കാക്കനാട്: സണ്‍റൈസ് ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്ക് അഡ്മിറ്റ് ആയിരുന്ന രോഗിയെ ആശുപത്രിയുടെ മുന്പില് മരിച്ചനിലയില്‍ കാണപ്പെട്ടു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ബഹളംവെച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി രംഗം ശാന്തമാക്കി. പൂക്കാട്ടുപടി അമ്പുനാട് മരൊട്ടിക്കല് കൊച്ചുമുഹമ്മദി(58) നെയാണ് ഇന്നലെ രാവിലെ 6 മണി കഴിഞ്ഞ് മരിച്ചനിലയില്‍ കണ്ടത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് വെളുപ്പിനെ ഒരു മണിയോടെയാണ് ഇയാളെ വീട്ടുകാര്‍ കൊണ്ടുവന്നത്. കൂടാതെ ഇയാള്‍ക്ക് ശ്വാസംമുട്ടലും വിമ്മിഷ്ടവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെളുപ്പിനെ ആറുമണിയോടെ ഭാര്യ ആബിദ ഡോക്ട്ടറെ കാണാന്‍ പോയപ്പോഴാണ് ഇയാള്‍ കിടന്ന നാലാം നിലയിലെ ജനലിലൂടെ താഴേക്കു ചാടിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം കൊച്ചുമുഹമ്മദിന് ഇൗ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം നാലുപ്രാവശ്യം ശ്വാസംമുട്ടലായി ഇയാളെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുള്ളതായി മൂത്തമകള്‍ രഹനയുടെ ഭര്‍ത്താവ് പരീത്പിള്ള പറഞ്ഞു.
വേദനയും ശ്വാസം മുട്ടലും സഹിക്കാന്‍ വയ്യാതെ ജനാല വഴി എടുത്തു ചാടിയതാകാമെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ ജനാല വഴി ചാടിയാലും എട്ടടിയോളം വീതിയുള്ള തൊട്ടു താഴത്തെ നിലയുടെ പാരപ്പറ്റ് കടന്ന് എങ്ങിനെ അന്‍പതടിയോളം താഴെ പതിക്കുമെന്നാണ് ഇയാളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം. ഇതേക്കുറിച്ച് ആശുപത്രി അധികൃതരും രോഗിയുടെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായി.
വിവരമറിഞ്ഞെത്തിയ തൃക്കാക്കര നഗരസഭാ ചെയര്മാന് ഷാജി വാഴക്കാല രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൃതദേഹം പോലീസ് സര്‍ജനെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യിക്കാനും മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും തീരുമാനിച്ചു. ഇതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചു ഇയാളുടെ മൂത്ത മകളുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. പോലീസെത്തുംമുന്പേ കൊച്ചുമുഹമ്മദിന്റെ മരണം ആത്മഹത്യയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതാണ് ജനത്തെ പ്രകോപിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ എങ്ങനെ മരണം സംഭവിച്ചെന്നു പറയാന്‍ കഴിയൂ.
മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് പുക്കാട്ടുപടി അമ്പുനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മക്കള്‍: രഹന, രഹ്മത്, രജുല. മരുമക്കള്‍: പരീത്പിള്ള, ഗഫൂര്‍, ഷിഹാബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: