ഹേഗ്: ലോകകപ്പ് ഹോക്കിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഓസ്ട്രേലിയയാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. നാല് ഗോളുകളും ആദ്യ പകുതിയിലാണ് ഇന്ത്യ വഴങ്ങിയത്. പൂള് എയില്‍ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ മൂന്ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മലേഷ്യക്കെതിരായ ഒരു വിജയവും സ്പെയിനിനെതിരായ ഒരു സമനിലയും മാത്രമാണ് സ്വന്തമായുള്ളത്.
അഞ്ച് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ 15 പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ സമഗ്രാധിപത്യം പുലര്‍ത്തി. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ഓസീസ് കരുത്തിനെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഓസ്ട്രേലിയ ലീഡ് നേടി. ക്ലരന് ഗോവേഴ്സാണ് സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ ഓസ്ട്രേലിയക്ക് ലീഡ് നേടിക്കൊടുത്തത്.
പിന്നീട് 16, 22 മിനിറ്റുകളില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ക്രിസ് സിറില്ലെയും 20-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ജെര്‍മി ഹെയ്വാര്ഡും ഓസ്ട്രേലിയക്കായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ ഒരു ഗോളെങ്കിലും മടക്കാനായി ഇന്ത്യ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഓസ്ട്രേലിയന്‍ പ്രതിരോധത്തെ മറികടക്കാനായില്ല.
മത്സരത്തിലുനീളം നാല് തവണ മാത്രമാണ് ഇന്ത്യക്ക് ഓസ്ട്രേലിയന്‍ ഗോള്‍മുഖത്ത് പന്തെത്തിക്കാന്‍ കഴിഞ്ഞത്. അതേസമയം ഓസ്ട്ര്യ 18 തവണയാണ് ഇന്ത്യന്‍ ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: