കൊച്ചി: പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള നിരോധനം കടലാസില്‍ മാത്രം. ജില്ലയില്‍ ലഹരിവസ്തുക്കള്‍ അടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭം. ഹാന്‍സ്, പാന്‍പരാഗ് ഉള്‍പ്പെടെ സംസ്ഥാനത്ത് നിരോധിക്കപ്പെട്ട ലഹരിവസ്തുക്കള്‍ ജില്ലയില്‍ എവിടെയും ലഭ്യമാകുന്നു. സ്കൂള്‍ പരിസരത്ത് വരെ ഹാന്‍സ് ലഭിക്കുന്നു. എന്നാല്‍ വില നാലിരട്ടിയാണെന്ന് മാത്രം. ഒരു പാക്കറ്റിന് രണ്ട് രൂപക്ക് വിറ്റിരുന്ന ഹാന്‍സ് 20 നും 30 നുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
സംസ്ഥാനത്ത് നിരോധിക്കുന്നതിന് മുമ്പ് പാന്‍പരാഗ് ഒരു പാക്കറ്റിന് ഒരു രൂപയായിരുന്നു വിപണിയിലെ വില. എന്നാല്‍ ഇപ്പോള്‍ ലഭിക്കണമെങ്കില്‍ 15 രൂപ വരെ നല്‍കണം. പോലീസും എക്സൈസും പുകയില നിയന്ത്രണ സ്ക്വാഡും ചിലയിടങ്ങളില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നില്ലെന്ന് മാത്രമാണ് നിരോധനം കൊണ്ട് ഉണ്ടായ ഏക ഗുണം. എന്നാല്‍ ലഹരിവസ്തുക്കള്‍ അടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിനുശേഷം ഉപഭോഗത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കൂടുതല്‍. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ഹാന്‍സ് കൂടുതല്‍ ഉപയോഗിക്കുന്നത് ഡ്രൈവര്‍മാരാണ്. പ്രത്യേകിച്ച് രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍. ഹാന്‍സ് ഉപയോഗിച്ചാല്‍ വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനിടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കിയതോടെ ഒരു ലഹരിക്കായി പല ഡ്രൈവര്‍മാരും ഇപ്പോള്‍ ഹാന്‍സിനെയാണ് ആശ്രയിക്കുന്നത്. ഹാന്‍സ് ഉപയോഗിച്ചാല്‍ അത്യാവശ്യം ലഹരി ഉണ്ടാകുമെന്നും എന്നാല്‍ പോലീസിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഇത് കൂടാതെ ബാറുകള്‍ അടഞ്ഞതോടെ മറ്റ് ലഹരി വസ്തുക്കളിലേക്ക് തിരിഞ്ഞവരുടെ എണ്ണവും വര്‍ധിച്ചതായി പറയുന്നു.
പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് പോലീസും എക്സൈസും പറയുമ്പോഴും വില്‍പ്പന വര്‍ധിക്കുന്നതല്ലാതെ ഒരിടത്തും കുറഞ്ഞ് കാണുന്നില്ല. പലപ്പോഴും റെയ്ഡുകള്‍ ഫലപ്രദമാകുന്നില്ല. പെട്ടിക്കടകള്‍ തുടങ്ങി ആയുര്‍വേദ മരുന്ന് വില്‍പ്പന കടകളില്‍വരെ പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമുള്ള ഒരു പെട്ടിക്കടയില്‍ ഹാന്‍സ് മാത്രം വില്‍പ്പനയില്‍നിന്ന് ലഭിക്കുന്നത് ഒരു ദിവസം രണ്ടായിരം രൂപയില്‍ കൂടുതലാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ വില്‍പ്പന ഇതിലും കൂടുതലാണ്. ഈ ദിവസങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ടൗണിലേക്ക് എത്തുന്നത്. ഇടക്കിടെ ചിലയിടങ്ങളില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നതിനാല്‍ പണ്ടത്തെപ്പോലെ സുതാര്യമല്ല വില്‍പ്പന. ഹാന്‍സ് വാങ്ങുന്നതിന് പ്രത്യേക കോഡ് ഉണ്ട്. ആദ്യം ഇരുപത് രൂപ വില്പ്പനക്കാരന് നല്‍കിയിട്ട് ഒരു ‘സാധനം’ എന്ന് പറഞ്ഞാല്‍ ഉടനെ ഹാന്‍സ് ലഭ്യമാകും. അല്ലാതെ ഒരു കടയില്‍ ചെന്നും ഹാന്‍സ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും മറുപടി. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഈ കോഡിന്റെ ആവശ്യം ഇല്ല.
അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ് ജില്ലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ആലുവ, പെരുമ്പാവൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ എത്തുന്നത്. ട്രെയിന്‍ വഴിയാണ് കേരളത്തിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കൂടുതലായും എത്തുന്നത്. നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ഈ വക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ലാഭം മൂന്നിരട്ടിയായി വര്‍ധിച്ചതാണ് കച്ചവടക്കാരെ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് വീണ്ടും പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: