ജയ്പൂര്‍: നൂറ്റിയെട്ട് ആംബുലന്‍സുകളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്, മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന് രവീ കൃഷ്ണ, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായ 108 ആംബുലന്‍സ് പദ്ധതിയില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തല്‍. വയലാര്‍ രവിയുടെ മകന് രവികൃഷ്ണ, മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ , രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍കേന്ദ്ര മന്ത്രി സച്ചിന് പെയിലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം എന്നിവടക്കം എട്ടുപേരാണ് പ്രതിപ്പട്ടികയില്‍.പദ്ധതിയുടെ മറവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 2.56 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്ന ജയ്പൂര്‍ മുന്‍ മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന് പോലീസ് കേസെടുത്തിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.
മൂന്ന് സംസ്ഥാനങ്ങളിലാണ് 108 ആംബുലന്‍സ് പദ്ധതി ആദ്യം നടപ്പാക്കിയത്. 2009-ല്‍ എന്‍ആര്‍എച്ച്എം വഴി അത്യാധുനിക സൗകര്യങ്ങളുള്ള 45, 108 ആംബുലന്‍സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താല്‍ “ചികിത്സ ഹെല്‍ത്ത് കീയര്‍ ലിമിറ്റഡ്” എന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നടത്തിപ്പ് ചുമതല സര്‍ക്കാര്‍ കൈമാറി .
വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയുടെ സ്വന്തം കമ്പനിയാണ് ചികിത്സ ഹെല്‍ത്ത് കീയര്‍. രാജസ്ഥാന്, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വണ്ടി ഓടിക്കാമെന്ന കരാറില്‍ കമ്പനി ഒപ്പുവെച്ചിരുന്നു. കരാര്‍ അനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം 2000 കിലോമീറ്ററാണ് ഓടേണ്ടത് . ഇതിന് 1,60,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നല്‍കാമെന്നും കരാറിലുണ്ടായിരുന്നു. ഈ വ്യവസ്ഥ മുതലെടുത്താണ് കമ്പനി സര്‍ക്കാരിനെ കബളിപ്പിച്ചത്. ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകള്‍ അധികദൂരം ഓടിയെന്നു കാണിച്ചുകൊണ്ട് സര്‍ക്കാരില്‍ നിന്നും വന്‍തുക പ്രതിഫലം വാങ്ങുകയായിരുന്നു. സച്ചിന്പെയിലറ്റും, കാര്‍ത്തി ചിദംബരവും ചികിത്സ ഹെല്‍ത്ത്കെയറിന്റെ ഡയറക്ടര്‍മാരാണ്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അശോക് ഗെഹ്ലോട്ടിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടന്നിട്ടും അത് തടയാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് ചികിത്സ ഹെല്‍ത്ത് കീയറിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരമൊരു അഴിമതി നടന്നിട്ടില്ലെന്നാണ് രാജസ്ഥാന് മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ഗെലോട്ടിന്റെ വാദം. എന്നാല്‍ ഈ വാദം പോലീസ് തള്ളിക്കളഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രവീ കൃഷ്ണയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: