ന്യൂദല്‍ഹി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവാണ് ലോക്സഭാ സപീക്കര്‍ സുമിത്രാ മഹാജന്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചാണ് ലോക്സഭയില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ പ്രാവശ്യം (എട്ട് തവണ) ലോക്സഭ അംഗമാകുന്ന വനിതയാണ് സുമിത്ര.
1965 ല്‍ വിവാഹശേഷം രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ച സുമിത്ര 1984-1985 കാലഘട്ടത്തില്‍ ഇന്‍ഡോര്‍ മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി മേയറായി. 46-ാം വയസില്‍ 1989 ലെ തെരഞ്ഞെടുപ്പില്‍ പ്രകാശ് ചന്ദ് സേഥിയെ പരാജയപ്പെടുത്തി 9-ാം ലോക്സഭയിലെത്തി. ഒരുലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1991ലെ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചു. 1992 ല്‍ മധ്യപ്രദേശിലെ ബിജെപിയുടെ വൈസ്പ്രസിഡന്റായി. 1996,1998, 1999, 2004, 2009 എന്നീ വര്‍ഷങ്ങളിലും ലോക്സഭാഗംമായിട്ടുണ്ട്. 1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ് പേയി മന്ത്രിസഭയിലെ അംഗമായിരുന്നു.
മാനവശേഷി വികസനം, വാര്‍ത്താവിതരണം, ഐ ടി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ മഹാജന്‍, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സര്‍വ്വ സമ്മതയാണ് തായ് എന്ന് ഏവരും വിളിക്കുന്ന സുമിത്ര എന്നതാണ് അവരെ സ്പീക്കറാക്കാനുള്ള പ്രധാന കാരണം.
1943 ഏപ്രില്‍ 12ന് മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലനിലാണ് സുമിത്ര ജനിച്ചത്. ഇന്‍ഡോര്‍ എംപിയായിരുന്നു ജയന്ത് മഹാജനാണ് സുമിത്രയുടെ ഭര്‍ത്താവ്. രണ്ട് മക്കളുമുണ്ട്.
മഹാരാഷ്‌ട്രയില്‍നിന്ന് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന നാലാമത്തെയാളാണ് സുമിത്ര . ജയന്ദ് മഹാജനെ വിവാഹം ചെയ്തശേഷമാണ് ഇന്‍ഡോറിലേയ്‌ക്ക് താമസം മാറിയത്. ഗണേഷ് വാസുദേവ് മാവ്ലങ്കര്‍ ആയിരുന്നു മഹാരാഷ്‌ട്രയില്‍നിന്നുള്ള ആദ്യ സ്പീക്കര്‍. ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച് മുംബൈയില്‍ സ്ഥിരതാമസക്കാരനായിരുന്ന ഗണേഷ് 1952 മെയ് 15 മുതല്‍ 1956 ഫെബ്രുവരി 27 വരെ സ്പീക്കറായി തുടര്‍ന്നു. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ലോക്സഭയില്‍ എത്തിയത്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ ശിവ് രാജ് പാട്ടീലായിരുന്നു അടുത്ത സ്പീക്കര്‍. മറാത്‌വാഡ മേഖലയിലെ ലതൂരില്‍നിന്നുള്ള അംഗമായിരുന്നു പാട്ടീല്‍. 1991 ജൂലൈ 10 മുതല്‍ 1996 മെയ് 22 വരെയാണ് ലോക്സഭാ സ്പീക്കറായി സേവനം അനുഷ്ടിച്ചത്. ശിവസേന നേതാവ് മുരളി മനോഹര്‍ ജോഷിയായിരുന്നു ഏറ്റവും ഒടുവില്‍ മഹാരാഷ്‌ട്രയില്‍നിന്ന് സ്പീക്കറായത്. 2002 മെയ് 10 മുതല്‍ 2004 ജൂണ്‍ 2 വരെ. ഇപ്പോള്‍ നാലാമതായി സുമിത്ര മഹാജനും.
















