ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാ കൂട്ടാന്‍ സഹായം തേടി ഇന്ത്യ റഷ്യയെ സമീപിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ ദുരന്തം മുന്നില്‍ കണ്ടാണിത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ആവശ്യകത ഇന്ത്യക്കുണ്ടെന്നും, കൂടംകുളം ആണവ നിലയത്തിന് നാല് തരത്തിലുള്ള സുരക്ഷാ ചാനലുകള്‍ ആവശ്യമെന്നും റഷ്യ വ്യക്തമാക്കി.
ആണവനിലയത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയുണ്ടായാല്‍ സുരക്ഷാ ചാനലുകള്‍ ഉടന്‍ പ്രവര്‍ത്തിക്കുമെന്നും റിയാക്ടറിനെ തണുപ്പിക്കാനുള്ള ജല ലഭ്യത ഈ സംവിധാനം ഉറപ്പു വരുത്തുമെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. പ്രതിസന്ധിയുണ്ടാവുന്ന സാഹചര്യങ്ങളില്‍ വളരെ പെട്ടെന്നു തന്നെ റിയാക്ടറുകളെ തണുപ്പിക്കാന്‍ കഴിയുന്നതാണ് ചാനല്‍ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ആണവ നിലയമാണ് കൂടംകുളമെന്നും റഷ്യയുടെ ഡെപ്യൂട്ടി ചീഫ് ഡിസൈനര്‍ മികായേല്‍ ബൈകോവ് പറഞ്ഞു. തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം റഷ്യന്‍ സഹായത്തോടെ 17,200 കോടി രൂപ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആണവനിലയത്തിലെ ഒന്നും രണ്ടും യൂണിറ്റുകളിലെ റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നും നാലും റിയാക്ടറുകള്‍ നിര്‍മ്മിക്കാനുള്ള ഉടമ്പടിയില്‍ ഇന്ത്യ നേരത്തെ ഒപ്പുവെച്ചിരുന്നു. ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ പൂര്‍ണ തോതിലുള്ള ഉദ്പാദനം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റിയാക്ടറില്‍ ഉദ്പാദനം ആരംഭിച്ചത്. റിയാക്ടറില്‍ പൂര്‍ണ തോതിലുള്ള ഉദ്പാദനം ലഭിച്ച വിവരം കഴിഞ്ഞയാഴ്ചയാണ് അധികൃതര്‍ പുറത്തുവിട്ടത്. രണ്ടാമത്തെ റിയാക്ടറില്‍ ഈ വര്‍ഷം തന്നെ പൂര്‍ണ തോതിലുള്ള ഉദ്പാദനം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന ആണവ വിരുദ്ധ സമരം രണ്ടു വര്‍ഷമായി തുടരുകയാണ്. ആണവ നിലയം അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: