തിരുവനന്തപുരം: ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിന്റെ വിശദ ചര്‍ച്ചകള്‍ക്കായി ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങും. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക സാമ്പത്തിക പദ്ധതി ചര്‍ച്ചചെയ്യാന്‍ ചേരുന്ന സമ്മേളനം പക്ഷേ അധിക സമയവും ഭരണ-പ്രതിപക്ഷങ്ങളുടെ രാഷ്ട്രീയ വാക്പോരില്‍ മുങ്ങും. മുല്ലപ്പെരിയാര്‍ വിഷയത്തിനും പൊതുതെരഞ്ഞെടുപ്പവലോകനങ്ങളുടെ വിശദീകരണത്തിനുമുള്ള വേദിയായി മാറും സഭാതലമെന്നാണ് കരുതപ്പെടുന്നത്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങളും രാഷ്ട്രീയവിഷയങ്ങളുമായാണ് സമ്മേളനം ആരംഭിക്കുന്നത്. ആര്‍എസ്പി ഇടതുമുന്നണിവിട്ട് യുഡിഎഫിലെത്തിയതോടെ സഭയില്‍ അംഗസംഖ്യ വര്‍ധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സഭയ്ക്കകത്തും പുറത്തും സിപിഎമ്മിന് പ്രതിരോധ കവചം തീര്‍ത്ത ആര്‍എസ്പി വിട്ടതിന്റെ ക്ഷീണത്തിലാകും പ്രതിപക്ഷം.
സരിത.എസ്.നായര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിക്കെതിരെ നല്കിയ പരാതി പ്രതിപക്ഷത്തിന് പിടിവള്ളിയാകുമെങ്കിലും സമാന വിഷയത്തില്‍ ആരോപണം നേരിടേണ്ടി വന്ന ജോസ് തെറ്റയില്‍ പ്രതിപക്ഷത്തുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയവും പ്രേമചന്ദ്രന്റെ വിജയവും കോട്ടയത്ത് മാത്യു. ടി. തോമസിന്റെ പരാജയവും കോണ്‍ഗ്രസിന് രാഷ്ട്രീയ വാക്പോരാട്ടത്തില് സഭയില്‍ ആയുധങ്ങളാവും.
ബഡ്ജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് നിശ്ചയിച്ചിട്ടുളളത്. ആദ്യദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രമേയം അവതരിപ്പിക്കും. ഏഴ് ദിവസം നിയമനിര്മ്മാണകാര്യത്തിനും അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചക്കും ഒരു ദിവസം ബഡ്ജറ്റിന്റെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കും വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണ് പരിഗണനക്ക് വരാനുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിന്റെ വകുപ്പ് തിരിഞ്ഞുള്ള വിശദമായ ചര്‍ച്ചയാണ് ഇത്തവണ നടക്കുന്നത്. ഇതിന് 13 ദിവസം വേണ്ടി വരും. തുടര്‍ന്ന് അധിക ധനാഭ്യര്‍ത്ഥനകള്‍ പാസാക്കണം. കഴിഞ്ഞ വര്‍ഷം ബജറ്റ് ചര്‍ച്ച രണ്ടു മൂന്നു ദിവസം പുരോഗമിച്ചപ്പോഴാണ് സരിതാ വിഷയം വന്നു വീണതും സഭ അലങ്കോലമായതും. അന്ന് ചര്‍ച്ച വെട്ടിച്ചുരുക്കി ധനാഭ്യര്‍ത്ഥനകള്‍ ഒന്നിച്ച് ഗില്ലറ്റിന് ചെയ്യേണ്ടി വന്നു. 28 നാള് നീളുന്നസമ്മേളനകാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്. ഏഴു ദിവസം നിയമ നിര്‍മ്മാണത്തിനും മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്കുന്നതുപോലുള്ള സുപ്രധാന ബില്ലുകളും സഭയിലെത്തും.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: