റിയോ ഡി ജനീറോ: അവസാനം സൂപ്പര്‍ താരം ലയണല്‍ മെസി ആ പേരു ദോഷം മാറ്റി. രാജ്യത്തിന്റെ ജഴ്സിയില്‍ മത്സരിക്കുമ്പോള്‍ മെസി ഗോളടിക്കില്ലെന്ന പേരു ദോഷം ഇനിയുണ്ടാകില്ല. കാരണം മെസിയുടെ മികവിലാണ് ബ്രസീല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജയം സ്വന്തമാക്കിയത്. സമകാലിക ഫുട്ബോളിലെ മിന്നും താരമായ മെസിയുടെ മാസ്മരിക ഗോള്‍ മാത്രമായിരുന്നു മത്സരത്തിന്റെ സവിശേഷത. ആദ്യ ലോകകപ്പ് കളിക്കുന്ന ബോസ്നിയയെ ഗ്രൂപ്പ് എഫില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് അര്‍ജന്റീന മറികടന്നത്. അര്‍ജന്റീനയുടെ ആദ്യ ഗോള്‍ കളിയുടെ ഒന്നാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളാണ്.
ബോസ്നിയയുടെ കൊളാസിനിച്ചാണ് അര്‍ജന്റീനയ്ക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. ബോസ്നിയക്കെതിരെ തങ്ങളുടെ പെരുമയുടെ ഏഴയലത്തു വരുന്നതായിരുന്നില്ല അര്‍ജന്റീനയുടെ പ്രകടനം. ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് വീണുകിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ബോസ്നിയയ്ക്കെതിരെ അര്‍ജന്റീനന്‍ താരങ്ങള്‍ നിറം മങ്ങിപ്പോയി. ബോസ്നിയന്‍ സ്ട്രൈക്കര്‍ എഡിന് സെക്കോ അര്‍ജന്റീനിയന്‍ പ്രതിരോധത്തിന് മുന്നിലെ നിത്യശല്യക്കാരനായിരുന്നു. ഏതു നിമിഷവും ഗോള്‍ വീണേക്കാവുന്ന അവസ്ഥ. എന്നാല്‍ അര്‍ജന്റീന തങ്ങളുടെ പരിചയ സമ്പത്തിന്റെ മികവില്‍ ബോസ്നിയയെ ഇടയ്ക്കൊക്കെ വിറപ്പിച്ചു. അതില്‍ നിന്നാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ മെസിയെ തുറന്നു വിട്ട ആദ്യ മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം ഗോള്‍ നേടി. ലോകകപ്പിലെ മനോഹരമായ ഗോളായിരുന്നു അത്.
രണ്ട് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബോസ്നിയ എണ്പത്തിയൊമ്പതാം മിനിറ്റില്‍ അപ്രതീക്ഷിതമായി അര്‍ജന്റീനയുടെ വല കുലുക്കി. ലുലിച്ചിന്റെ പാസ് ഓടി പിടിച്ച് വെവാദ് ഇബിസെവിച്ച് വലയിലാക്കി. ഒരു ഗോള്‍ നേടുകയും അര്‍ജന്റീനയുടെ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുകയും ചെയ്ത മെസ്സി തന്നെയാണ് മാന്‍ ഒഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: