കല്‍പ്പറ്റ: 1997 ല്‍ ഡിപിഇപി യുടെ ഭാഗമായി വയനാട് , കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ അവികസിത, മലയോര, വനപ്രദേശങ്ങളിലെ ആദിവാസി മേഖലയില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി ആരംഭിച്ച ആള്‍റ്റര്‍നേറ്റീവ് സ്ക്കൂളുകള്‍ (ബദല്‍ സ്ക്കൂളുകള്‍) ഇന്ന് അടച്ചുപൂട്ടലിന്റെ വക്കില്‍. വയനാട് ജില്ലയില്‍ മാത്രം ഈ മേഖലയില്‍ 700 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. കേരളത്തില്‍ 350 ബദല്‍ സ്കൂളുകളിലായി 6000 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ ഒന്നാംതരം മുതല്‍ നാലാംതരം വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള പാഠ്യപദ്ധതിയാണ് ഇവര്‍ക്കുമുള്ളത്. എന്നാല്‍ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിക്കാനുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി ബദല്‍ സ്ക്കൂളുകളില്‍ ഇല്ല. ജില്ലയിലെ നാല്‍പ്പത് ബദല്‍ സ്ക്കൂളുകളുടെയും സ്ഥിതി പരിതാപകരമാണ്.
ആരംഭകാലത്ത് ഇവിടുത്തെ അധ്യാപകര്‍ക്ക് ഏകാധ്യാപക വിദ്യാലയ പഠനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ ഋഷിവാലിയില്‍ നിന്നും വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നു. സ്ക്കൂളുകളുടെ പ്രവര്‍ത്തനം തൃപ്തികരമായതിനാല് കൂടുതല്‍ ബദല്‍ സ്ക്കൂളുകള്‍ പിന്നീട് ആരംഭിച്ചു. 1997 – 2014 കാലഘട്ടത്തില്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ നാലാംതരം പൂര്‍ത്തിയാക്കി ഉപരിപഠനം തേടി.
1997-2003 ല്‍ ഡിപിഇപിയുടെ കീഴിലും 2003-2011 ല്‍ എസ്എസ്എ യുടെ കീഴിലുമായിരുന്നു ബദല്‍ സ്ക്കൂളുകള്‍. പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കീഴിലായി. സംസ്ഥാനത്തെ 111 ബദല്‍ സ്കൂളുകള്‍ എല്‍പി സ്ക്കൂളുകളായി മാറ്റുമെന്ന് ക്യാബിനറ്റ് തീരുമാനമുണ്ടായി. എന്നാല്‍ പിന്നീട് ഒന്നുംനടന്നില്ല.
പഠനനിലവാരത്തില്‍ മുന്‍പന്തിയിലാണെങ്കിലും പഠനേതര പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലച്ചിരിക്കുകയാണ്. ഒരു അധ്യാപകന് 12 പാഠപുസ്തകങ്ങള്‍ ഒരുവര്‍ഷം പഠിപ്പിക്കണമെന്ന സ്ഥിതിയാണുള്ളത്. പഠനം എളുപ്പത്തിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന പഠനോപകരണങ്ങളും ഇന്ന് ലഭിക്കുന്നില്ല. മുന്‍പ് നടന്നിരുന്ന ഉല്ലാസയാത്രകള്‍, പഠനയാത്രകള്‍, സര്‍ഗ്ഗസംഗമം എന്നിവയും ഇന്നില്ല. വനാന്തരഗ്രാമങ്ങളില് പ്രവര്‍ത്തിക്കുന്ന ബദല്‍ സ്ക്കൂളുകളിലെ കുട്ടികള്‍ക്കാവട്ടെ ആകെയുള്ള ആശ്രയം ഉച്ചക്കഞ്ഞി മാത്രം. അധ്യാപകര്‍ക്ക് ലഭിച്ചിരുന്ന പരിശീലനവും ഇപ്പോള്‍ ലഭിക്കുന്നില്ല. 17 വര്‍ഷംവരെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം തുച്ഛമായ 3000 രൂപ മാത്രം. പലര്‍ക്കും ഇത് യാത്രാക്കൂലിക്ക് മാത്രമേ തികയാറുള്ളു. വിദ്യാഭ്യാസ അവകാശനിയമത്തെകുറിച്ചും ബാലാവകാശ നിയമത്തെകുറിച്ചും വാതോരാതെ സംസാരിക്കുന്ന സംഘടനകളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗിരിജന ക്ഷേമ വകുപ്പാവട്ടെ ഇവരെ തിരിഞ്ഞുനോക്കുന്നതുപോലുമില്ല.
ബത്തേരി പൊന്‍കുഴി പണിയകോളനിയിലെ ബദല്‍ സ്ക്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ശ്രദ്ധേയമായ തരത്തില്‍ ഉപരിപഠനം നടത്തിവരുന്നു. സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായ ആതിര, അനില, വിഷ്ണു, അഭിജാന്ത്, അഞ്ജന, വിനീത്. അനീഷ്, സിജിത്ത്, നന്ദന, രതീഷ് എന്നിവര്‍ക്ക് പറയാനുള്ളതാവട്ടെ കളിക്കോപ്പുകള്‍ വേണമെന്നും. വന്യജീവികളോട് സമരസപ്പെട്ടുള്ള ഇവരുടെ വിദ്യാലയ ജീവിതത്തിനും വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. ബാലാവകാശ സംരക്ഷണത്തിനാണ് ഇവിടെ മുന്‍തൂക്കം നല്‍കേണ്ടത്. ഗോത്ര വിഭാഗത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ ഇവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൂടാ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: