റിയോ ഡി ജനീറോ: ഫുട്‌ബോളിലെ രണ്ട് ലോകോത്തര താരങ്ങള്‍. ഒരാള്‍ ലോകം മുഴുവന്‍ അറിയുന്ന മികച്ച താരം, മറ്റൊരാള്‍ മൂല്യമുള്ള താരം. ഇരുവരുടേയും ചാമ്പ്യന്‍സ് ലീഗ് ഗോളുകളോ ഒരു പോലെയും. പറഞ്ഞ് വരുന്നത് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയേയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും കുറിച്ചാണ്. ഇരുവരും മികച്ച താരങ്ങളാണെന്നതൊക്കെ സമ്മതിച്ചു. എന്നാല്‍ രണ്ടും പേരും കളിച്ച രണ്ട് ലോകകപ്പുകളും മറ്റുള്ളവര്‍ കൊണ്ട് പോയി. എന്തിന് ട്രോഫിയുടെ അടുത്ത് എത്തി നോക്കാന്‍ പോലും ഇവര്‍ക്കായില്ല. മെസി നേടിയത് ഒരു ഗോളും റൊണാള്‍ഡോ നേടിയത് രണ്ട് ഗോളും.
ഇത്തവണ കൂടുതല്‍ കരുത്താര്‍ജ്ജിച്ച മെസിയുടെ തോളിലേറിയാണ് അര്‍ജന്റീനിയന്‍ ടീമിന്റെ വരവ്. പോര്‍ച്ചുഗലാകട്ടെ റൊണാള്‍ഡോയുടെ കരുത്തിലും. 26 വയസുള്ള മെസിക്ക് ഉയരം 1.69 മീറ്റര്‍ എന്നിട്ടും പന്ത് വലയ്‌ക്കുള്ളിലാക്കാനും എതിരാളികളുടെ പ്രതിരോധം തകര്‍ക്കാനും മെസിയോളം കഴിവ് മറ്റുള്ള താരങ്ങള്‍ക്ക് കുറവ്. ഗ്ലാമര്‍ ജീവിതം കൊണ്ടും കളിമികവും കൊണ്ട് ശ്രദ്ധ ആകര്‍ഷിച്ച 29 വയസുള്ള റോണാള്‍ഡോയും മികച്ച താരം തന്നെയെന്ന് തെളിയിച്ചു കഴിഞ്ഞു.
ഇരുവരും തങ്ങളുടെ കഴിവിന് ഒത്ത് ഉയര്‍ന്നാല്‍ എതിരാളികളുടെ ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ശനിദശ മാറ്റാനാണോ ഇരുവരും ഇത്തവണ കച്ചകെട്ടി ഇറങ്ങുന്നത് എന്ന് കാത്തിരുന്നു കാണേണ്ട കാഴ്‌ച്ച തന്നെ..
















