ഭക്തിയുടെ പാരമ്യതയില്‍ കല്‍വിളക്കുകള്‍ തൊഴുതുണര്‍ന്ന ത്രിസന്ധ്യ. കണ്ണും കാതും ഒരേ ബിന്ദുവില്‍ വിലയിച്ച്, ഭൂമിയും ആകാശവും താരാഗണവും എന്നു വേണ്ട സര്‍വചരാചരങ്ങളും ആ ചേതോഹര നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. കാവ്യകോകിലങ്ങള്‍ കളനാദം പൊഴിച്ച് ഭക്തഹൃദയങ്ങളെ തേനൂട്ടിയ അതികായകര്‍ക്ക് അംഗീകാരം. അങ്ങാടിപ്പുറത്ത് ആചാര്യവന്ദനം.
ഭക്തകവി എന്നു പുകള്‍പെറ്റ പൂന്താനത്തിന്റെ മണ്ണില്‍ മലയാളത്തിലെ ഭക്തിഗാനശാഖയ്ക്കു പുതിയ മാനം നല്കിയ കവികളെ ആദരിക്കുന്ന ചടങ്ങ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവീക്ഷേത്ര സന്നിധിയില്‍ നടന്നു. ഭക്തി എന്നും മനുഷ്യമനസിനെ നന്മയിലേക്കു നയിക്കുന്ന ഒരു വാതായനമാണ്. ആ വാതായനത്തിലേക്കെത്തിക്കാന് ഭക്തിഗാന സംസ്കൃതിക്ക് ഒരു പരിധിവരെ സാധിച്ചിട്ടുമുണ്ട്. അര്‍ഥസമ്പുഷ്ടവും ഭാവനാ വൈചിത്ര്യവും ഭക്തിരസസമൃദ്ധവുമായ നിരവധി ഗാനകുസുമങ്ങള്‍ മലയാളിക്കു സമ്മാനിച്ച എഴുത്തുകാരില്‍ ചിലരെയാണ് ഇവിടെ ആദരവിന്റെ പൂമാലയണിച്ചത്.
മലയാളികള്‍ എത്രകേട്ടാലും മതിവരാത്ത, ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ…’ എന്ന ഗാനം രചിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ‘പാപം മറിച്ചിട്ടാല്‍ പംപാ…..’ രചിച്ച ആ.കെ. ദാമോദരന്‍, ‘അജ്ഞനശിലയില് ആദിപരാശക്തി…’ യുടെ രചയിതാവ് എ.വി. വാസുദേവന്‍ പോറ്റി, ‘ഹരിമുരളീ ഗാനമധുമാരി തൂകുന്ന….’ എഴുതിയ പള്ളിപ്പുറം മോഹനചന്ദ്രന്, ‘വടക്കുംനാഥാ സര്‍വ്വം നടത്തും നാഥ….’യുടെ രചയിതാവും ഈ സംഗമത്തിന്റെ നേതൃത്വകാരനുമായ പി.സി. അരവിന്ദന് എന്നിവരെയാണ് അങ്ങാടിപ്പുറത്തിന്റെ അണിമാറില്‍ അജ്ഞലികൂപ്പി ആദരിച്ചത്. ഇവരുടെ ഓരോ ഗാനംമാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ. അസംഖ്യം ഗാനങ്ങളുടെ സൃഷ്ടികര്ത്താക്കളാണിവര് എന്നുള്ള കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്.
ഭക്തകവികളെ ആദരിക്കുന്ന പ്രക്രിയ വളരെ അടുത്തകാലത്താണ് ആരംഭിച്ചത്. അതുവരെ ഒരു അംഗീകാരവും പ്രോത്സാഹനവും ലഭിക്കാത്ത വിഭാഗമായി ഭക്തകവികള്‍ തഴയപ്പെട്ടു. സര്‍ക്കാര്‍-സര്‍ക്കാരേതര മേഖലകളില്‍ ഭക്തകവികള്‍ക്ക് യാതൊരുവിധ പരിഗണനയുമില്ല. ഭക്തിഗാനാസ്വാദകരാണ് ഭൂരിഭാഗം ആളുകളെങ്കിലും ഭക്തിഗാനങ്ങളുടെ ശില്പികളെ മനസിലാക്കാന്‍ അവര്‍ തയാറാവുന്നില്ല. ഏറെക്കുറെ ഭക്തികവികളെപോലെ വിഷമം അനുഭവിക്കുന്നവരാണ് ഭക്തിഗാന സംഗീത സംവിധായകരും.
ഭക്തകവികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചതില്‍ പ്രഥമസ്ഥാനം പാലക്കാട് ജില്ലയിലെ പെരുമുടിയൂര്‍ ശിവക്ഷേത്രത്തിനാണ്. ഭക്തനും സംഗീതാസ്വാദകനുമായ വേണു ഞാങ്ങാട്ടിരിയ്ക്കാണ് ഇത്തരമൊരു ആശയം ഉദിച്ചത്. ആ വേറിട്ട ചിന്തയും മാര്‍ഗ്ഗവും മൂവാറ്റുപുഴയില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിലും പിന്നെ അങ്ങാടിപ്പുറത്തും വന്നെത്തിനില്ക്കുന്നു.
‘നീരാഞ്ജനം’ എന്നായിരുന്നു പരിപാടിയുടെ പേര്. ആത്മീയതയുടെ ചന്ദനം ചാലിച്ച് അത് ശ്രോതാവിന്റെ നെറുകില്‍ തൊട്ടുതന്ന ഭക്തകവിശ്രേഷ്ഠന്മാര്ക്ക് വള്ളുവക്കോനാതിരി എ.സി. കുഞ്ഞുണ്ണിരാജ പൊന്നാടയും ഫലകവും അംഗീകാരത്തിന്റെ മുദ്രകളായി നല്കി. മനസില്‍ കളിച്ച് വിരല്പിടിച്ചൊരോന്നും എഴുതിക്കുന്നത് ഗുരുവായൂരപ്പനാണെന്ന് ചൊവ്വല്ലൂര്‍ മറുപടി പ്രസംഗത്തില്‍ വിനയാന്വിതനായി വെളിപ്പെടുത്തിയപ്പോള്‍, ജ്ഞാനപ്പാനയെ ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടായിരുന്നു ആര്.കെ. ദാമോദരന്റെ മറുപടി. എല്ലാം അമ്മയല്ലേയെന്ന് പാദത്തിലര്‍പ്പിച്ച് വിലപിക്കുന്ന ഒരു പുത്രന്റെ സ്നേഹവായ്പുകളാണ് പി.സി. അരവിന്ദന് മറുവാക്കു പറഞ്ഞത്. ഭക്തിഗാന രചയിതാവിനെ പാര്‍ശ്വവത്കരിക്കുന്ന ഇന്നത്തെ സമൂഹത്തിനെതിരെയാണ് എ.വി. വാസുദേവന്‍ പോറ്റി ശബ്ദമുയര്‍ത്തിയത്. ഗാനങ്ങള്‍ ആസ്വദിച്ചവര്‍ക്കു നന്ദിയെന്നായിരുന്നു പള്ളിപ്പുറം മോഹനചന്ദ്രന്റെ മറുപടി.
ഭക്തിഗാന രചയിതാക്കളുടെ ശ്രേണി ഇവിടെ അവസാനിക്കുന്നില്ല. എസ്. രമേശന്‍നായരും പി.എസ്. നമ്പീശനും ഹരി ഏറ്റുമാനൂരും എന്നു തുടങ്ങി നിരവധി പേരുണ്ട്. മികച്ച നിലവാരത്തിലാണ് ഇന്ന് മലയാള ഭക്തിഗാനശാഖ. ഭക്തിഗാനങ്ങള്‍ രചിച്ചുവെന്നു കാട്ടി അവരെ പിന്നാമ്പുറത്തുനിര്ത്തുന്ന അപക്വമായ സമീപനത്തില്‍ മാറ്റം വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
വിനു ശ്രീലകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: