തെരഞ്ഞെടുപ്പ് പ്രകടനപത്രിക പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഥമ നയപ്രഖ്യാപനമാണ് പതിനാറാം ലോക്സഭയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നടത്തിയത്. 125 കോടിയിലധികം വരുന്ന ഭാരതീയരുടെ ആശയും ആശങ്കയും പ്രഖ്യാപനത്തില്‍ കാണാന്‍ കഴിഞ്ഞു. ആരോടും പ്രീണനമില്ലാതെ എല്ലാവര്ക്കും തുല്യനീതി എന്ന രാഷ്ട്രീയ ദര്‍ശനം, രാഷ്ട്രദര്ശനമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ആദിവാസി ഊരുകള്‍ക്കും സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും അത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍, ജനങ്ങള്‍ മോദിയിലര്‍പ്പിച്ച വിശ്വാസം ഇവ രണ്ടും അസ്ഥാനത്തായില്ലെന്നാണ് നയപ്രഖ്യാപനം തെളിയിക്കുന്നത്.
ജനങ്ങള്‍ തന്നിലേല്‍പ്പിച്ച വിശ്വാസം നെഞ്ചിലേറ്റി ദൃഢനിശ്ചയത്തോടെ സാമൂഹ്യനീതിയുടെ പാതയിലൂടെ മാത്രമേ മോദി സര്‍ക്കാര്‍ മുന്നോട്ടു പോകൂ എന്ന സന്ദേശം നയപ്രഖ്യാപനത്തിന്റെ അന്തഃസത്തയാണ്. ‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’ എന്ന പദ്ധതിയിലെ വിപ്ലവകരമായ സന്ദേശം സാമൂഹിക മാറ്റത്തിന്റെ സൂചികയായി മാറുന്നു. ഇനിയൊരു കര്‍ഷക ആത്മഹത്യയുണ്ടാകില്ലെന്ന പ്രഖ്യാപനം ഈ സര്‍ക്കാര്‍ കര്‍ഷകന്റെ കവചമായാണ് പ്രവര്‍ത്തിക്കുകയെന്ന വ്യക്തമായ സൂചന നല്കുന്നു. ശാസ്ത്രീയ കൃഷിരീതികളും ഉല്‍പ്പാദന വര്‍ധനവും ലക്ഷ്യമിടുന്ന സര്‍ക്കാര്‍ കര്‍ഷക മിത്രമായാണ് പ്രവര്‍ത്തിക്കുക. അഗ്രോപാര്‍ക്ക്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് തുടങ്ങി നൂതനമായ ആശയങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്.
ഗ്രാമീണമേഖലയില്‍ ഗുണനിലവാരമുള്ള ജീവിതം എന്ന ആശയം സമഗ്രപരിവര്‍ത്തനത്തിന്റെ സദ്സൂചനയാണ്. അന്താരാഷ്ട്ര ബന്ധങ്ങളിലെ മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെ ഊട്ടിയുറപ്പിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പൊതുവിതരണ സംവിധാനം നവീകരിക്കുമെന്ന പ്രഖ്യാപനം വിശാലഹൃദയത്തിനുടമയായ ഭരണാധികാരിയില്‍നിന്നു മാത്രം പ്രതീക്ഷിക്കാവുന്നതാണ്. അഴിമതി ഇല്ലാതാക്കി സുതാര്യമായ നടപടികളിലൂടെ മുന്നോട്ടുപോയി വിലക്കയറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം പുത്തന്‍ വികസന സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാര്‍ക്ക് എത്തുന്നുണ്ടോയെന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കാനുള്ള ധീരത അഴിമതിക്കെതിരെ ഭരണകൂടം നടത്താന്‍ പോകുന്ന പോരാട്ടത്തിന്റെ പ്രഖ്യാപനമാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശമെന്ന പ്രഖ്യാപനം മതന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റും. പൊതുവിതരണം ശക്തമാക്കാനും കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന സര്‍ക്കാര്‍ വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന് വിലപിക്കാന്‍ തയ്യാറല്ല. ഗ്രാമീണതലത്തില്‍ നവീകരിച്ച റോഡുകള്‍ നിര്‍മിക്കുന്നതിനു പുറമെ ‘സാഗര്‍മാല’ പദ്ധതിയിലൂടെ ജലഗതാഗത വികസനവും ലക്ഷ്യമിടുന്നു. വിമാനത്താവളങ്ങള്‍ക്കൊപ്പം റെയില്‍ഗതാഗതം നവീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നൂതന പരിഷ്ക്കാരങ്ങള്‍ വരുത്തുക തന്നെ ചെയ്യും. ‘എയിംസ്’ മാതൃകയിലുള്ള ആശുപത്രികള്‍, ഐഐടി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിച്ചേരും.
തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, കുട്ടികള്‍, നിരക്ഷരര്‍, നിരാലംബര്‍ എന്നിവരെ സഹായിക്കാന്‍ ദൃഢനിശ്ചയം ചെയ്ത സര്‍ക്കാര്‍ എല്ലാവര്ക്കും വെള്ളം, വൈദ്യുതി, വീട്, തൊഴില്‍, വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്യുന്നു. ആരെയും അവഗണിക്കാത്ത സര്‍ക്കാരാണിതെന്ന് നയപ്രഖ്യാപനത്തിലെ ഓരോ നിര്‍ദ്ദേശങ്ങളും അടിവരയിടുന്നു. നയപ്രഖ്യാപനത്തിന്മേല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പ്രതീക്ഷകള്‍ക്ക് തിടംവെപ്പിച്ചിരിക്കുകയാണ്.
സ്ത്രീപീഡനം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം നിയമനിര്‍മാണസഭകളില്‍ 33 ശതമാനം വനിതാ സംവരണത്തിന് പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും വ്യക്തമാക്കിയിരിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും വന്‍ വിവാദത്തിന് വഴിയൊരുക്കിയ ഒന്നാണ് വനിതാ സംവരണ ബില്‍. പതിനെട്ട് വര്‍ഷത്തെ അലംഭാവത്തിനുശേഷം 1996 ല്‍ ബില്ലിന്റെ കരടുരൂപം സഭയുടെ മേശപ്പുറത്ത് വച്ചതാണ്. എന്നാല്‍ സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും സ്ഥാപിതാല്പ്പര്യമുള്ള രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ബില്‍ നിയമമാവുന്നതിനെ എതിര്‍ക്കുകയായിരുന്നു.
സാധാരണക്കാരനായ ഭാരതീയന് ഇതാദ്യമായി ഒരു ഇന്ത്യന്‍ ഭരണാധികാരിയുടെ ദൃഷ്ടിപഥത്തിലേക്ക് കടന്നുവന്നിരിക്കുന്നു. അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ പാത പിന്തുടര്ന്ന് ഗ്രാമീണനെ പരിഗണിക്കുന്ന മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം മുന്‍വിധികളില്ലാതെ ഏവരും ചര്‍ച്ചചെയ്യേണ്ടതാണ്.
ശോഭാ സുരേന്ദ്രന് (ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: