തിരൂര്‍/മലപ്പുറം: പാസ്റ്റര്‍ പ്രലോഭിപ്പിച്ച് അനാഥാലയത്തിലെത്തിച്ച ആദിവാസികുട്ടികള്‍ അനാഥാലയത്തില്‍ നിന്നും ഓടിരക്ഷപ്പെട്ടു. ആലത്തിയൂരിലെ പരപ്പേരിയില്‍ സിഎസ്ഐ മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഇഎം ബോയ്സ് ഹോസ്റ്റല്‍ എന്ന അനാഥാലയത്തില്‍ നിന്നാണ് എട്ട് ആദിവാസികുട്ടികള്‍ ഓടിരക്ഷപ്പെട്ടത്.
തങ്ങളെ പ്രലോഭിപ്പിച്ചാണ് ഊരില്‍ നിന്ന് അനാഥാലയത്തില്‍ എത്തിച്ചതെന്ന് രക്ഷപ്പെട്ട കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞു. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി വനമേഖലയിലെ ആനക്കണ്ണം, ഇരിമ്പന്ചോല ഊരുകളിലെ കോളനിയില്‍ നിന്നും എത്തിച്ച പതിനൊന്ന് കുട്ടികളില്‍ എട്ടുപേരാണ് ഇന്നലെ അനാഥാലയത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 8.30 ഓടെ അനാഥാലയത്തില്‍ നിന്നും നാലുകിലോമീറ്ററോളം അകലെയുള്ള കൊടക്കല്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് കുട്ടികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഉടന്‍തന്നെ നാട്ടുകാര്‍ ജില്ലാ കലക്ടറെയും ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തകരെയും പോലീസിനെയും വിവരമറിയിച്ചു. അനാഥാലയത്തിലെ പീഡനം മൂലമാണ് പുറത്തുകടന്നതെന്ന് കുട്ടികള്‍ നാട്ടുകാരോടും പോലീസുകാരോടും പറഞ്ഞു. കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ക്രിസ്ത്യന്‍ പ്രാര്‍ത്ഥന നടത്തിച്ചതായും ആരോപണം ഉണ്ട്.
അതിനിടെ കുട്ടികളെ കൊണ്ടുപോകാന്‍ പോലീസ് നടത്തിയ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത് നേരിയ തോതില്‍ സംഘര്‍ഷത്തിനും കാരണമായി. സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.
പിന്നീട് പോലീസ് കുട്ടികളെ തിരൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടികളില്‍ നിന്ന് മൊഴിരേഖപ്പെടുത്തി.
ചെയില്‍ഡ് ലൈന്‍ അംഗങ്ങളായ അന്‍വര്‍, മുഹ്സിന്‍പരി, സിപിഒ സീമ എന്നിവരാണ് കുട്ടികളുടെ മൊഴിരേഖപ്പെടുത്തിയത്. കുട്ടികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സൗകര്യങ്ങള്‍ നല്‍കിയില്ലെന്നും അനാഥാലയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നും മുതിര്‍ന്ന കുട്ടികള്‍ തങ്ങളെ ഉപദ്രവിച്ചതായും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തിരൂര്‍ ആര്‍ഡിഒ ഗോപാലനും ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അനാഥാലയത്തില്‍ പരിശോധന നടത്തി.
തുടര്‍ന്ന് ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടികളെ തവനൂരിലെ ഗവ: ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. അതോടൊപ്പം കുട്ടികളുടെ രക്ഷിതാക്കളോട് കമ്മിറ്റി മുമ്പാകെ ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്.
അനാഥാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ചെയില്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിയും ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇന്ന് അനാഥാലയത്തില്‍ പരിശോധന നടത്തും. അനാഥാലയത്തിലുളള മൂന്ന് ആദിവാസികുട്ടികളെക്കൂടി തവനൂരിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും. അനാഥാലയത്തിന് അംഗീകാരം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന സൂചന.
ജോണ്സണ് എന്നുപേരുള്ള പാസ്റ്റര്‍ നിരന്തരം ഊരിലെത്താറുണ്ടെന്നും മോഹനവാഗ്ദാനങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയാണ് തങ്ങളെ മൂന്ന് ദിവസം മുന്‍പ് അനാഥാലയത്തിലെത്തിച്ചതെന്നും കുട്ടികള്‍ പറയുന്നു. പതിനൊന്ന് കുട്ടികളെയാണ് കഴിഞ്ഞദിവസം എത്തിച്ചത്.
ഇതില്‍ എട്ടുപേരാണ് ഇന്നലെ ഒളിച്ചോടിയത്. അനാഥാലയത്തിലെത്തിച്ച കുട്ടികളെ മിഷനുകീഴിലുള്ള തൊട്ടടുത്ത യു.പി സ്കൂളിലായിരുന്നു ചേര്‍ത്തത്. സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
മറ്റു മൂന്ന് കുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും തിരിച്ച് അനാഥാലയത്തിലേക്ക് ഓടിപ്പോവുകയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ആകെ 32 ഓളം കുട്ടികളാണ് അനാഥാലയത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: