മലപ്പുറം: കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റിയ മലപ്പുറത്തുകാരുടെ ഇനിയുള്ള കാത്തിരിപ്പ് ബ്രസിലീല്‍ പന്തുരുളുന്നത് കാണാന്‍. അങ്ങകലെ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ആഴ്ചകള്‍ക്കു മുമ്പ് തന്നെ മലപ്പുറത്തുകാര്‍ ആരവങ്ങള്‍ ഉയര്‍ത്തി തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ വഴിയോരങ്ങളിലെ പ്രചരണബോര്ഡുകള്ക്ക് പകരമായി അവിടെ ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന ടീമുകളുടെ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു. വിവിധ ടീമുകളുടെ കൊടികളും വമ്പന്‍ ഫ്ലക്സ് ബോര്‍ഡുകളും താരങ്ങളുടെ ഭീമന് കട്ടൗട്ടുകളുമാണ് മലപ്പുറത്തെ ചെറുതും വലുതുമായ പട്ടണങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ഇപ്പോള്‍ അലങ്കരിക്കുന്നത്.
ബ്രസീലിനും അര്‍ജന്റീനയ്ക്കുമാണ് ജില്ലയില്‍ കൂടുതല്‍ ആരാധകര്‍ ഉള്ളതെങ്കിലും ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്, ഇറ്റലി, ഹോളണ്ട് തുടങ്ങി ലോകകപ്പില്‍ മത്സരിക്കുന്ന 32 ടീമുകളുടെയും ആരാധകരെ മലപ്പുറത്ത് കാണാം. കപ്പ് ആരു നേടുമെന്ന കാര്യത്തില്‍ ആരാധകര്‍ നടത്തുന്ന വാക്പ്പയറ്റുകളാണ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഫ്ലക്സ് ബോര്‍ഡുകളില്‍ കാണാന്‍ കഴിയുന്നത്. പൂരവും പൂരപ്പറമ്പും ഞങ്ങളുടേതാണെന്നും പൂരം കാണാന്‍ വരുന്നവര്‍ അത് കണ്ട് പോയാല്‍ മതിയെന്നുമാണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച ഒരു ബോര്‍ഡിലുള്ള വാക്കുകള്‍. കളി എവിടെ നടന്നാലും കപ്പ് ഞങ്ങള്‍ തന്നെ നേടുമെന്നാണ് ഇതിന് അര്‍ജന്റീന ആരാധകര്‍ നല്കുന്ന മറുപടി. നെയ്മറും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെലെയുമെല്ലാം മലപ്പുറത്തുകാര്ക്കിപ്പോള് സ്വന്തക്കാരാണ്.
ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത് ബ്രസീലിലാണെങ്കിലും അത് സ്വന്തം നാട്ടില്‍ നടക്കുന്ന പ്രതീതിയിലാണ് മലപ്പുറത്തുകാര്‍. ലോകകപ്പ് ഫുട്ബോള്‍ മത്സരം വിളംബരം ചെയ്ത് ജലഘോഷയാത്ര മുതല്‍ സൗഹൃദ ഫുട്ബോള്‍ മത്സരം വരെ മലപ്പുറത്തെ ഫുട്ബോള്‍ ആരാധകര്‍ നടത്തിക്കഴിഞ്ഞു. സ്വന്തം ടീമുകളുടെ പ്രചരണത്തിനായും ആരാധകരെ കൂട്ടുന്നതിനായും പുതിയ എന്തെല്ലാം തന്ത്രങ്ങള്‍ മെനയാമെന്ന അവസാനവട്ട ചിന്തയിലാണ് പലരും. അതിന്റെ ഭാഗമായാണ് മെസ്സിയുടെയും നെയ്മറുടെയുമെല്ലാം കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്നത്.
ആരാധകരുടെ മത്സരത്തിന് കൊഴുപ്പേകാന്‍ ആഴ്ചകള്‍ക്കു മുമ്പ്തന്നെ വിവിധ ടീമുകളുടെ ജഴ്സിയുടെ മാതൃകയിലുള്ള ടീ ഷര്‍ട്ടുകളും തൊപ്പികളും പതാകകളും കടകളില്‍ എത്തിയിരുന്നു. ടീ ഷര്‍ട്ടുകള്‍ക്കൊപ്പം വിവിധ നിറത്തിലുള്ള കൃത്രിമ തലമുടിയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. കടകളിലും വാഹനങ്ങളിലുമെല്ലാം വിവിധ ടീമുകളുടെ പതാകകള്‍ വെച്ചിരിക്കുന്നത് കാണാം. ചിലരാകട്ടെ സ്വന്തം വാഹനങ്ങളുടെ നിറം തന്നെ മാറ്റി ഇഷ്ട ടീമുകളുടെ നിറം പൂശിയിരിക്കുകയാണ്.
കാലവര്‍ഷത്തിന്റെ തുടക്കമായതിനാല്‍ വൈദ്യുതി ഒളിച്ചുകളിക്കുമോ എന്ന സംശയം ഉള്ളതിനാല്‍ ഒന്നിച്ചിരുന്നു കളികാണുന്നതിനുള്ള സൗകര്യം ഒരുക്കാനാണ് മിക്ക ആരാധകരുടെയും പദ്ധതി. ആഘോഷങ്ങളും ആരവങ്ങളുമായി മലപ്പുറത്തുകാര്‍ ഒരുങ്ങിക്കഴിഞ്ഞു ലോകകപ്പ് മത്സരങ്ങള്‍ക്കായി. ഇനി ഒരു മാസക്കാലം ഉറക്കമില്ലാത്ത രാത്രികള്‍.
പി. ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: