ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച തുടങ്ങി. രാജ്യസഭയില്‍ രാജീവ് പ്രതാപ് റൂഡിയും ലോക്സഭയില്‍ മുക്താര്‍ അബ്ബാസ് നഖ്വിയുമാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി മാറി. കോണ്‍ഗ്രസിന് ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശമില്ലെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി മാറിയെങ്കിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായവും കേള്‍ക്കും. കോണ്‍ഗ്രസിനെ പോലൊരു ദേശീയ പാര്‍ട്ടിയെ പ്രാദേശിക പാര്‍ട്ടിയായി സ്വാഗതം ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. ഇത്തരം വലിയൊരു പതനത്തിലേക്ക് അവരെ നയിച്ചത് എന്താണ്? കഴിഞ്ഞ 65 വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനങ്ങള്‍ നിങ്ങളെ ശിക്ഷിച്ചതാണ്- റൂഡി പറഞ്ഞു.
നരേന്ദ്രമോദിക്കെതിരെ വിദ്വോഷം ഉണര്‍ത്താനുള്ള പ്രതിപക്ഷ നീക്കം ജനം തള്ളിക്കളഞ്ഞതായും റൂഡി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മൂന്ന് പാര്‍ട്ടികള്‍ തുടച്ചുമാറ്റപ്പെട്ടുവെന്ന് റൂഡി വ്യക്തമാക്കി. ബിജെപിയുടെ വോട്ടിങ് ശതമാനം ഇത്തവണ ഉയര്‍ന്നു. പ്രാദേശിക പാര്‍ട്ടിയെ പോലെയാണ് 44 എംപിമാരുമായി കോണ്‍ഗ്രസ് ഇത്തവണ ലോക്സഭയില്‍ എത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും കോണ്‍ഗ്രസിന് അര്‍ഹതയില്ല. എന്നാല്‍ ബിജെപി എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുമെന്നും മോദി വിശാല ഹൃദയനാണെന്നും രാജീവ് പ്രതാപ് റൂഡി നന്ദി പ്രമേയം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു.
രാജ്യത്തിന് ശക്തനായ നേതാവിനെ കിട്ടിയിരിക്കുകയാണെന്ന് പ്രമേയത്തെ പിന്തുണച്ചുകൊണ്ട് രാംവിലാസ് പാസ്വാന് പറഞ്ഞു. രണ്ട് ദിവസം നടക്കുന്ന ചര്‍ച്ചകള്‍ക്ക് നാളെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുകയും തുടര്‍ന്ന് പ്രമേയം പാസാക്കി സഭ പിരിയുകയും ചെയ്യും ബജറ്റ് സമ്മേളനത്തിനായി ജൂലൈ ആദ്യ വാരമാണ് സഭ വീണ്ടും സമ്മേളിക്കുക.
ബിഎസ്പി നേതാക്കളുടെ പ്രതിഷേധ പ്രകടനത്തോടെയാണ് ഇന്ന് സമ്മേളനം ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ ബലാത്സംഗങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ബിഎസ്പി നേതാവ് മായാവതി അഖിലേഷ് യാദവ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 മിനിട്ടോളം രാജ്യ സഭ നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: