാറാവുന്നില്ല. അതേ സമയം കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്ന പോലീസുകാരുള്‍പ്പെടെയുള്ളവര്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ബസുകള്‍ തടയുവാനോ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഒന്നും തയ്യാറാവുന്നുമില്ല.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: