മ്യൂണിക്ക്: ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വില്ലനാവുന്നത് താരങ്ങളുടെ പരിക്ക്. കഴിഞ്ഞ ദിവസം ഫ്രഞ്ച് താരങ്ങളായ ഫ്രാങ്ക് റിബറിയും, മിഡ്ഫീല്‍ഡര്‍ ക്ലെമന്റ് ഗ്രെയ്നറും ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ജര്‍മ്മനിയുടെ മാര്‍ക്കോ റൂസിനും ലോകകപ്പ് നഷ്ടമായി.
കഴിഞ്ഞ ദിവസം അര്‍മേനിയക്കെതിരായ സന്നാഹ മത്സരത്തിനിടെയാണ് ജര്‍മ്മനിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരവുമായ റൂസിന് കണങ്കാലിന് പരിക്കേറ്റത്. മൂന്നാം ലോകകിരീടം തേടി ബ്രസീലിലെത്തുന്ന ജര്‍മ്മനിക്ക് റൂസിന്റെ പരിക്ക് തീരാനഷ്ടം തന്നയാണ്. നേരത്തെ മിഡ്ഫീല്‍ഡര്‍ ലാര്‍സ് ബെന്ററിന്റെ സേവനവും പരിക്കിനെ തുടര്‍ന്ന് ജര്‍മ്മനിക്ക് നഷ്ടപ്പെട്ടിരുന്നു. ഋസിന് പകരമായി സാംപദോറിയയുടെ പ്രതിരോധനിര താരം സ്കോഡ്രാന്‍ മുസ്തഫിയെ ടീമിലെടുത്തിട്ടുണ്ട്. 2011-ല്‍ ജര്‍മ്മന്‍ ദേശീയ കുപ്പായമണിഞ്ഞ റൂസ് 21 മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഇത്തവണത്തെ യോഗ്യതാ റൗണ്ടില്‍ ആറ് മത്സരങ്ങളില്‍ കളിച്ച റൂസ് അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തു.
















