പാറ്റ്ന: ബദ്ധ വൈരികളായി പിരിഞ്ഞ ജനതാദള്‍ നേതാക്കള്‍ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും നിലനില്‍പ്പിനു വേണ്ടി ഒന്നിക്കുന്നു. അതുകണ്ട് ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന് പുച്ഛിക്കുന്നു. ബീഹാറില്‍ ലോക്സഭാ സീറ്റില്‍ തോറ്റതിന്റെ ക്ഷീണം തീരും മുമ്പേ രാജ്യസഭാ തെരഞ്ഞെടുപ്പിലും വമ്പന്‍ തോല്‍വി സംഭവിക്കുമെന്നുറപ്പായപ്പോളാണ് പിരിഞ്ഞവര്‍ ഒന്നിക്കുന്നത്.
ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിന് രാജ്യസഭയിലേക്ക് ഒഴിവു വന്ന രണ്ട് രാജ്യസഭാ സീറ്റില്‍ വിജയിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണിപ്പോള്‍. നിതീഷിന്റെപാര്ട്ടിയിലെ ചില എംഎല്‍എമാര്‍ ഇടഞ്ഞു നില്‍ക്കുന്നതാണ് കാരണം. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെയും മാനം കാക്കാന്‍ മേറ്റ്ല്ലാ അഭിമാനവും പണയം വെക്കാന്‍ തുനിയുകയായിരുന്നു നിതീഷ് കുമാര്‍. അങ്ങനെ ഒരിക്കല്‍ വഴി പിരിഞ്ഞു പോയ പാര്‍ട്ടിയുടെ നേതാവ് ലാലു പ്രസാദ് യാദവിനെ നിതീഷ് ഫോണ്‍ വിളിച്ചു സഹായം അഭ്യര്‍ത്ഥിച്ചു. ലാലുവാകട്ടെ എങ്ങനെയും സംസ്ഥാന രാഷ്ട്രീയത്തില്‍ പുനപ്രവേശിക്കാന്‍ കിട്ടിയ അവസരം പാഴാക്കാതെ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, അവസരം കിട്ടിയപ്പോളെല്ലാം അന്യോന്യം കാലുവാരിയവര്‍ ഇപ്പോള്‍ അവസരവാദികളായിരിക്കുന്നുവെന്നാണ് രാംവിലാസ് പാസ്വാന്റെ കളിയാക്കല്‍. ഇന്നലെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയമാഘോഷിച്ച പാര്‍ട്ടി യോഗത്തില്‍ പാസ്വാന് അതു വെട്ടിത്തുറന്നു പറയുകയും ചെയ്തു. ലാലു-നിതീഷ് സഖ്യത്തെ പാസ്വാന് പുച്ഛിച്ചു.
“അവര്‍ ഇപ്പോള്‍ ഒന്നിച്ചു. പക്ഷേ അവരുടെ രണ്ടു പാര്‍ട്ടികള്‍ക്കും കൂടി കിട്ടിയ ആറു ലോക്സഭാ സീറ്റ് എല്‍ജെപി ഒറ്റക്കു നേടി,” പാസ്വാന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ ബിജെപിയും ആറു സീറ്റില്‍ എല്‍ജെപിയും മൂന്നിടത്ത് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും വിജയം വരിച്ച് എന്‍ഡിഎയ്ക്ക് 31 സീറ്റു നേടി. ലാലുവിന്റെ ആര്‍ജെഡിക്ക് നാലു സീറ്റു കിട്ടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിന് മുന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയ 20-സീറ്റില്ല്നിന്ന് വെറും രണ്ടിലേക്കു ചുരുങ്ങേണ്ടിവന്നു.
നിതീഷ് കുമാര്‍ നല്ല അവസരമാണ് കളഞ്ഞുകുളിച്ചതെന്ന് പാസ്വാന് പറഞ്ഞു. 2002-ലെ ഗോധ്ര കലാപത്തിന്റെ പേരില്‍ അവര്‍ നരേന്ദ്ര മോദിയെ വേട്ടയാടാന്‍ ഇറങ്ങി. പക്ഷേ മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വമ്പന്‍ വിജയം നേടി. ഞാന്‍ അവരോടു പറഞ്ഞതാണ്, ഗോധ്ര സംഭവം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്ന്. 1984-ലെ സിഖ് കൂട്ടക്കൊലക്കു ശേഷം കോണ്‍ഗ്രസിന്റെ സിഖുകാരനായ നേതാവിനെ ജനങ്ങള്‍ പ്രധാനമന്ത്രിയാക്കി. അടിയന്തരാവസ്ഥയ്ക്കും ഭഗല്‍പൂര്‍ കലാപത്തിനും ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റി. ഇക്കാര്യങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. പക്ഷേ അവര്‍ക്ക് കണക്കുകള്‍ പിഴച്ചു, പാസ്വാന് പറഞ്ഞു.
മോദിയെ ന്യൂനപക്ഷങ്ങള്‍, മുസ്ലിങ്ങളും വന്‍തോതില്‍ പിന്തുണയ്ക്കുന്നുവെന്നും അത് മോദിയുടെ വികസന പ്രവര്‍ത്തനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത കൊണ്ടാണെന്നും പാസ്വാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: