തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതില്ലെന്ന് ഗതാഗമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പിന്നിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ.ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു തിരുവഞ്ചൂര്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നു. ഇത് പ്രായോഗികമല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ ദല്‍ഹിയില്‍ കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: