ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നൈജീരിയയും പരിക്കിന്റെ പിടിയില്‍. അവരുടെ സ്ട്രൈക്കറും സിഎസ്കെ മോസ്കോയുടെ താരവുമായ അഹമ്മദ് മൂസക്കും ലെഫ്റ്റ്ബാക്കും മൊണാക്കോ താരവുമായ എല്‍ഡേഴ്സന്‍ എഷിജെയ്‌ലിനുമാണ് പരിക്കേറ്റത്. പിന്‍തുടയിലെ ഞെരമ്പിന് പരിക്കേറ്റ എല്‍ഡേഴ്സണും തുടയ്‌ക്ക് പരിക്കേറ്റ മൂസയും ഇന്ന് അമേരിക്കക്കെതിരെ നടക്കുന്ന അവസാന സന്നാഹ മത്സരത്തില്‍ കളിക്കില്ല. എന്നാല്‍ അഹമ്മദ് മൂസയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എത്രയും വേഗം എല്‍ഡേഴ്സന്‍ എഷിജെയ്‌ലിനോട് ഫിറ്റ്നസ് തെളിയിക്കാന്‍ ഈഗിള്‍സ് കോച്ച് സ്റ്റീഫന്‍ കെഷി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലേറിയ ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രതിരോധനിര താരം ജുവാന്‍ ഒഷാനിവ പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തില്‍ നൈജീരിയ ഗ്രീസുമായി ഗോള്‍രഹിത സമനില പാലിച്ചിരുന്നു. ഗ്രീസിനെതിരായ മത്സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ നിരാശയുണ്ടെങ്കിലും ഇന്ന് അമേരിക്കക്കെതിരെ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഈഗിള്‍സ് കോച്ച് സ്റ്റീഫന്‍ കെഷി പറഞ്ഞു.
ഗ്രൂപ്പ് എഫില്‍ അര്‍ജന്റീന, ബോസ്നിയ ഹെര്‍സെഗോവിന, ഇറാന്‍ എന്നിവര്‍ക്കെതിരെയാണ് നൈജീരിയയുടെ മത്സരങ്ങള്‍. ജൂണ്‍ 16ന് ആദ്യ മത്സരത്തില്‍ ഇറാനാണ് ഈഗിള്‍സിന്റെ എതിരാളികള്‍. 21ന് ബോസ്നിയക്കെതിരെയും 25ന് അര്‍ജന്റീനക്കെതിരെയുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍.
















