കൊല്ലം: സിപിഎമ്മില്ലാത്ത ഇടതുപക്ഷത്തിനായി പരിശ്രമിക്കുമെന്ന പ്രഖ്യാപനവുമായി ആര്‍എസ്പി പുനരേകീകരണം. പറയുന്നതും ചെയ്യുന്നതും തമ്മില്‍ പുലബന്ധമില്ലാത്ത സിപിഎമ്മാണ് ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിക്ക് കാരണമെന്ന് പുനരേകീകരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന് പറഞ്ഞു.
ആശ്രയമില്ലാത്തവരുടെയും നിരാലംബരുടെയും കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നാണ് പഠിച്ചിട്ടുള്ളത്. എ.കെ.ജിയുടെയും നായനാരുടെയും പാര്‍ട്ടിയായ സിപിഎം ഇപ്പോള്‍ മുതലാളിമാര്‍ക്ക് വേണ്ടി ജാഥ നടത്തുന്ന പാര്‍ട്ടിയായി മാറി. ആ പാര്‍ട്ടിയുടെ സമകാലിക നേതാക്കളെ ഇനിയും വിശ്വസിച്ചാല്‍ ആപത്തായിരിക്കും ഫലം. മുഖംപോലും കണ്ടാല്‍ ഭയമാണ്. പറയുന്ന ഭാഷ കേട്ടാല്‍ അറപ്പും. എന്നിട്ടും വിനയത്തോടെയാണ് സംസാരിക്കുന്നതെന്ന് വീമ്പടിക്കുന്നു. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലാതായെന്നാണ് ആര്‍എസ്പി കേന്ദ്രനേതൃത്വം ഇപ്പോള്‍ ചിന്തിക്കുന്നത്.
സിപിഎമ്മില്ലാത്ത ഇടതുപക്ഷ കൂട്ടായ്മക്ക് ആര്‍എസ്പി ശ്രമിക്കും. കേന്ദ്രത്തില്‍ ഭരണം കയ്യടക്കാനല്ല, മറിച്ച് സ്വന്തം പാര്‍ട്ടിക്ക് പ്രാദേശിക പാര്‍ട്ടികളുടെ ദയവില്‍ ഓരോ സംസ്ഥാനത്തും സിപിഎമ്മിന് സീറ്റ് തരപ്പെടുത്താനാണ് പ്രകാശ് കാരാട്ട് മൂന്നാംമുന്നണിയുണ്ടാക്കിയത്. കേരളത്തില്‍ ആര്‍എസ്പിയെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനുമായിരുന്നു സിപിഎമ്മും സിപിഐയും ശ്രമിച്ചത്. കേരളത്തിലെടുത്ത തീരുമാനം ശരിക്കും ചൂതാട്ടമായിരുന്നു. അത് പരാജയപ്പെട്ടിരുന്നെങ്കില്‍ ആര്‍എസ്പി എന്ന പ്രസ്ഥാനമേ ഇല്ലാതായേനെ. നാല് പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷം എന്ന പേരില്‍ അറിയപ്പെടുന്നത്. അതിപ്പോള്‍ ബംഗാളിലും ത്രിപുരയിലും മാത്രമേയുള്ളൂ.പ്രായോഗികരാഷ്ട്രീയത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സിപിഎമ്മിന് ശരിയായ ഇടതുപക്ഷമാകാന്‍ കഴിയില്ല.
ആര്‍എസ്പി എക്കാലത്തും സിപിഎമ്മിനും സിപിഐക്കും കണ്ണിലെ കരടായിരുന്നു. ആത്മവഞ്ചന നടത്തുന്ന സിപിഎമ്മിനെ ജനം കയ്യൊഴിഞ്ഞിരിക്കുന്നു. ഇനി പൂര്‍ണമായും കൈവിടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ കാണാനാകും. പ്രാഥമികസംസ്കാരം പോലുമില്ലാത്തയാള്‍ പാര്‍ട്ടി സെക്രട്ടറിയായ സിപിഎം തൊഴിലാളികളെയും ജനത്തെയും കബളിപ്പിക്കുകയാണ്. അത്തരത്തിലുള്ള സിപിഎമ്മിന്റെ വാലായി കോമാളിത്തം കാണിക്കുകയാണ് ആണും പെണ്ണും കെട്ടയാള്‍ നേതൃത്വം നല്കുന്ന സിപിഐയെന്നും ടി.ജെ.ചന്ദ്രചൂഡന് കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷനായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന് എംപി, എ.എ.അസീസ് എംഎല്‍എ, അഡ്വ.ഫിലിപ് കെ.തോമസ്, കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, വാസുപിള്ള, കെ.സിസിലി, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ബംഗാള്‍ ഘടകം നേതാവ് സുകുമാര്‍ ഘോഷ്, തമിഴ്നാട് ഘടകം നേതാവ് ലെനിന് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: