തിരുവനന്തപുരം: പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളുടെ നിര്‍മാണ പ്രവര്‍ത്തനവും പുതിയ വൈദ്യുതി പദ്ധതികളും ഇഴയുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന തിരുനെല്‍വേലി-ഇടമണ്‍-കൊച്ചി 400 കെ.വി ലൈന്‍ ഇഴയുന്നതാണ് ബോര്‍ഡിന് മുന്നിലുള്ള വലിയ വെല്ലുവിളി. ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ തിരുനല്നേലി-ഉദുമല്പേട്ട്-അരീക്കോട്-മാടക്കത്തറ ലൈന്‍ വഴിയാണ് ബോര്‍ഡ് ഇപ്പോള്‍ പുറത്തുനിന്നും വൈദ്യുതി എത്തിക്കുന്നത്. പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാകാത്തതിനാല്‍ സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിനേരിടേണ്ടി വരുമെന്നാണ് വൈദ്യുത ബോര്‍ഡും വ്യക്തമാക്കുന്നത്.
ഇടമണ്വഴി വൈദ്യുതി എത്തിക്കുന്നതിനേക്കാള്‍ 247 കിലോമീറ്റര്‍ കൂടുതലാല്‍ പ്രസരണ നഷ്ടവും കൂടുതലാണ്. പത്തനംതിട്ടയുടെ ചിലഭാഗങ്ങളിലും കോട്ടയത്തും ലൈനിന്റെ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. വെദ്യുതി കൊണ്ടുവരുന്ന ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പ്രാദേശിക എതിര്‍പ്പുകാരണം ഭൂമി ലഭിച്ചിട്ടില്ല. ലൈന്‍ പൂര്‍ത്തിയായില്ലെങ്കില്‍ പുറത്തുനിന്നും വൈദ്യുതി എത്തിക്കാന്‍ ഭാവിയില്‍ സംസ്ഥാനത്തിന് കഴിയില്ല. മൈസൂര്‍-അരീക്കോട് ലൈനും ഇതേ പ്രശ്നത്താല്‍ മുടങ്ങികിടക്കുകയാണ്. ഇന്ത്യയെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ദേശീയ വൈദ്യുതി ലൈനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ കേരളം ഈ ലൈനുകളുടെ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.
വൈദ്യുതി പദ്ധതികള്‍ വിവിധ പ്രശ്നങ്ങളാല്‍ മുടങ്ങികിടക്കുന്നതും ബോര്‍ഡിന് തലവേദനയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണ്ടവയാണ് മിക്ക പദ്ധതികളും. എന്നാല്‍ പെട്രോളിയം ഉത്പന്നമായ പെറ്റ്കോക്ക് ഇന്ധനമാക്കി കൊച്ചിയില്‍ ലക്ഷ്യമിട്ടിരിക്കുന്ന വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഭാരത് പെട്രോളിയം കെമിക്കല്‍സില്‍ നിന്ന് പുറംതള്ളുന്ന പെട്രോളിയം കോക്ക് ഇന്ധനം ഉപയോഗപ്പെടുത്തി 500 മെഗാവാട്ട് നിലയം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.
ഫാക്ട് പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഭൂമി വിട്ടുകിട്ടുന്നതിനായി ഉടന്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. വിശദമായ കത്ത് ഉടന്‍ പ്രധാനമന്ത്രിക്ക് നല്‍കും. വൈദ്യുതി ആവശ്യകത വര്‍ധിച്ചു വരികയും പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ നിലയങ്ങള്‍ ഉടന്‍ തുടങ്ങണമെന്ന് കെഎസ്ഇബി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ചെലവ് കുറവ് ഹൈഡല്‍ പദ്ധതികള്ക്കാണെങ്കിലും രൂപം നല്കിയ പദ്ധതികളെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളില്‍ തടസപ്പെടുന്നതിനാല്‍ മറ്റുവഴികള്‍ തേടുകയാണ് കെഎസ്ഇബി.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: