തിരുവനന്തപുരം: നഗരമധ്യത്തില്‍ ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഇന്ന് പുലര്‍ച്ചെ വന്‍ തീപിടിത്തം. സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും കത്തി നശിച്ചു. വിവരം ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചെങ്കിലും രാവിലെ 9 മണിവരെ ആരും തിരിഞ്ഞുനോക്കിയില്ല. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും കണക്കുകളുമെല്ലാം കത്തി ചാമ്പലായിപ്പോയി. ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയാവാം തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.
ഇന്ന് പുലര്‍ച്ചെ 3.10 നാണ് ഡയറക്ടറേറ്റിലെ ഒന്നാം നിലയിലുള്ള സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ തീ പടര്‍ന്നത്. ആ സമയം നൈറ്റ് ഡ്യൂട്ടിയിലുള്ള ഒരു ജീവനക്കാരന് മാത്രമേ അവിടുണ്ടായിരുന്നുള്ളൂ. അയാള്‍ വിവരം ഫയര്‍ സ്റ്റേഷനിലും പൊലീസിലും അറിയിച്ചതനുസരിച്ച് ഇവരെത്തി തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അവര്‍ക്ക് മറ്റ് മുറികളില്‍ തീ പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനായില്ല. പലവട്ടം ഡയറക്ടറെയും സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറേയും അറിയിച്ചെങ്കിലും അവരാരും തിരിഞ്ഞു നോക്കിയില്ല.
ഡി.സി.പി അജിതാ ബീഗം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തി തീ അണയ്ക്കലിന് നേതൃത്വം നല്‍കിയിരുന്നു. രാവിലെ 6 മണിയോടെയാണ് തീ അണച്ച് തീര്‍ന്നത്. ഫയലുകള്‍ മാത്രമല്ല, ഫര്‍ണിച്ചറുകളും കത്തി നശിച്ചതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: