റാസൈഫ്: ആഫ്രിക്കന്‍ ആനക്കൂട്ടങ്ങള്‍ എന്നറിയപ്പെടുന്ന ഐവറികോസ്റ്റിന്തിരെ ഏഷ്യന്‍ ശക്തികളായ ജപ്പാന് ഗ്രൂപ്പ് സിയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30നാണ് ഏഷ്യ-ആഫ്രിക്ക പോരാട്ടം. ബ്രസീലിലേക്കുള്ള ടിക്കറ്റ് ആദ്യം നേടിയ ടീമാണ് ജപ്പാന്റെ അഞ്ചാം ലോകകപ്പാണിത്തവണത്തേത്. 2002, 2010 ലോകകപ്പുകളില്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ഐവറികോസ്റ്റ് മൂന്നാം തവണയാണ് ലോകകപ്പില്‍ കളിക്കാനെത്തുന്നത്. ഇതിന് മുന്‍പ് രണ്ടുതവണയും ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. ഈ ദുഃഖം തീര്‍ക്കാനൊരുങ്ങിയാണ് ഐവറികോസ്റ്റ് ഇത്തവണ ബ്രസീലിലേക്ക് വരുന്നത്.
101 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയിട്ടുള്ള 36 കാരന് ദിദിയര്‍ ദ്രോഗ്ബയാണ് ഐവറികോസ്റ്റിന്റെ കരുത്ത്. ഏത് ആംഗിളില്‍ നിന്നും ഗോള്‍നേടാനുള്ള കഴിവ് ഈ താരത്തെ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരുടെ പട്ടികയില്‍ എത്തിച്ചിരുന്നു. ദ്രോഗ്ബക്കൊപ്പം മുന്നേറ്റ നിരയില്‍ ലിലിയുടെ സലോമന്‍ കലു, റോമയുടെ ഗര്‍വീഞ്ഞോയും അപകടകാരികളാണ്. മധ്യനിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യായാ ടൂറേയുടെ സാന്നിധ്യവും ഐവറികോസ്റ്റിന് കരുത്തരാക്കുന്നു. കളിമെനയുന്നതില്‍ മാത്രമല്ല ഗോളടിക്കുന്നതിലും ടൂറേ കരുത്തനാണ്. പ്രതിരോധത്തില്‍ നൂറിലേ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ദിദിയര്‍ സക്കോറ, കോളോ ടുറെ തുടങ്ങിയവരും പോസ്റ്റിന് മുന്നില്‍ ബൗബാക്കര്‍ ബാരിയും ഇറങ്ങുമ്പോള്‍ ഐവറികോസ്റ്റ് തികച്ചും സന്തുലിത ടീമാകും.
മറുവശത്ത് ജപ്പാനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്നേറ്റനിരയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഷിന്‍ജി കഗാവ, മിലാന് താരം കീസുകി ഹോണ്ട എന്നിവരും മധ്യനിരയില്‍ ക്യാപ്റ്റന്‍ മാക്കോട്ടോ ഹസെബ, യോഷിതോ എന്‍ഡോ, യഗാമൂച്ചി എന്നിവരുടെ സാന്നിധ്യം ജപ്പാന്റെ ആത്മവിശ്വാസമുയര്‍ത്തും. പോസ്റ്റിന് മുന്നില്‍ എയ്ജി കവാഷിമ, പ്രതിരോധനിരയില്‍ യോട്ടോ നഗാമോട്ടോ, ഹിരോക്കി സക്കായ്, അസൂട്ടോ ഉച്ചിഡ, മസാട്ടോ മോറിഷെഗെ എന്നിവരും മികച്ച താരങ്ങളാണ്. റാങ്കിംഗില്‍ വളരെ വ്യത്യാസമുണ്ടെങ്കിലും തുല്യശക്തികളുടെ പോരാട്ടമാകുമെന്നാണ് കരുതുന്നത്.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30ന് ബെലോ ഹോറിസോന്റെയിലെ മിനൈറോ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കാവോയുടെ അഭാവത്തിലാണ് കൊളംബിയ ഇത്തവണ ലോകകപ്പിന് ബൂട്ടുകെട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: