പാരീസ്: ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലും രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടും.
നദാല്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെയും ഡോകോവിച്ച് ലാത്വിയയുടെ ഏണസ്റ്റ് ഗുല്ബിസിനെയും തകര്‍ത്താണ് കലാശക്കളിക്ക് യോഗ്യത നേടിയത്. നദാലിന്റെ തുടര്‍ച്ചയായ അഞ്ചാം ഫൈനലാണിത്.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 2012ലെ ഫൈനലിസ്റ്റായ നൊവാക് ഡോകോവിച്ച് ഏണസ്റ്റ് ഗുല്‍ബിസിനെ കീഴടക്കിയത്. രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ 6-3, 6-3, 3-6, 6-3 എന്ന സ്കോറിനായിരുന്നു ഡോകോവിച്ച് എതിരാളിയെ കീഴടക്കിയത്.
മത്സരത്തിലുടനീളം ഏഴ് എയ്സുകളാണ് ഡോകോവിച്ച് ഉതിര്‍ത്തത്. ഡോകോവിച്ച് രണ്ടാം തവണയാണ് ഫ്രഞ്ച് ഒാപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
റോളണ്ട് ഗാരോസില്‍ ഒമ്പതാം കിരീടം ലക്ഷ്യമിട്ടെത്തിയ നദാല്‍ രണ്ടാം സെമിയില്‍ ഏഴാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറയെ നിലംപരിശാക്കിയാണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഫൈനലിലെത്തിയത്. ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട പോരാട്ടത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ വിജയമാണ് നദാല്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ഒരിക്കല്‍ പോലും നദാലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ആന്‍ഡിമുറെ 6-3, 6-2, 6-1 എന്ന സ്കോറിനാണ് കീഴടങ്ങിയത്. 2005-ല്‍ ഇവിടെ കിരീടം ചൂടിയശേഷം 2009-ല്‍ മാത്രമാണ് നദാലിന് ചാമ്പ്യനാവാന്‍ കഴിയാതിരുന്നത്.
ഇന്ന് നടക്കുന്ന വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ഏഴാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിടും.
















