കാറ്റ് നോക്കി കാര്യം സാധിക്കുന്നവരെക്കുറിച്ച് പഴമക്കാര്‍ പറയാറുണ്ട്. അങ്ങനെ ഒരു ശൈലി തന്നെ നിലവിലുണ്ട്. വേലിക്കകത്തുള്ളവരും പുറത്തുള്ളവരും തമ്മില്‍ അതില്‍ വ്യത്യാസമൊന്നും ഇല്ല. നരേന്ദ്ര മോദിയുടെ ശ്രേഷ്ഠഭാരത സങ്കല്പ്പത്തിലേക്ക് വളരുന്ന ഭാരതത്തില്‍ ഇനി ഇത്തരം കാറ്റുനോക്കി കാര്യം സാധിക്കുന്നവര്‍ അനവധി ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. അതൊരു ലോകപ്രതിഭാസമാണ്. മാറ്റാനാവില്ല ആര്‍ക്കും.
ഉപ്പ് വെച്ച കലത്തിന്റെ പരുവത്തിലായ ചെങ്കൊടിക്കാരുടെ നാട്ടാശാന്‍ തെരഞ്ഞെടുപ്പ് കാലത്ത് കളമൊന്ന് മാറ്റിച്ചവിട്ടിയിരുന്നു. അത് പക്ഷേ, പൂര്‍ണ്ണമനസ്സോടെ ആയിരുന്നില്ല. ഒഞ്ചിയത്തെ ടി പിയെ കാലപുരിക്കയച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ചെങ്കൊടിക്കാര്ക്കു തന്നെയെന്ന് കട്ടായം പറഞ്ഞയാള്‍ കോഴി മൂന്നു കൂവിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞ് നിലാവത്തേക്കിറങ്ങി. എലി പുന്നെല്ല് കണ്ട കണക്കെ ആഹ്ലാദിച്ചവരെ പൂര്‍ണ്ണമായി പിന്തുണച്ചു വേലിക്കകത്തെ ആശാന്. ഒടുവില്‍ അടിപോയ തൊട്ടിപോലെ പാര്‍ട്ടിയില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാതായപ്പോള്‍ ദേ, ആശാന് മറുകണ്ടം ചാടിയിരിക്കുന്നു. ഇപ്പോ ഒരു സംശയം. ടിയാന് ചെങ്കൊടിക്കാര്‍ക്ക് ഉദകക്രിയ നടത്താന്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണോ? ചോദ്യം കേരളകൗമുദിയിലെ സുജിത്തിനോടാണെങ്കില് അതെ എന്നു തന്നെയാവും മറുപടി. അല്ലെങ്കില്‍ ഈ വരയൊന്നു കണ്ടു നോക്കിന്. ജൂണ്‍ 10 ന്റെ പത്രത്തില്‍ അതു കാണാം. നാലുവരകൊണ്ട് ഭൂമിയും പാതാളവും ആകാശവും അളന്നെടുത്ത സുജിത്തിന്റെ മുമ്പില്‍ 40 പേജ് ലേഖനമെഴുതുന്നവര്‍ മിഴുങ്ങസ്യ നില്ക്കേണ്ടിവരും.
ഒരാളെ നിങ്ങള്‍ നോക്കുന്നതിന്റെ രീതി അനുസരിച്ചിരിക്കും അഭിപ്രായം. ഇഷ്ടമില്ലാത്തയാളാണെങ്കില്‍ അയാളുടെ കുറവുകളിലേക്കേ കണ്ണോട്ടമെത്തൂ. മറിച്ചാണെങ്കില്‍ മേന്മയിലേക്കും. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും സംസ്കാരവും ചതുര്‍ഥിയായ കോഴിക്കോട്ടെ വെള്ളിമാട്കുന്ന് പത്രത്തിന് നട്ടപ്പിരാന്തിന്റെ അവസ്ഥ. ഒന്നും പറയാനില്ലാതെ വന്നപ്പോള്‍ പത്രം കഴിഞ്ഞദിവസം നരേന്ദ്ര മോദിയിലെ ഫാഷിസത്തെക്കുറിച്ചാണ് മുഖപ്രസംഗം കാച്ചിയത്. ഭരണം സുതാര്യമാക്കാന്‍ മോദി കാണിക്കുന്ന താല്‍പ്പര്യവും ഇടപെടലും ഫാഷിസത്തിന്റെ തിരനോട്ടമായാണ് മേപ്പടി പത്രം കാണുന്നത്.
നടുക്കടലിലായാലും ഒരു ജന്തു നക്കിയേ കുടിക്കൂ എന്നല്ലോ ചൊല്ല്. ചിലരുടെ ചില പ്രവര്‍ത്തനങ്ങളും നിലപാടും കാണുമ്പോള്‍ പതിരില്ലാത്ത പഴമൊഴികള്ക്കുമുമ്പില് സാഷ്ടാംഗ പ്രണാമം നടത്താന്‍ തോന്നിപ്പോകും. വെള്ളിമാട്കുന്നിലെ പത്രത്തിന്റെ കാര്യത്തിലും മറിച്ചൊരു അഭിപ്രായമില്ല.
റിട്ടേണ്‍ ഓഫ് ദ ഡ്രാഗണ്‍ എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കം. ബ്രൂസ്ലീ യെന്ന ഐതിഹാസിക കലാകാരന്റെ തുടിപ്പും മിടിപ്പും ഒപ്പിയെടുത്ത് സഹൃദയ സമക്ഷം സമര്‍പ്പിച്ച കലാസൃഷ്ടിയെ എങ്ങനെ മറക്കാന്‍. ആ കലാകാരന്റെ ആത്മാര്‍ത്ഥതയും ചങ്കുറപ്പും കൃതകൃത്യതയും അങ്ങനെത്തന്നെ നിറഞ്ഞു നില്ക്കുന്ന മറ്റൊരാളെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. അവരുടെ സണ്‍ഡെ എക്സ്പ്രസ് മാഗസിനില്‍ (ജൂണ്‍ 08) നിങ്ങള്‍ക്കതു വായിക്കാം. റിട്ടേണ്‍ ഓഫ് ദ സൂപ്പര്‍ സ്പൈ എന്നാണ് തലക്കെട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നരേന്ദ്രമോദി സര്‍ക്കാര്‍ നിയോഗിച്ച മലയാളി കേഡറിലായിരുന്ന ഐപിഎസ് ഓഫീസര്‍ അജിത് ഡോവലിനെക്കുറിച്ചാണ് യതീഷ് യാദവ് സൂക്ഷ്മ വിശകലനം നടത്തുന്നത്. രഹസ്യാന്വേഷണ മേഖലയില്‍ സ്വന്തമായി ഒരു പാത വെട്ടിത്തുറന്ന് കഠിന പ്രവര്‍ത്തനങ്ങളിലൂടെ പല സംഭവങ്ങളും ഇഴകീറി പരിശോധിച്ച് വിജയത്തിലെത്തിച്ച അസാധാരണ പ്രതിഭയാണ് ഡോവല്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കാന്‍ ഡോവല്‍ ചെയ്ത അതിസാഹസികതകളെക്കുറിച്ച് ഫീച്ചറില്‍ പറയുന്നുണ്ട്. ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് കുശാഗ്രബുദ്ധിയായ ഡോവലിന്റെ ഏറ്റവും വലിയ സമ്പാദ്യം. നോ എന്നൊരുവാക്ക് ഡോവലിനില്ല. കശ്മീര്‍, വടക്കുകിഴക്കന്‍ മേഖല, നുഴഞ്ഞുകയറ്റം ഏറിയ പഞ്ചാബ് എന്നിവിടങ്ങളിലൊക്കെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ 79കാരനായ ഡോവലിന്റെ ജിവിതം വായിക്കുമ്പോള്‍ കോരിത്തരിച്ചുപോകും. അര്‍ഹതയുടെ അംഗീകാരമായി ദേശീയ സുരക്ഷാ ഉപദേശകന്റെ റോള്‍ അദ്ദേഹത്തില്‍ എത്തുമ്പോള്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് അഭിമാനമുണ്ടാവുക സ്വാഭാവികം; ഛിദ്രശക്തികള്‍ക്ക് നിരാശയും. അദ്ദേഹത്തിന്റെ തലയെടുപ്പുള്ള വ്യക്തിത്വവും നിഗൂഢത ഒളിപ്പിച്ച ചിരിയും എന്റെ ഓര്‍മയില്‍ എന്നെന്നും പച്ചപിടിച്ചു നില്ക്കും എന്നാണ് ഒരുയര്‍ന്ന ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടത്. സുവര്‍ണക്ഷേത്രത്തിലെ ഓപ്പറേഷന് സമയത്ത് ഐഎസ്ഐ ചാരനെന്ന നിലയില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുടെ വിശ്വാസമാര്‍ജ്ജിച്ച് അവരുടെ ആള്‍ബലവും ആയുധ ബലവും സാമ്പത്തിക ബലവും ഭാരതസുരക്ഷാ സേനയെ സമര്‍ത്ഥമായി അറിയിച്ചൂ ഡോവല്‍. സുവര്‍ണ ക്ഷേത്രത്തിന് അധികം കേടുപാടുകള്‍ വരുത്താതെ ഓപ്പറേഷന് വിജയകരമായി പരിസമാപ്തിയിലെത്തിയതിന്റെ പിന്നില്‍ അജിത് ഡോവലായിരുന്നു എന്നറിയുക. ഒരു റിക്ഷാക്കാരന്റെ വേഷത്തിലാണ് ഡോവല്‍ ഖലിസ്ഥാനികളുമായി ബന്ധം സ്ഥാപിച്ചത്. ശ്രേഷ്ഠ ഭാരതത്തിലേക്ക് കുതിക്കുന്ന മോദി സര്‍ക്കാര്‍ അജിത് ഡോവലിനെപോലെയുള്ള ഓഫീസര്‍മാര്‍ക്ക് ഉത്തരവാദിത്തം നല്കിയതെന്തിന് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് യതീഷ് യാദവിന്റെ ലേഖനം. വെള്ളിമാട്കുന്ന് പത്രത്തിലെ വിദ്വാന്മാര്ക്കും ഇമ്മാതിരിയുള്ള ലേഖനങ്ങള്‍ വായിക്കാവുന്നതാണ്. ജേര്‍ണലിസം ജീര്ണലിസമാകാതിരിക്കാന് അത് സഹായിക്കും.
മരണത്തിലേക്ക് ഉരുണ്ടുവീഴുന്നവന്റെ അവസാന ചിന്ത എന്തായിരിക്കും? തുടക്കത്തിന്റെ അന്ത്യവും അന്ത്യത്തിന്റെ തുടക്കവും ആരാച്ചാരുടെ ലിവര്‍ വലിയില്‍ നിന്നാണോ ? ഞെട്ടലോടെ വായിച്ചു തീര്‍ക്കേണ്ട ഒരു ഡോക്യുമെന്ററിയുടെ തിരക്കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ജൂണ്‍ 15) വായിക്കാം. ജോഷി ജോസഫിന്റെ വണ്‍ഡെ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്നതിന്റെ മൊഴിമാറ്റമാണ് ആരാച്ചാരുടെ ജീവിതത്തില്‍ നിന്ന് ഒരു ദിവസം. മരണം കഥയായും കവിതയായും രൗദ്ര താളത്തില്‍ ഇതില്‍ തുടിക്കുന്നത് അനുഭവിക്കാം. ഒപ്പം ആനന്ദ് പട്വര്‍ദ്ധന്റെ ഒരു കുറിപ്പും ഇതിന് മുന്നോടിയായുണ്ട്. മരണം പിറകോട്ടെടുക്കാനാവാത്ത യാഥാര്‍ത്ഥ്യം, ഞാന്‍ വധശിക്ഷയെ വെറുക്കുന്നു എന്നാണ് തലക്കെട്ട്.
അമൃതാ പ്രീതത്തിന്റെ കവിതയില്‍ സിദ്ധികൂടിയ തുടക്കം വെള്ളിമാട്കുന്ന് വാരികയുടെ സ്വത്വം വെളിപ്പെടുത്തുന്നു. വെറുപ്പിന്റെ വിചാരധാര എന്ന തലക്കെട്ടില്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 09) അതങ്ങനെ കഠാര ഉയര്‍ത്തി നില്‍പ്പാണ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദ്ദേശമാണ് ആഴ്ചപ്പതിപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിതാണ്: ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്വശാസ്ത്രം എന്നീ മേഖലകളില്‍ പുരാതന ഇന്ത്യ നല്കിയ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും പഠന സഹായികളിലും ഉള്‍പ്പെടുത്തണമെന്നാണ് മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത ആദ്യ യോഗത്തില്‍ സ്മൃതി ഇറാനിയുടെ നിര്‍ദ്ദേശം. ഇത്തരം വിവരങ്ങള്‍ സമാഹരിക്കാന്‍ വിദഗ്ദ്ധരോട് ആവശ്യപ്പെട്ട മന്ത്രി അവ സമര്‍പ്പിക്കുന്ന മുറയ്ക്ക് സ്കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി.
പുരാതന ഹിന്ദു കൃതികളും വേദങ്ങളും ഉപനിഷത്തുകളും പരിശോധിച്ച് അവയില്‍ നിന്ന് ആവശ്യമായ ഭാഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രാലയം തീരുമാനിച്ചു. ഇതാണ് വാരികയെ ചൊടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ ഹിന്ദുത്വവല്ക്കരിക്കാനാണത്രെ ഇത്. എന്നുവെച്ചാല്‍ നമ്മള് ചില പ്രൊഫസര്‍മാരെയും ഡോക്ടര്‍മാരെയും ശിപാര്‍ശ ചെയ്യും. അവര്‍ പറയുന്നതും എഴുതുന്നതും കുട്ടികള്‍ പഠിച്ചാല്‍ മതീന്ന്! എപ്പടി. ഒരു കൈവെട്ട് അജണ്ട പാകപ്പെടുന്ന മണം മൂക്കിലടിക്കുന്നുണ്ടോ? എത്..
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: