കൊച്ചി: സൗത്ത് റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിംഗ് ഫീസിന്റെ പേരിലുള്ള ചൂഷണം തുടരുന്നു. അതിനെതിരായ സമരങ്ങളും. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് കേരളയുടെ നേതൃത്വത്തില്‍ അമിതമായ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരെയുള്ള ജനകീയ ബോധവല്‍ക്കരണ പരിപാടി തുടരുകയാണ്. സൗത്ത് റെയില്വേസ്റ്റേഷന് മാനേജര്‍ക്ക് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി അന്പത്തിമൂന്നു പേര് പരാതി നല്കി. കോണ്‍ട്രാക്ടര്‍ക്കെതിരെ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കുള്ള മേല്‍ക്കൂര ഉണ്ടാക്കിയിട്ടില്ല. വാഹനങ്ങള്‍ക്ക് വരുന്ന കേടുപാടുകള്‍ക്കും നഷ്ടത്തിനും എതിരെ ഇന്‍ഷുറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടില്ല. കരാര്‍ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കുന്നില്ല തുടങ്ങിയ പരാതികളും ഉയര്‍ന്നു.
പാര്‍ക്കിംഗ് സമയവും വാഹന നമ്പറും വ്യക്തമായി കാണിക്കുന്ന കമ്പ്യൂട്ടര്‍ ജനറേറ്റഡ് സ്ലിപ്പ് നല്‍കുന്നില്ല. നിയമവിരുദ്ധമായി പാര്‍ക്കിംഗ് ഫീസ് മുന്‍കൂര്‍ വാങ്ങുന്നു. വിസമ്മതിക്കുന്നവര്‍ക്ക് പാര്‍ക്കിംഗ് സ്ലിപ്പു പോലും നല്‍കുന്നില്ല. അമിതമായ പാര്‍ക്കിംഗ് ഫീസ് ഈടാക്കലിന് വിധേയരായ ഉടമകളും ഡ്രൈവര്‍മാരും വാഹനം തിരികെ എടുക്കുവാന്‍ വരുമ്പോള്‍ നേരത്തെ കൊടുത്ത പാര്‍ക്കിംഗ് സ്ലിപ്പുകള്‍ തിരികെ വാങ്ങി നശിപ്പിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളുമുണ്ട്.
വിവിധ സംഘടനകള്‍ അമിതമായ പാര്‍ക്കിംഗ് ഫീസിനെതിരെ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരിഞ്ഞാലക്കുട, കൊല്ലം, അങ്കമാലി റെയില്‍വേസ്റ്റേഷനുകളിലും ഫീ പിരിക്കാനുള്ള കരാര്‍ കാലാവധി കഴിഞ്ഞിട്ടുള്ളതാണ്. പുതിയ കരാറുകള്‍ക്കുള്ള നടപടികള്‍ എടുക്കാതെ പഴയ കരാറുകാരന് തന്നെ നീട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നു. കരാറുകാരനെ സഹായിക്കാനുള്ള ഉന്നതാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും താല്പര്യമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: