ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ക്രൂരത തുടരുന്നു. ഹമീര്‍പൂര്‍ ജില്ലയില്‍ വീട്ടമ്മ പോലീസ്സ്റ്റേഷനുള്ളില്‍ വെച്ച് ബലാത്സംഗത്തിനിരയായി. മൊറാദാബാദില്‍ 16-കാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മകളെ പീഡിപ്പിച്ചതിനുശേഷം തൂക്കിക്കൊന്നതാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം രക്ഷിതാക്കള്‍ അറിയുന്നത്. വീടിന്റെ വാതിലുകള്‍ തുറന്നുകിടന്ന നിലയിലായിരുന്നു. പിന്നീട് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവിനെ കാണാന്‍ ജയിലിലെത്തിയ വീട്ടമ്മയെ നാല് പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുമേര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം വര്‍ധിച്ചുവരുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. സംസ്ഥാനത്തെ നിയമങ്ങള്‍ ശക്തമല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ബിജെപി വക്താവ് വിജയ് ബഹദൂര്‍ പാഠക് കുറ്റപ്പെടുത്തി. സ്വന്തം വീടുകളിലും, സംരക്ഷണം നല്‍കേണ്ട പോലീസ് സ്റ്റേഷനിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: