കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എന്നും വിവാദങ്ങള്‍ക്ക് പൂക്കാലമാണ്. എന്നാല്‍ ഇക്കാലത്തെ വ്യത്യാസം വിവാദങ്ങളുടെ കേന്ദ്രബിന്ദു വൈസ് ചാന്‍സലര്‍ തന്നെയാണെന്നതാണ്. ആരോപണങ്ങളുടെ, അന്വേഷങ്ങളുടെ നടുവിലാണ് വി.സി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിസിയെ പുറത്താക്കാന്‍ കഴിയില്ലെന്ന് പ്രോ.ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് സഭയില്‍ പ്രസ്താവിക്കുകയും ചെയ്തു. സര്‍ക്കാരേതര ഏജന്‍സികളില്‍ നിന്നും നിരവധി പുരസ്കാരങ്ങള്‍ വൈസ്ചാന്സലര്ക്ക്ലഭിച്ചുകൊണ്ടിരിക്കുന്നു.അന്താരാഷ്ട്ര തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ഉയര്‍ത്തും എന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ വൈസ്ചാന്‍സലര്‍ ക്യാമ്പസിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി നിരന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയിലെത്തി നില്ക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന് അവാര്‍ഡ് നല്കാന് ഒരുമ്പെട്ടിറങ്ങിയ വിസിക്ക്, ക്യാമ്പസിലെ ജൈവവൈവിധ്യത്തെ നശിപ്പിച്ചതിനുള്ള വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. വിമര്‍ശനം ന്യായവുമാണ്. ക്യാമ്പസ് സമൂഹത്തിന്റെ വിശ്വാസ്യത നേടാനോ, അവരെ സംയോജിപ്പിച്ചുകൊണ്ട് സര്‍വ്വകലാശാല നടത്തിക്കൊണ്ടുപോകാനോ ആരോഗ്യകരമായ അക്കാദമിക അന്തരീക്ഷം സംജാതമാക്കാനോ വിസിയ്ക്കു കഴിയില്ലെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ചില സ്ഥാപിതതാല്പര്യക്കാരും കച്ചവടക്കാരും അടങ്ങുന്ന കോക്കസ്സിന്റെ അഭിപ്രായം മാത്രം കേട്ടുകൊണ്ടുള്ള ഭരണമാണ് ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ ഉള്ളത്.
2011 ല്‍ വൈസ് ചാന്‍സലറായി അധികാരം ഏറ്റെടുത്ത ഡോ. അബ്ദുള്‍ സലാം, അതുവരെ ക്യാമ്പസിന്റെ നിയന്ത്രണം സ്വയം നിര്‍വഹിച്ചു പോന്ന കാലിക്കറ്റ് എംപ്ലോയീസ് യൂണിയന്റെ ഇടതുകാര്ക്കശ്യം തകര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുകയും ഒരു പരിധിവരെ അതില്‍ വിജയിക്കുകയും ചെയ്തു. അതോടൊപ്പം ജനാധിപത്യ ഇടങ്ങളെയും അന്തരീക്ഷത്തെയും തകര്‍ക്കാനുള്ള ശ്രമം തിരിച്ചടിയായി. അത് സംയുക്ത സമരസമിതി രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് പഞ്ചിംഗ് സിസ്റ്റം കൊണ്ടുവന്ന വിസി, ഗവേഷകര്ക്കുമേലും ഈ സമ്പ്രദായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. അത് വന്സമരപരമ്പരയ്ക്ക് തന്നെ കാരണമായി. പ്രശ്നം കോടതിയിലുമെത്തി. വ്യത്യസ്ത രാഷ്ട്രീയാഭിമുഖ്യമുള്ളവരും അല്ലാത്തവരുമായ ഗവേഷകരില്‍ ഇടതുപക്ഷ ചായ്വുള്ള എകെആര്‍എസ് എന്ന ഗവേഷകസംഘടന ഇതിനെതിരെ സമരത്തിലുമായി.
പഞ്ചിംഗ് മെഷീന് വരുന്നതിനു മുന്‍പുതന്നെ ദിവസവും 9.30 മുതല്‍ 4.30 വരെ ഗവേഷകര്‍ അതത് ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടായിരിക്കണമെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഉത്തരവ് നല്‍കിയിരുന്നു. അഞ്ച് വര്‍ഷം പൂര്‍ണ്ണസമയ ഗവേഷണത്തിന് വിനിയോഗിക്കാമെന്ന് കരാര്‍ ഒപ്പിട്ടാണ് ഗവേഷണം ആരംഭിക്കുന്നതുതന്നെ. ഇക്കാര്യം ചൂണ്ടിക്കാട്ടി, പിവിസിയുടെ സര്‍ക്കുലറിലെ അനൗചിത്യം വെളിവാക്കിയെങ്കിലും അത് ഗവേഷകരുടെ കെടുകാര്യസ്ഥതയായി വിസിയുംകൂട്ടരും വ്യാഖ്യാനിച്ചു. അതുവരെ 10 മുല് 5 വരെ സമയം ക്ലിപ്തപ്പെടുത്തിയിരുന്നുവെങ്കിലും, ഗവേഷകകാലാവധി അഞ്ച് വര്‍ഷം മുഴുവനുമാണ് എന്ന നിലപാടിലാണ് ക്യാമ്പസ് സമൂഹം. അതാണ് യാഥാര്‍ത്ഥ്യവും. ഗവേഷണ പരിചയം ഒട്ടുമില്ലാത്ത പിവിസിയുടെ ‘അഭിപ്രായ’ത്തെ പഞ്ചിംഗ് മെഷീന് ഉപയോഗിച്ച് ഫലവത്താക്കാനുള്ള ശ്രമമാണ് വിസിയുടെ ഭാഗത്തുനിന്നുണ്ടായത്. ഗവേഷകരുമായി നാളിതുവരെ ഇത്തരം പ്രശ്നങ്ങളിന്മേല് ഒരുചര്‍ച്ചയും നടത്തിയിട്ടില്ലാത്ത വിസി, ഗവേഷകസമൂഹത്തിനെതിരെ യുദ്ധമാരംഭിച്ചു. മിക്ക ഡിപ്പാര്‍ട്ടുമെന്റുകളിലും ഗവേഷകര്‍ക്ക് ഇരിക്കാന്‍ കൂടി സ്ഥലമില്ല. സില്‍ബന്ദികളായ ചുരുക്കം ചില ഗവേഷകര്‍ക്കും ചില അദ്ധ്യാപകര്‍ക്കും ‘മികച്ചസൗകര്യം’ ഏര്‍പ്പെടുത്തിയ വിസി സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന ആരോപണത്തിനും വിധേയനായി.
ഗവേഷണാവശ്യത്തിനുള്ള ഫെലോഷിപ്പ് വര്‍ദ്ധന, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ എന്നിവക്കുവേണ്ടിയുള്ള മുറവിളി വിസി ശ്രദ്ധിച്ചതായി കാണുന്നില്ല. അതിനിടെ സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷകര്‍ക്ക് പ്രതിമാസം 8000 രൂപ ഫെലോഷിപ്പ് നല്‍കുന്നുണ്ടെന്ന് മുസ്ലിംലീഗുകാരനായ സെനറ്റ് അംഗത്തിന്റെ ചോദ്യത്തിന് സര്‍വ്വകലാശാല മറുപടി നല്‍കിയെന്ന വാര്‍ത്ത ഒരു പ്രമുഖ പത്രത്തില്‍ വന്നിരുന്നു. 4000-6000 നിരക്കില്‍ മൂന്നു വര്‍ഷമാണ് സര്‍വ്വകലാശാല ഫെലോഷിപ്പ് അനുവദിച്ചത്; ഗവേഷണകാലാവധിയാകട്ടെ അഞ്ചുവര്‍ഷവും!! ബാക്കി രണ്ട് വര്‍ഷം പട്ടിണിയും പരിവട്ടവുമായി പഠനം പൂര്‍ത്തിയാക്കുന്ന ഗവേഷകരെ വൈസ്ചാന്‍സലര്‍ ഇതുവരെ കണ്ടഭാവം നടിച്ചിട്ടില്ല.യൂണിവേഴ്സിറ്റി ഫെലോഷിപ്പ് അഞ്ചുവര്‍ഷമായി നിജപ്പെടുത്തണമെന്ന അപേക്ഷകള്‍ നിരവധി ഉണ്ടായത്രെ. എന്നാല്‍ ഫലം നാസ്തി! ഗവേഷകരുടെ ന്യായവും യുക്തിസഹവുമായ ആവശ്യം അക്കാദമീഷ്യനായ വിസി ചെവിക്കൊണ്ടില്ല.
2008 വര്‍ഷം വരെ ഗവേഷണം ആരംഭിക്കുകയും എന്നാല്‍ പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഗവേഷകരുടെ പക്കല്‍ നിന്നും ഫെലോഷിപ്പ് തുക പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനം ഇതിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ താന്‍ ഭരിക്കുന്ന ക്യാമ്പസ് ആരോഗ്യകരമായ ഗവേഷണത്തിന് അനുയോജ്യമാണോ എന്ന ചിന്ത വിസിയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഗവേഷകര്‍ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവും സാമൂഹ്യവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ എന്തെന്ന് മനസിലാക്കി അത് പരിഹരിക്കാന്‍ അവരെ സഹായിക്കുന്ന ~ഒരു വിസിയെയാണ് ക്യാമ്പസ് സമൂഹം ആഗ്രഹിക്കുന്നത്. ഗവേഷണം പൂര്‍ത്തിയാക്കാത്തവരെ ബന്ധപ്പെട്ട്, അവരുടെ ഗവേഷണ പൂര്‍ത്തീകരണത്തിന് അനുഭാവപൂര്‍വ്വം നിശ്ചിതസമയപരിധി നല്കി പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു വിസിക്ക് ഉണ്ടാവേണ്ടിയിരുന്നത്. യുജിസി മാനദണ്ഡമനസുരിച്ച് 55% മാര്‍ക്ക് പിജിക്ക് ലഭിച്ചവര്‍ക്ക് മാത്രമേ ഗവേഷണത്തിന് യോഗ്യതയുള്ളൂ. ഇക്കാര്യം അവഗണിച്ച് 50% മാര്‍ക്ക് ഗവേഷണ യോഗ്യതയായി നിശ്ചയിച്ച വിസിയുടെ നടപടി ഇതുവരെ ചോദ്യംചെയ്യപ്പെട്ടിട്ടില്ല. അവനവന്റെ കണ്ണിലെ ‘കൊമ്പ് കളഞ്ഞിട്ടു വേണം ആരാന്റെ കണ്ണിലെ കരടിനെക്കുറിച്ച് പറയാന്‍’ എന്ന പഴമൊഴി വിസിക്കും ബാധകമാണല്ലോ.
തീസിസ് സമര്‍പ്പണത്തിന് നല്‍കേണ്ട ഫീസ് വിസി കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അംഗീകൃതജേര്ണലില് പ്രസിദ്ധം ചെയ്ത ഗവേഷണലേഖനം സംബന്ധിച്ച് വിസി പുറപ്പെടുവിച്ച ഉത്തരവ് ഗവേഷകര്‍ക്ക് ഇരുട്ടടിയായിമാറിയിരിക്കുന്നു. നിലവിലെ ചട്ടമനുസരിച്ച് പ്രീ റിവ്യൂഡ് ജേര്‍ണലിലെ ലേഖനമാണ് ഗവേഷണസമയത്ത് വിദ്യാര്‍ത്ഥി പ്രസിദ്ധപ്പെടുത്തേണ്ടത്. അത്തരം ജേണലുകള്‍ ഏതെന്ന് അറിയിക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ ആണ്.
സര്‍വ്വകലാശാലയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണലുകള്‍ അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവ മതിയാകില്ല എന്നും അതും ഓണ്‍ലൈന്റെ സൗകര്യമുള്ള ജേര്‍ണലുകളില്‍ ആവണം പ്രബന്ധങ്ങള്‍ വേണ്ടത് എന്ന നിലപാട്, പ്രബന്ധസമര്‍പ്പണത്തിന് എത്തിയ ഗവേഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ജേര്‍ണലില്‍ അത്ര പെട്ടെന്ന് ലേഖനം പ്രസിദ്ധപ്പെടുത്താനുള്ള പൊടിവിദ്യഇതുവരെ കണ്ടുപിടിച്ചിട്ടില്ല!!
ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ശൈലാസ് പറയുന്നത് ഗൂഗിളില്‍ പരതിയാല്‍ ലഭിക്കുന്ന ജേര്‍ണലുകളില്‍ ലേഖനം പ്രസിദ്ധംചെയ്യാം എന്നാണ്. ചക്കിക്കൊത്ത ചങ്കരന് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ശൈലാസ് -സലാം സഖ്യം തകര്‍ക്കുന്നത് ഒട്ടേറെ ഗവേഷകരുടെ സ്വപ്നവും ഭാവിയുമാണ്.
മാനവികവിഷയങ്ങളില്‍ ഉണ്ടാവുന്ന തീമുകളെ ചവറുകളോടാണ് വിസി ഉപമിച്ചിരിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിസിയുടെ മാനവികതയില്ലായ്മയാണ് ഇതു കാണിക്കുന്നത്. നിലവില്‍ പത്തിനും പതിനഞ്ചിനും ഇടയില്‍ വരുന്ന ജോര്ണലുകള് സര്‍വ്വകലാശാല പ്രസിദ്ധംചെയ്യുന്നു. അവയെല്ലാം വിസിയുടെ കണ്ണില്പ്പെട്ടിട്ടില്ല. പ്രൊഫ.സുകുമാര്‍ അഴീക്കോട് മുതലുള്ള ഒട്ടേറെ പ്രതിഭകള്‍ എഡിറ്റര്‍മാരായിരുന്ന ഇത്തരം ജേര്‍ണലുകള്‍ തള്ളിക്കളഞ്ഞ പശ്ചാത്തലത്തില്‍ ചില സുപ്രധാന ചോദ്യങ്ങള്‍ ഉയരുന്നു
1) നിലവിലുള്ള 14 ഓളം ജേര്‍ണലുകളെ അന്താരാഷ്ടതലത്തില്‍ ഉയര്‍ത്തുകയല്ലേ വേണ്ടത്? അതല്ലേ ശരിയായ വികസന പ്രവര്‍ത്തനം?
2) സര്‍വ്വകലാശാല ഡിജിറ്റല്‍ സര്‍വ്വകലാശാലയാക്കി മാറ്റാന്‍ ശ്രമിക്കുന്ന വിസി ഊര്‍ജത്തിന്റെ ലഭ്യതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
3) സര്‍വ്വകലാശാലയിലെ ജേര്‍ണലുകള്‍ക്ക് ഓണ്‍ലൈന്‍ പതിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്?
4) ഗവേഷകര്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികള്‍, സെമിനാറുകള്‍ എന്നിവ എത്രയെണ്ണം (വിസി നേരിട്ട്) നടത്തി?
5) 2013 ലെ പിഎച്ച് ഡി റഗുലേഷനുകള്‍ എങ്ങനെയാണ് അതിനുമുമ്പ് ഗവേഷണം അനുവദിച്ചവര്‍ക്ക് ബാധകമാവുക?
6) യുജിസി, ജെആര്‍എഫ്, ആര്‍ജിഎന്‍എഫ്, ഇ-ഗ്രാന്റ് മൗലാനാ ഫെലോഷിപ്പ് എന്നിവയുടെ കാലാവധി അഞ്ച് വര്‍ഷം ആണെന്നിരിക്കെ യൂണിവേഴ്സിറ്റി ഫെലോഷിപ്പ് മൂന്ന് വര്‍ഷമാക്കിയതിന്റെ സാംഗത്യമെന്ത്? സമത്വം എന്ന അടിസ്ഥാനാവകാശത്തിനുള്ള ലംഘനമല്ലേ ഇത്?
7) നിലവിലുള്ള ജേര്‍ണലുകള്‍ അതത് വകുപ്പുകളിലെ പ്രഗത്ഭരായ അദ്ധ്യാപകര്‍ പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്താണ് പ്രസിദ്ധം ചെയ്യാറ്. അവ പ്രീ റിവ്യൂഡ് ജേര്‍ണല്‍ തന്നെയല്ലേ? അവയെ അംഗീകരിക്കില്ലെന്നത് സഹപ്രവര്‍ത്തകരോടുള്ള തികഞ്ഞ അവിശ്വാസം എന്നല്ലേ അര്‍ത്ഥം?
8) ചില ഗവേഷകര്‍ മാത്രം വൈവോസിക്ക് മുന്‍പായി ഗവേഷണ ലേഖനം സമര്‍പ്പിച്ചാല്‍ മതി. രാഷ്ട്രീയമായ എതിര്‍സ്വരം പുറപ്പെടുവിച്ചവരാണെങ്കില് പ്രബന്ധ സമര്‍പ്പണത്തിന്റെ സമയത്തുതന്നെ അന്താരാഷ്ട്ര നിലവാരമുള്ള ആര്‍ട്ടിക്കിള്‍ വേണം. ഈ ഇരട്ടത്താപ്പ് ആരുടെ തലയില്‍ ഉദിച്ചതാണ്?
9) നിലവില്‍ ഗവേഷകരും പിജി വിദ്യാര്‍ത്ഥികളും നിയമപ്രകാരം താമസിക്കുകയും വേണ്ടത്ര സൗകര്യങ്ങള്‍ക്കായി മുറവിളി കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെന്‍സ് ഹോസ്പിറ്റലില്‍ സ്വാശ്രയ ബിരുദ വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാനുള്ള വിസിയുടെ ശ്രമം എന്തിനായിരുന്നു?
10) വൈവ വോസിയില്‍ എക്സാമിനര്‍ ഇന്നയാള്‍ക്ക് ഡോക്ടര്പദവി നല്കാന് ശുപാര്‍ശ ചെയ്യുകയും അതിന് അടുത്തുചേരുന്ന സിണ്ടിക്കേറ്റ് പൂര്‍ണ്ണസമ്മതം നല്‍കുകയുംചെയ്യുകയാണ് പതിവ്. രണ്ടു ‘ചടങ്ങിനു’മിടയില്‍ ഗവേഷകനും ഗൈഡും വിസിയ്ക്കു മുന്പില് ഒരു പ്രസന്റേഷനും കൂടി നടത്തണമെന്ന നിയമം എവിടെയെങ്കിലും ഉണ്ടോ?
ഗവേഷകനും പഠനവകുപ്പും പരീക്ഷകനും വിസിയുടെ പരീക്ഷയ്ക്കുകൂടി വിധേയമാകണമെന്ന നിയമം അരോഗ്യകരമാണോ?
11) രണ്ട് വിധത്തില്‍ വേതനം കൈപ്പറ്റിയെന്ന് ആരോപണം നേരിടുന്ന വിസിക്ക് എങ്ങനെയാണ് ഗവേഷകരെ ‘പണം തീനികള്‍’ എന്ന് വിളിക്കാനുള്ള അര്‍ഹത ലഭിക്കുന്നത്? ഈ സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് കേരളത്തിലെ ഭരണകൂടവും വൈജ്ഞാനികസമൂഹവുമാണ്. വൈസ് ചാന്‍സലര്‍ ഒരു നിയമത്തിനും കീഴിലല്ല എന്ന് വരുന്നത് ആര്‍ക്കും ഭൂഷണമല്ല. അതത് കാലത്തെ ഭരണാധികാരത്തെ സുഖിപ്പിച്ചാല്‍ എന്തും നടക്കുമെന്ന് ഒരു വിസി ശഠിക്കുന്നത് ശരിയല്ല.
നരേന്ദ്രമോദി ഭാരത പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ‘ദല്‍ഹി സന്ദര്‍ശിച്ച്’ അവിടെ ഏറെദിവസം ചെലവഴിച്ച ചുരുക്കം ചില വൈസ് ചാന്‍സലര്‍മാരില്‍ ഒരാള്‍ എന്ന അവകാശവാദവും ഈ വിഖ്യാത വിസിക്ക് തന്നെ.
നിലവില്‍ കുറെ കെട്ടിടങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും കമ്പ്യൂട്ടറുകളും പഞ്ചിംഗ് മെഷീന് അടക്കമുള്ള ഇല്ക്രോണിക് ഉപകരണങ്ങള്‍ വാങ്ങികൂട്ടുകയും ചെയ്ത വിസി പക്ഷെ സെന്‍ട്രല്‍ ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്തകങ്ങള്‍ പോലും എത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. തെളിവിനുവേണ്ടി സിഎച്ച് ലൈബ്രറിയിലെ സ്റ്റോക്ക് റൂം സന്ദര്‍ശിച്ചാല്‍ മതിയാവും.പാശ്ചാത്യ നാടുകളില്‍ നിന്ന് കൊണ്ടുവന്ന ഒരിനം ചെടിയില്‍ നിന്ന് ഉണ്ടായ മഞ്ഞപ്പൂക്കളാല്‍ നിബിഡമാണ് ക്യാമ്പസ്. വരള്‍ച്ചയുണ്ടാക്കുന്ന ഈ ഈചെടി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഒരു കളയാണെന്നും അഭ്യൂഹമുണ്ട്.
വിജ്ഞാനവിസ്ഫോടനവും ആശയരൂപീകരണവും സാധ്യമാവുന്ന വിപ്ലവമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഉണ്ടാവേണ്ടത്. അതിന് അനുയോജ്യമായ അക്കാദമിക അന്തരീക്ഷം ഒരുക്കാന്‍ ബാധ്യതപ്പെട്ട വിസി തന്നെ കേന്ദ്രസ്ഥാനത്ത് നിന്ന് വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്.
സര്‍വ്വകലാശാലയുടെ ഭൂമിദാനം മുതല്‍ പഞ്ചിങ്ങ് മെഷീന്‍വരെ,വിസി സഞ്ചരിക്കുന്നതലം പോയകാലത്തെ ഫ്യൂഡല്‍ പ്രഭുക്കന്മാരെ ഓര്‍മ്മിപ്പിക്കുന്നതാണ്.
ഗായത്രി. ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: