ക്യുയൈബ: ഏഷ്യന്‍ കരുത്തരായ ഓസ്ട്രേലിയയും ലാറ്റിനമേരിക്കന്‍ രാജ്യമായി ചിലിയും ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് ഈ പോരാട്ടം. സ്പെയിനും ഹോളണ്ടും അടങ്ങുന്ന ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടണമെങ്കില്‍ ഇരുടീമുകള്‍ക്കും ആദ്യ മത്സരത്തില്‍ വിജയം നേടേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ മത്സരം ഏറെ ആവേശകരമായിരിക്കും.
1974-ല്‍ ആദ്യ ലോകകപ്പ് കളിച്ച ഓസ്ട്രേലിയ നാലാം തവണയാണ് യോഗ്യത നേടുന്നത്. 2006-ല്‍ പ്രീ-ക്വാര്‍ട്ടറിലെത്തിയതാണ് അവരുടെ മികച്ച നേട്ടം. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ പങ്കെടുക്കുന്ന റാങ്കിംഗില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. 1930-ലെ ആദ്യ ലോകകപ്പില്‍ കളിച്ച ചിലി ഒന്‍പതാം തവണയാണ് കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തില്‍ പന്തുതട്ടാനെത്തുന്നത്. 1962-ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ലോകകപ്പിലെ അവരുടെ മികച്ച പ്രകടനം.
മികച്ച പ്രതിരോധനിരയും മധ്യനിരയുമാണ് ഓസ്ട്രേലിയയുടെ ശക്തി. ഹെഡ്ഡറുകള്‍ പ്രതിരോധിക്കുന്നതില്‍ കരുത്തു കാണിക്കുന്ന ഓസ്ട്രേലിയ വിംഗുകളിലൂടെയുള്ള ആക്രമണങ്ങളിലും മികവു പുലര്‍ത്തുന്നു. പരിചയസമ്പന്നനായ ടിം കാഹിലാണ് ഓസ്ട്രേലിയന്‍ നിരയിലെ ശക്തികേന്ദ്രം. ഗോളടിക്കാനും ടിം കാഹിലിനെയാണ് ഓസ്ട്രേലിയ ആശ്രയിക്കുക. കാഹിലിനൊപ്പം മാത്യു ലെക്കിയോ ആദം ടാഗ്ഗാര്ട്ടോ സ്ട്രൈക്കറുടെ റോളിലിറങ്ങും. എന്നാല്‍ മികച്ച ഒരു സ്ട്രൈക്കറുടെ അഭാവമാണ് ഓസ്ട്രേലിയയെ വിഷമിപ്പിക്കുന്നത്. ഗോള്‍വലക്ക് മുന്നില്‍ കാവല്‍ നില്ക്കുന്ന മാത്യു റയാന് മികച്ച ഫോമിലാണ്.
പ്രതിരോധനിരയില്‍ ജെയ്സണ്‍ ഡേവിസണ്‍, അലക്സ് വില്കിന്സണ്, ബെയ്ലി റൈറ്റ്, ഇവാന് ഫ്രാനിച്ച് തുടങ്ങിയവരും മധ്യനിരയില്‍ ക്യാപ്റ്റന്‍ മൈല്‍ ജഡിനാക്, ടോമി ഓര്, ജെയിംസ് ട്രോയ്സി, മാര്‍ക് മില്ലിഗണ്‍ തുടങ്ങിയവരും മികച്ച പ്രകടനം നടത്തുന്നവരാണ്.
ക്യാപ്റ്റനും ഗോളിയുമായ ക്ലോഡിയോ ബ്രാവോ നയിക്കുന്ന ചിലി ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമാണ്. ബാഴ്സ സ്ട്രൈക്കര്‍ അലക്സി സാഞ്ചസാണ് ടീമിലെ സൂപ്പര്‍ താരം. സാഞ്ചസിനൊപ്പം വലന്‍സിയയുടെ എഡ്വേര്‍ഡോ വര്ഗാസായിരിക്കും സ്ട്രൈക്കറായി ആദ്യ മത്സരത്തില്‍ ഇറങ്ങുക. മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ ജുവന്റസിന്റെ പരിചയസമ്പന്നനായ ആര്‍ട്ടുറോ വിദാല്‍, ഒസാസുനയുടെ ഫ്രാന്‍സിസ്കോ സില്‍വ, അറ്റ്ലാന്റ്യൂടെ കാര്‍ലോസ് കാര്‍മോണ, ബാസലിന്റെ മാഴ്സലോ ഡയസ് തുടങ്ങിയവരും ഇറങ്ങുന്നതോടെ മത്സരം പ്രവചനാതീതമാകും.
ഓസ്ട്രേലിയ ഫിഫ റാങ്കിങ്: 62
ബ്രസീല്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ റാങ്കിങ് അടിസ്ഥാനത്തില്‍ ഏറ്റവും പിന്നില്‍.
ലോകകപ്പിന് യോഗ്യത നേടുന്നത് നാലാം തവണ.
2006ല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ചിലി ഫിഫ റാങ്കിങ്: 14
ലോകകപ്പിന് ഒരുതവണ ആതിഥ്യം വഹിക്കുകയും അതേ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്ത ടീം. 1962ലെ സെമി ഫൈനലില്‍ ബ്രസീലാണ് ചിലിയെ പരാജയപ്പെടുത്തിയത്. ലോകകപ്പ് കളിക്കുന്നത് ഒമ്പതാം തവണ. കഴിഞ്ഞതവണ പ്രീക്വാര്‍ട്ടറില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: