കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. നോര്‍ത്ത് ജംങ്ങ്ഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെയാണ് നഗരത്തിന്റെ പടിഞ്ഞാറ് മേഖലകളിലേക്കുള്ള ജല വിതരണം മുടങ്ങിയത്. ഇന്നലെ രാത്രിയോടെ പൈപ്പിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും ജലവിതരണം സുഗമമാക്കാാന് രണ്ട് ദിവസം വേണ്ടി വരുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
ഇന്ന് ജല വിതരണം ആരംഭിക്കുമെങ്കിലും ടാങ്കുകള്‍ കാലിയായതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് ജലം ആദ്യമെത്താനാണ് സാധ്യത. ഇതിന് ശേഷമേ മറ്റ് മേഖലകളിലേക്ക് വെള്ളമെത്തു. തിങ്കളാഴ്ച്ച വൈകിട്ടാണ് നോര്‍ത്ത് ജംങ്ങ്ഷന്് സമീപം 600 എംഎം പൈപ്പ് പൊട്ടിയത്. മെട്രൊ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയായിരുന്നു പൈപ്പ് തകരാറിലായത്. ഇതേ തുടര്‍ന്ന് കലൂര്‍, എസ്ആര്‍എം റോഡ്, പച്ചാളം, നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷന്, എളമക്കര എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. മഴയെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ വൈകിയാണ് ആരംഭിച്ചത്.
ഇതിനിടെ കലൂര്‍, പച്ചാളം മേഖലകളില്‍ ജലക്ഷാമം രൂക്ഷമായി. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രമാണ് മിക്ക വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏക ആശ്രയം. ജല വിതരണം തടസപ്പെട്ടതോടെ സ്വകാര്യ ജലവിതരണക്കാരെ ആശ്രയിക്കുകയാണ് ഇവര്‍. എന്നാല്‍ അമിത വിലയും സമയത്ത് വെള്ളം ലഭ്യമല്ലാത്തതും പ്രതിസന്ധിയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: