കൊച്ചി/ പാലക്കാട്: ലൈംഗികാരോപണത്തിത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെയും വിമതനായി പാര്‍ട്ടി വിട്ട എം.ആര് മുരളിയേയും സിപിഎം തിരിച്ചെടുത്തു. ദല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായത്. മൂവാറ്റുപുഴ ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കമ്മറ്റിയാണ് ഇനി കോട്ടമുറിക്കലിന്റെ പ്രവര്‍ത്തന കേന്ദ്രം.മുരളിയടക്കം അറുപതു പേര്‍ക്ക് അംഗത്വം നല്‍കാനുള്ള തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കെ 2012 ജൂണിലാണ് ഗോപി കോട്ടമുറിക്കല്‍ ഒളി ക്യാമറ വിവാദത്തില്‍പ്പെട്ടത്. ജില്ലാ സെക്രട്ടറിയുടെ മുറിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സ്ഥാപിച്ച ഒളിക്യാമറയില്‍ ഒരു അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയയുടെ അവിഹിതബന്ധം പുറത്ത് വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയത്.
പാര്‍ട്ടിയില്‍ വിഎസ് പക്ഷത്ത് നിന്ന് പൊടുന്നനെ പിണറായി പക്ഷത്തേക്കുള്ള കോട്ടമുറിക്കലിന്റെ ചുവടുമാറ്റമാണ് വിനയായത്. വി.എസ്.അച്യുതാനന്ദന് സ്വാധീനമുള്ള ജില്ലാ കമ്മറ്റിയില്‍ കോട്ടമുറിക്കലിനെതിരെയുളള നീക്കം ശക്തമായിരുന്നു. ഓഫീസ് സെക്രട്ടറിയുടെ സഹായത്തോടെ വിഎസ് പക്ഷത്തെ പ്രമുഖരായിരുന്നു ഒളിക്യാമറക്ക് പിന്നില്‍. ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിഎസ് പക്ഷക്കാരായ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ. ചാക്കോച്ചന്, പി.എസ്.മോഹനന്, എം.പി പത്രോസ് എന്നിവരെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയിരുന്നു.
ഗോപി കോട്ടമുറിക്കലിനെ മാറ്റിയശേഷം എം.വി.ഗോവിന്ദനായിരുന്നു ജില്ലാ സെക്രട്ടറിയുടെ ചുമതല. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പിണറായി പക്ഷക്കാരനായ സി.എം.ദിനേശ് മണി ജില്ലാ സെക്രട്ടറിയായി. ഇതോടെ കോട്ടമുറിക്കലിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടി. ഇതിനിടെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടമുറിക്കല്‍ സംസ്ഥാന കമ്മറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മറ്റിയില്‍ കോട്ടമുറിക്കലിനെ തിരിച്ചെടുക്കുന്നതിന് ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര കമ്മറ്റി കോട്ടമുറിക്കലിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.മുരളിയടക്കമുള്ളവരെ തിരച്ചെടുക്കാന്‍ ഒറ്റപ്പാലം ഏരിയ കമ്മറ്റിയാണ് തീരുമാനിച്ചത്. തീരുമാനം ജില്ലാക്കമ്മറ്റിയും സംസ്ഥാനക്കമ്മറ്റിയും അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: