കല്‍പ്പറ്റ : വയനാട്ടിലെ പൊന്‍കുഴി പണിയകോളനിയിലെ മിഥുന് പഠിക്കണം; ഡോക്ടറാവാന്‍. കണ്ണൂര്‍ പട്ടുവം ജിഎംആര്എച്ച്എസ്എസിലെ ആറാംതരം വിദ്യാര്‍ഥിയാണ് മിഥുന്. സ്ക്കൂളിലെത്തിക്കാന്‍ ആളില്ലാത്തതിനാല്‍ മിഥുന്റെ പഠനം മുടങ്ങിയമട്ടാണ്. സ്കൂളില്‍ നിന്നും ആരും ഇതുവരെ അന്വേഷിച്ച് വന്നുമില്ല. കോളനിയിലെ നാലാംതരം വരെയുള്ള ആള്‍റ്റര്‍നേറ്റീവ് സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനടുത്ത് മിഥുനുണ്ടാവും. അധ്യാപകനായ ബെന്നി മാഷ് ഇടവേളകളില്‍ മിഥുന് ക്ലാസെടുത്തുകൊടുക്കും. ചിത്രരചനയിലാണ് മിഥുന് ഏറെ താല്പര്യമെന്ന് മാഷ് പറയുന്നു. മിഥുന്റെ അച്ഛന് ചന്ദ്രന് കഴിഞ്ഞ വര്‍ഷം അസുഖം ബാധിച്ച് മരിച്ചു. അമ്മയാകട്ടെ രോഗം ബാധിച്ച് കിടപ്പിലുമാണ്. സഹോദരന് ആനന്ദ് കല്ലൂര്‍ എംആര്‍എസിലെ ഒന്നാംതരം വിദ്യാര്‍ഥിയാണ്. നാലു വയസുള്ള സഹോദരി പ്രിയ അമ്മക്കൊപ്പവും.
വയനാട് വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ റെയിഞ്ചിലെ വനഗ്രാമത്തിലാണ് പൊന്‍കുഴി പണിയകോളനി. സര്‍ക്കാര്‍ അനുവദിച്ച കോളനി വീട്ടിലായിരുന്നു മിഥുനും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ ഈ വീട് ഇന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ 41ാം നമ്പര്‍ അംഗണ്വാടിയായി പ്രവര്‍ത്തിക്കുകയാണ്. ബന്ധുവീടിനോട് ചേര്‍ന്ന് താല്‍ക്കാലിക പ്ലാസ്റ്റിക് കൂരയിലാണ് ഇവരുടെ ഇപ്പോഴത്തെ താമസം. വീടിനോട് ചേര്‍ന്നാണ് മുത്തങ്ങ ആനത്താര. കാട്ടാനകളുടെ ചിന്നംവിളി കേട്ടാണ് പലപ്പോഴും മിഥുന് ഉണരുക. കടുവകളും കാട്ടുപോത്തുകളും കരടിയും ഇവര്‍ക്ക് സുപരിചിതമാണ്. കോളനിയിലെത്തുന്ന ഓരോ അപരിചിതരെയും മിഥുന് നോക്കുന്നു, തന്നെ സ്ക്കൂളിലെത്തിക്കുമെന്ന പ്രതീക്ഷയോടെ….
കെ. സജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: