മന്ത്രം ജപിക്കുന്നതു വളരെ ശ്രദ്ധയോടെ വേണം. ഒന്നുകില്‍ മന്ത്രത്തിന്റെ ശബ്ദത്തില്‍ മനസ്സിനെ നിര്‍ത്തണം. അല്ലെങ്കില്‍ അര്‍ത്ഥത്തില്‍. അല്ലെങ്കില്‍ മന്ത്രത്തിന്റെ ഓരോ അക്ഷരവും ജപിക്കുന്നതിനനുസരിച്ച് മനസ്സില്‍ കണ്ടുകൊണ്ടു ജപിക്കാം. ദിവസവും ഒരു കൃത്യസംഖ്യ ജപിച്ചുതീര്ക്കുമെന്നു തീരുമാനിക്കണം. അപ്പോള്‍ വൈരാഗ്യത്തോടെ ജപം ശീലിക്കുവാന്‍ സാധിക്കും. പക്ഷേ ശ്രദ്ധയില്ലാതെ എണ്ണം തീര്ക്കുവാന്വേണ്ടി മാത്രം ജപിക്കരുത്. മനസ്സിന്റെ ഏകാഗ്രതയാണ് എല്ലാറ്റിലും പ്രധാനം. ജപമാല ഉപയോഗിച്ചു ജപിക്കുന്നതും ശ്രദ്ധ വിട്ടുപോകാതിരിക്കുവാന്‍ സഹായിക്കും. കൂടാതെ എണ്ണമറിയുവാനും കഴിയും. തുടക്കത്തില്‍ ഏകാഗ്രത കിട്ടുവാന്‍ പ്രയാസമായിരിക്കും. അതിനാല്‍ ചുണ്ടനക്കിതന്നെ ജപിച്ചുശീലിക്കണം. ക്രമേണ ചുണ്ടും നാവും അനക്കാതെ മനസ്സില്‍ത്തന്നെ ജപിക്കാന്‍ കഴിയണം. ജപം വെറും യാന്ത്രികമാകരുത്. ഉണര്‍വോടെ ജപിക്കണം. മധുരം നുണയുന്നതുപോലെ വേണം ഓരോ മന്ത്രവും ജപിക്കാന്‍. അവസാനം നാം മന്ത്രത്തെ വിട്ടാലും മന്ത്രം നമ്മളെ വിടാത്ത ഒരവസ്ഥവരും.
– മാതാ അമൃതാനന്ദമയി ദേവീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: