ആലപ്പുഴ: തിരക്കഥാകൃത്തും സംവിധായകനുമായ മുരളി നാഗവള്ളി (59) അന്തരിച്ചു. രാമങ്കരിയിലെ വസതിയായ നാഗവള്ളിയില് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. സംവിധായകന് പ്രിയദര്‍ശനൊപ്പം 15 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച അദ്ദേഹം വാണ്ടഡ്, അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പരേതനായ പ്രൊഫ. ഗോപിനാഥ മേനോന്റെയും രത്നാ ഭായിയുടെയും മകനാണ്. വേണുനാഗവള്ളിയുടെ പിതാവിന്റെ സഹോദരീ പുത്രനാണ് മുരളി. ഭാര്യ: പരേതയായ ഗീത മുരളി. മക്കള്‍: പാര്‍വതി, ഗോപീകൃഷ്ണന്. സഹോദരങ്ങള്‍: ജി. രാമചന്ദ്രന്, ആര്. ലക്ഷ്മി, പരേതനായ ജി. ശ്രീകുമാര്‍.
പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയില്‍ മുരളി നാഗവള്ളി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കക്കുയില്‍, മേഘം, കാലാപാനി, മിഥുനം, ഏയ് ഓട്ടോ, ലാല്‍ സലാം, സര്‍വ്വകലാശാല എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു മുരളി നാഗവള്ളി. ബാലചന്ദ്ര മേനോന്, വേണുനാഗവള്ളി എന്നിവരുടെയും അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കക്കുയിലിന് കഥയും അലക്സാണ്ടര്‍ ദി ഗ്രേറ്റിന് തിരക്കഥയും അദ്ദേഹം നിര്‍വഹിച്ചു. മല്ലിക ഷെറാവത് നായികയായ ഫൗജ് മേം മോജ് ആണ് മുരളിയുടെ ആദ്യ ഹിന്ദി ചിത്രം. പരേതനായ വേണു നാഗവള്ളിയുടെ ബന്ധുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: