ക്യുയൈബ: ഏഷ്യന്‍ ശക്തികളായ ഓസ്ട്രേലിയയെ കീഴടക്കി ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലി ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ തന്നെ മികച്ച വിജയം സ്വന്തമാക്കി. പന്റനാല്‍ അരീനയില്‍ ഇന്നലെ രാവിലെ നടന്ന പോരാട്ടത്തില്‍ പൊരുതിക്കളിച്ച ഓസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം.
രണ്ടു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി ചിലി ഓസ്ട്രേലിയയെ ഞെട്ടിച്ചെങ്കിലും പരിചയസമ്പന്നനായ ടിം കാഹിലിന്റെ ഗോളിലൂടെ ഓസ്ട്രേലിയ ശക്തമായി തിരിച്ചടിച്ചു. അവസാന നിമിഷം വരെ സമനിലക്കായി പൊരുതിയ ഓസ്ട്രേലിയയെ 90-ാം മിനിറ്റില്‍ ജീന്‍ ബ്യുസോര് നേടിയ അപ്രതീക്ഷിത ഗോളാണ് തകര്‍ത്തത്.
മത്സരത്തില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത് ചിലിയായിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഓസ്ട്രേലിയയായിരുന്നു. ചിലി ഗോള്‍കീപ്പറുടെ ഉജ്ജ്വല പ്രകടനമാണ് ഓസ്ട്ര്യയെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. 12-ാം മിനിറ്റിലാണ് കളിയിലെ ആദ്യഗോള്‍ പിറന്നത്. എഡ്വേര്‍ഡോ വര്‍ഗാസ് തലകൊണ്ട് ബോക്സിലേക്ക് ചെത്തിയിട്ടുകൊടുത്ത പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ ചിലിയുടെ ബാഴ്സ താരം അലക്സി സാഞ്ചസ് ഓസ്ട്രേലിയന്‍ വല തുളച്ചു. രണ്ട് മിനിറ്റുകഴിഞ്ഞില്ല, ചിലി രണ്ടാം ഗോളും നേടി. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് അലക്സി സാഞ്ചസ്. സാഞ്ചസ് അളന്നുമുറിച്ചു നല്കിയ പാസാണ് ജോര്‍ജ് വാല്ദവിയയ മനോഹരമായ ഷോട്ടിലൂടെ വലയിലെത്തിച്ചത്.
രണ്ട് ഗോളിന് മുന്നിലായതോടെ പിന്നീട് അലക്സിസ് സാഞ്ചസിന്റെയും വാല്ദവിയയുടെയും യുവന്റസ് താരം അര്‍ട്ടുറോ വിദാലിന്റെയും മിന്നല്‍ നീക്കങ്ങള്‍ കൊണ്ട് ചിലി തിരമാല കണക്ക് എതിര് ഗോള്‍മുഖത്തെ വിറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപാരമായ ടീം ഗെയിമും വേഗവും കൊണ്ടാണ് അവര്‍ ആദ്യ രണ്ട് ഗോളും നേടിയത്. മറുഭാഗത്ത് ഓസ്ട്രേലിയക്ക് തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു. കിട്ടുന്ന പന്തുകള്‍ നല്ല നീക്കങ്ങളായി മാറ്റാന്‍ അവരുടെ മധ്യനിരക്ക് കഴിഞ്ഞില്ല. ഇതുകാരണം പ്രീമിയര്‍ലീഗില്‍ ക്രിസ്റ്റല്‍ പാലസിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച യെഡിനിക്കിനോ പരിചയസമ്പന്നനായ കാഹിലിനോ കാര്യമായ ഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ സാവധാനത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഓസ്ട്രേലിയ 35-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ഇവാന് ഫ്രാന്ഞ്ചിക്കിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെയാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കാഹില്‍ ചിലി വലയിലെത്തിച്ചത്. ഒരു ഗോള്‍ മടക്കിയതോടെ ഓസ്ട്രേലിയ താളം കണ്ടെത്തി. രണ്ടാം പകുതിയില്‍ അവരുടെ മുന്നേറ്റങ്ങള്‍ക്ക് കൃത്യതയും വേഗതയും കൈവന്നു. ചിലിയുടെ ഓരോ ആക്രമണങ്ങള്‍ക്കും അതേനാണയത്തില്‍ പ്രത്യാക്രമണം നടത്താന്‍ ഓസ്ട്രേലിയക്ക് കഴിഞ്ഞതോടെ ചിലി പ്രതിരോധനിരക്ക് പിടിപ്പതു പണിയായി. കാഹിലായിരുന്നു ഓസ്ട്രേലിയന്‍ ആക്രമണത്തിന്റെ കേന്ദ്രബിന്ദു.
നിരവധി തവണ കാഹില്‍ ചിലിയന്‍ ഗോള്‍മുഖത്ത് ഭീഷണിവിതച്ചു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ കളിയുടെ 53-ാം മിനിറ്റില്‍ കാഹില്‍ ചിലിയന്‍ വല ഒരിക്കല്‍ക്കൂടി കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.അതുപോലെ മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്ക് ബ്രെസിയാനോയ്ക്കും നല്ലൊരു അവസരം ലഭിച്ചെങ്കിലും മികച്ച സേവിലൂടെ ഗോളി ബ്രാവോ അപകടം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ 62-ാം മിനിറ്റില്‍ എഡ്വേര്‍ഡോ വാര്‍ഗാസ് പന്ത് ഏതാണ്ട് വലയിലെത്തിച്ചെങ്കിലും ഗോള്‍ലൈനില്‍ വച്ച് അലക്സ് വില്കിന്സണ് അത്ഭുതകരമായ ഒരു സേവ് നടത്തുകായിരുന്നു. വീണ്ടും ഓസ്ട്രേലിയ ആക്രമണങ്ങളുടെ തിരമാല തീര്‍ത്തു. എന്നാല്‍ ഓസ്ട്രേലിയയുടെ ഈ തള്ളിക്കയറ്റത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി 90-ാം മിനിറ്റില്‍ ചിലി മൂന്നാം ഗോളും നേടി. ഇരുപത് വാര അകലെ നിന്ന് ജീന്‍ ബ്യൂസ്യോര് പായിച്ച ഷോട്ടാണ് ഓസ്ട്രേലിയയുടെ വിധിയെഴുതിയത്.
















