പള്ളുരുത്തി: കടലിന്റെ കലി അടങ്ങിയില്ല. കൊച്ചിയുടെ തീരപ്രദേശങ്ങളില്‍ ശനിയാഴ്ചയുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. സൗദി, മാനാശ്ശേരി, ബീച്ച് റോഡ് ഭാഗങ്ങളില്‍ കരയും കവിഞ്ഞ് കടല്‍ പ്രധാന റോഡിലേക്കൊഴുകി.
മാനാശ്ശേരി, സൗദി പ്രദേശത്ത് മാത്രം പത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പല വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വലിയതയ്യില്‍ മൈക്കിള്‍, കൊച്ചിക്കാരന് വീട്ടില്‍ യേശുദാസ് പീറ്റര്‍, റോബര്‍ട്ട് തൈപ്പറമ്പില്‍, ഈരശ്ശേരി മദലേത്ത്, അറക്കല്‍ കുഞ്ഞപ്പന്, വലിയവീട്ടില്‍ മാനുവല്‍, പുന്നക്കല്‍ വര്‍ഗീസ്, കളങ്ങര ജേക്കബ്, കുരിശിങ്കല്‍ പീറ്റര്‍, തങ്കച്ചന് ആറാട്ടുകളങ്ങര, അറക്കല്‍ സൈമണ്‍ എന്നിവരുടെ വീടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സൗദി പ്രദേശത്ത് കടലാക്രമണം ശക്തമാണ്. കടലാക്രമണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിരോധ നടപടികളും പുനരധിവാസ നടപടികളും പ്രഹസനമാണെന്ന് നാട്ടുകാര്‍ കുട്ടപ്പെടുത്തി.
ജില്ലാ കളക്ടറെ നേരില്‍ കണ്ട് ഇവിടുത്തെ വീട്ടമ്മമാര്‍ തങ്ങളുടെ ദുരവസ്ഥ ബോധിപ്പിച്ചു. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ മോഡല്‍ പുലിമുട്ട് നിര്‍മ്മിച്ച് സമീപ തീരങ്ങളിലേയും കടലാക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: