440. ചിദാനന്ദഃ – ചിത്തും ആനന്ദവും രൂപമായവന്‍ ചിത്തിനു ജ്ഞാനമെന്നും വിശേഷജ്ഞാനമെന്നും അര്‍ത്ഥം പറയാം. വിഷയബന്ധമില്ലാത്ത ആനന്ദം എന്നു ചിദാനന്ദത്തെ നിര്‍വചിക്കാം. നാമെല്ലാം സാധാരണയായി ഇന്ദ്രിയപ്രേരണകള്‍ക്കു വിധേയമായ അനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് ആനന്ദത്തെ വിലയിരുത്തുന്നത്. കണ്ണിനിഷ്ടപ്പെട്ട രൂപത്തോടോ ശ്രവണമധുരമായ ശബ്ദത്തോടോ മറ്റോ തോന്നുന്ന ആസക്തി, അതു സ്വന്തമാക്കാനുള്ള പരിശ്രമം, അതിനെ എതിര്ക്കുന്നരോടുണ്ടാകുന്ന പക, അതില്‍നിന്നുണ്ടാകുന്ന ക്രോധം, പരിശ്രമം ജയിച്ചാലുണ്ടാകുന്ന സുഖം എന്നിങ്ങനെ ആലോചിച്ചാല്‍ സുഖദുഃഖങ്ങളായി കരുതുന്നവയിലധികവും വിഷയബന്ധമുള്ളവയാണെന്നു കാണാം. വിഷയബന്ധമില്ലാത്ത അനാസക്തമായ ചിത്തവൃത്തി അസാദ്ധ്യമല്ല. ഇന്ദ്രിയവാസനകള്‍ ആ ആനന്ദത്തെ മറച്ചുകളയുന്നു എന്നതാണ് സത്യം. നമ്മുടെയോരോരുത്തരുടെയും ഉള്ളില്‍ അഖണ്ഡവും അനന്തവുമായ ജ്യോതിസ്സായി വര്‍ത്തിക്കുന്ന ഒരു ചൈതന്യമുണ്ട്. പരബ്രഹ്മമെന്നോ പരമാത്മാവെന്നോ വിശേഷിപ്പിക്കാവുന്ന ആ ചൈതന്യം ജ്ഞാനരൂപവും ആനന്ദരൂപവുമാണ്. ജ്ഞാനവും ആനന്ദവും രൂപമായ ഒരു വിശ്വചേതനയാണ് ഈ സഹസ്രനാമസ്തോത്രത്തിനും നാരായണീയത്തിനും വിഷയമായ ഗുരുവായൂരപ്പന്. നാരായണീയം ഒന്നാം ശ്ലോകത്തില്തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആ ശ്ലോകവും വ്യാഖ്യാനവും വായിക്കുക. അതിനെക്കുറിച്ചു മനനം ചെയ്യുക.
441 മനോവാചാമഗോചരഃ – മനസ്സുകൊണ്ടും വാക്കുകൊണ്ടും അറിയാനാകാത്തവന്.
ഏതെങ്കിലും വിഷയത്തെക്കുറിച്ചറിയാന്‍ നമുക്ക് രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഇന്ന് സ്പര്‍ശം, ഗന്ധം, രൂപം തുടങ്ങിയവ. തൊട്ടോ മണത്തോ കണ്ടോ രുചിച്ചോ കേട്ടോ ഉണ്ടാക്കുന്ന അറിവും അതിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുണ്ടാക്കുന്ന അറിവും. മറ്റൊന്ന് അന്യര്‍ നേടിയ അറിവ് അവരുടെ വാക്കുകള്‍ കേട്ടോ അവര്‍ എഴുതിയതു വായിച്ചോ ഉണ്ടാക്കുന്ന അറിവ്. വായിച്ചറിയുന്നതിന് കാലദേശപരിധികള് തടസ്സമാകുന്നില്ല. വ്യാസനും വാല്മീകിമൊക്കെ ഇപ്പോഴും നമുക്ക് അറിവുതരാന്‍ എത്തുന്നുണ്ടല്ലോ.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: