ബെലോ ഹോറിസോന്റെ: ഗ്രൂപ്പ് സിയില്‍ ഇന്നലെ നടന്ന ആവേശകരമായ ആദ്യ മത്സരത്തില്‍ കൊളംബിയക്ക് തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യവനപ്പടയെയാണ് സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കാവോയുടെ അഭാവത്തിലും കൊളംബിയ തകര്‍ത്തത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ പാബ്ലോ അര്മേറയും 57-ാം മിനിറ്റില്‍ തിയോഫിലോ ഗൂട്ടിറസയും ഇഞ്ച്വറി സമയത്ത് ജെയിംസ് റോഡ്രിഗസും വിജയികള്‍ക്കായി ഗോളുകള്‍ നേടി.
മത്സരത്തില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത് ഗ്രീസായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചുനിന്നു. എന്നാല്‍ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത് കൊളംബിയയായിരുന്നു. 13 ഷോട്ടുകള്‍ അവര്‍ പായിച്ചതില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗ്രീക്ക് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അവരെ തഴഞ്ഞത്. അതേസമയം ഗ്രീസിന് രണ്ട് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്.
മത്സരത്തിന്റെ തുടക്കത്തില്‍ ആദ്യ അവസരം ലഭിച്ചത് ഗ്രീസിനാണ്. നാലാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഗ്യാന്നിസ് മാനിയാറ്റിസ് പായിച്ച വലംകാലന്‍ ഷോട്ട് കൊളംബിയന്‍ ഗോളി കുത്തിയകറ്റി. തൊട്ടുപിന്നാലെ കൊളംബിയ ഗോള്‍ നേടി. ജുവാന്‍ ഗ്വില്ലര്‍മോയുടെ പാസില്‍ നിന്ന് പാബ്ലോ അര്മേറോയാണ് കൊളംബിയയെ മുന്നിലെത്തിച്ചത്. ലീഡ് വഴങ്ങിയതോടെ യവനപ്പട ആക്രമണം ശക്തമാക്കി. തൊട്ടുപിന്നാലെ ഗ്രീസിന്റെ പനാഗിയോട്ടിസ് കോനെ ഒരു അവസരം പാഴാക്കി. 18-ാം മിനിറ്റില്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ഗ്രീസ് ഗോളി രക്ഷപ്പെടുത്തി.
വീണ്ടും ഗ്രീസിന്റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും കൊളംബിയന്‍ പ്രതിരോധം പിടിച്ചുനിന്നു. 32-ാം മിനിറ്റില്‍ ഗ്രീസിന്റെ സമാരസ് പായിച്ച ഷോട്ട് കൊളംബിയന്‍ ഗോളി കയ്യിലൊതുക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നേ ഗ്രീസിന് സമനില നേടാന്‍ നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്സിന് പുറത്തുനിന്ന് പനാഗിയോട്ടിസ് കോനെ പറത്തിയ ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്നാണ് കൊളംബിയന്‍ ഗോളി കുത്തിയകറ്റിയത്.
രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. 49-ാം മിനിറ്റില്‍ കൊളംബിയക്ക് ലീഡ് ഉയര്‍ത്തുന്നതിന് അവസരം ലഭിച്ചെങ്കിലും ജെയിംസ് റോഡ്രിഗസിന്റെ ഷോട്ട് ഗ്രീസ് ഗോളി മനോഹരമായി കയ്യിലൊതുക്കി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 57-ാം മിനിറ്റില്‍ കൊളംബിയ രണ്ടാം ഗോള്‍ നേടി. ഒരു കോര്‍ണറിനൊടുവില്‍ തിയോഫിലോ ഗൂട്ടിറസയുടെ ഷോട്ടാണ് ഗ്രീക്ക് വലയില്‍ കയറിയത്. 63-ാം മിനിറ്റില്‍ വാസിലിസ് ടോറോസിഡിസിന്റെ ക്രോസ് തിയോഫിനാസ് ഗേക്കാസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ കൊളംബിയന്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് ക്രോസ് ബാറില്‍ത്തട്ടി മടങ്ങി. പിന്നീട് 76-ാം മിനിറ്റില്‍ കൊളംബിയയുടെ ജാക്സണ് മാര്‍ട്ടനസിന്റെ പാസില്‍ നിന്ന് സാന്റിയാഗോ അരിയാസ് ബോക്സിന് പുറത്തുനിന്ന് പറത്തിയ ലോംഗ്റേഞ്ചര്‍ ഗ്രീക്ക് ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ഗ്രീസ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് മൂന്നാമതും ഗ്രീക്ക് വല കുലുക്കിയതിന് തൊട്ടുപിന്നാലെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: