സാവോപോളോ: സൂപ്പര്‍താരം നെയ്മറിനും പ്ലേമേക്കര്‍ ഓസ്കറിനും നന്ദിപറയാം; ലോകകപ്പിലെ ആദ്യപോരാട്ടത്തില്‍ കാനറികളെ വിജയത്തിലേക്ക് നയിച്ചതിന്. ആദ്യം ഗോള്‍വഴങ്ങി ഒന്നു വിറച്ചശേഷമാണ് കാനറികള്‍ ആദ്യമത്സരത്തില്‍ വിജയത്തിലേക്ക് കുതിച്ചത്. രണ്ട് ഗോളുകളോടെ നെയ്മറും ഒരു ഗോളോടെ ഓസ്കറും കളം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ക്രൊയേഷ്യയെ കീഴടക്കിയത്. ഗ്രൂപ്പ് എയില്‍ ഇതോടെ ബ്രസീലിന് മൂന്ന് പോയിന്റായി. മത്സരത്തിലെ ആദ്യ മഞ്ഞകാര്‍ഡ് നെയ്മറിന് ലഭിച്ചു. മഞ്ഞ കാര്‍ഡ് കാണേണ്ടിവന്നെങ്കിലും തന്റെ 50-ാം അന്താരാഷ്ട്ര മത്സരം കളിച്ച നെയ്മര്‍ രണ്ട് ഗോള്‍ നേടുകയും ഗോളിലേക്ക് നാല് ഷോട്ട് പായിക്കുകയും 49 പാസുകളില്‍ പങ്കാളിയാവുകയും ചെയ്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
തുടക്കത്തില്‍ ക്രൊയേഷ്യ നേരിയ മുന്‍തൂക്കം നേടിയെങ്കിലും പിന്നീട് ബ്രസീല്‍ ആധിപത്യമുറപ്പിക്കുന്നതിനാണ് കൊറിന്ത്യന്‍സ് അരീന സാക്ഷ്യം വഹിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ മൂന്നുനാല് നല്ല മുന്നേറ്റങ്ങള്‍ നടത്തി ബ്രസീലിയന്‍ പ്രതിരോധത്തെ അമ്പരപ്പിച്ചശേഷമായിരുന്നു മാഴ്സെലോയുടെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ ലീഡ് നേടിയത്. ഇടതുവിംഗിലൂടെ പന്തുമായി കുതിച്ചുകയറിയ ഇവിക ഒലിവിച്ചിന്റെ ക്രോസ് തട്ടിമാറ്റാന്‍ ശ്രമിച്ച മാഴ്സെലോയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ബ്രസീലിയന്‍ ആരാധകര്‍ക്കൊപ്പം ലോകമെങ്ങുമുള്ള ആരാധകരും അന്തംവിട്ടുനിന്നു. ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ ബ്രസീല്‍ വഴങ്ങുന്ന ആദ്യ സെല്‍ഫ് ഗോള്‍.
സെല്‍ഫ്ഗോളിന്റെ ഞെട്ടലില്‍ നിന്ന് മുക്തിനേടി പിന്നീട് കളം പിടിച്ചടക്കിയ കാനറികള്‍ ഓസ്കറിന്റെയും നെയ്മറുടെയും പൗളീഞ്ഞോയുടെയും ഫ്രെഡിന്റെയും നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രംകണക്കെ ക്രൊയേഷ്യന്‍ ബോക്സിലേക്ക് ഇരച്ചുകയറിയതോടെ മത്സരം ആവേശകരമായി മാറി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 29-ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിലൂടെ സമനില പിടിച്ചു. ഓസ്കര് തള്ളിക്കൊടുത്ത പന്തുമായി നൃത്തച്ചുവടുകളോടെ മുന്നോട്ടുനീങ്ങിയ നെയ്മര്‍ ക്രൊയേഷ്യന്‍ പ്രതിരോധക്കൂട്ടത്തിനിടയിലൂടെ ഇടംകാലുകൊണ്ട് പായിച്ച ഗ്രൗണ്ടര്‍ ഗോള്‍കീപ്പര്‍ പ്ലെറ്റിക്കോസ് മുഴുനീള ഡൈവിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗ്ലൗസിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തെന്നിയശേഷം പോസ്റ്റിന് ചുംബിച്ച് വലയില്‍ കയറി (1-1).
ഗോള്‍ മടക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്രസീലിന്റെ പുതുരൂപമാണ് പിന്നീട് കൊറിന്ത്യന്‍സ് അരീനയില്‍ കണ്ടത്. ഓസ്കറും നെയ്മറും ചേര്‍ന്ന് ചടുല നീക്കങ്ങളും സമര്‍ഥമായ കൈമാറ്റങ്ങളുമായി കത്തിക്കയറിയതോടെ ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ നിരവധി തവണ വിള്ളലുണ്ടായി. ഗോളി പ്ലെറ്റിക്കോസിന്റെ മിടുക്ക് മാത്രമാണ് പലപ്പോഴും ക്രൊയേഷ്യക്ക് തുണയാത്. പാര്‍ശ്വങ്ങളിലൂടെയുള്ള മഞ്ഞക്കടലിന്റെ കുത്തൊഴുക്കിന് തടയിടാന്‍ ക്രൊയേഷ്യയ്ക്ക് പലപ്പോഴും കടുത്ത ടാക്ലിങ്ങിനെ തന്നെ ആശ്രയിക്കേണ്ടിവന്നു. 21 ഫൗള്‍ കിക്കാണ് ഇവര്‍ ബ്രസീലിന് സമ്മാനിച്ചത്. ഇതില്‍ ഏറെയും മിന്നല്‍പ്പിണരായി നിലകൊണ്ട ഓസ്കറിനെ വരിഞ്ഞുകെട്ടാനുള്ള ശ്രമത്തിന്റെ ബാക്കിപത്രമായിരുന്നു താനും. 1-1 എന്ന സ്കോറില്‍ പകുതി സമയത്ത് പിരിയാന്‍ കഴിഞ്ഞത് ക്രൊയേഷ്യയുടെ ഭാഗ്യം കൊണ്ടു മാത്രമാണ്.
രണ്ടാം പകുതിയിലും ഇതേ ആര്‍ജവം പുറത്തെടുത്ത ബ്രസീല്‍ 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലീഡ് നേടി. ക്രൊയേഷന്‍ പ്രതിരോധനിരക്കാരനായ ദെവാന് ലെവ്റന് ബോക്സില്‍ ഫ്രെഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് നെയ്മര്‍ ലക്ഷ്യത്തിലെത്തിച്ചത്. എന്നാല്‍, നെയ്മറുടെ തകര്‍പ്പന്‍ വലംകാലന്‍ ഷോട്ട് വലത്തോട്ട് ചാടിയ ഗോളി പ്ലെറ്റിക്കോസ് കൈകൊണ്ട് തട്ടിയെങ്കിലും പന്ത് വഴുതി നെറ്റില്‍ പതിക്കുകയായിരുന്നു (2-1).
കാനറികളുടെ ഇരച്ചുകയറ്റത്തിനിടെ മികച്ച രീതിയിലുള്ള പ്രത്യാക്രമണം നടത്താന്‍ കഴിയാതെ ക്രൊയേഷ്യ വലഞ്ഞതോടെ ആതിഥേയര്‍ എപ്പോള്‍ വേണമെങ്കിലും ലീഡ് ഉയര്‍ത്താമെന്ന അവസ്ഥയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ബ്രസീല്‍ മൈതാനത്ത് അലസത കാട്ടിയതോടെ ക്രൊയേഷ്യന്‍ സൈന്യം ഇരമ്പിയാര്‍ത്തു. പത്ത് മിനിറ്റിനുള്ളില്‍ അഞ്ചു തവണയെങ്കിലും അവര്‍ ഗോളിനടുത്തെത്തി. 83-ാം മിനിറ്റില്‍ മനോഹരമായ ഒരു നീക്കത്തിനൊടുവില്‍ ക്രൊയേഷ്യ ഒരിക്കല്‍ കൂടി ബ്രസീലിയന്‍ വല കുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഇവിച്ച ഒലിച്ച് ഗോളിയെ ഫൗള്‍ ചെയ്തതായിരുന്നു കാരണം. പിന്നീടും ക്രൊയേഷ്യ അപകടകരമായ ഏതാനും നീക്കങ്ങള്‍ നടത്തി ഗോള്‍ മടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും വീണുകിട്ടിയ ഒരു പ്രത്യാക്രമണ അവസരത്തിലൂടെ ബ്രസീല്‍ വിജയ അരക്കിട്ടുറപ്പിച്ചു. 90 മിനിറ്റും വിയര്‍ത്തുകളിച്ച ഓസ്കര് ഇഞ്ച്വറി സമയത്ത് ഒറ്റക്ക് പന്തുമായി കുതിച്ച് ക്രൊയേഷ്യന്‍ പ്രതിരോധനിരക്ക് പിടികൊടുക്കാതെ മുന്നേറി വലംകാലുകൊണ്ട് തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു (3-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: